Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയംപുകഴ്ത്തൽ സ്വഭാവവൈകല്യമാകുമ്പോൾ?

638378146

ആരെയും വെറുപ്പിക്കുന്ന സ്വഭാവത്തിന്റെ ഉടമയാണ് എന്റെ ഭർത്താവ്. ആത്മപ്രശംസ നടത്തി മറ്റുള്ളവരെ ബോറടിപ്പിക്കും. വർത്തമാനം പറഞ്ഞു തുടങ്ങിയാൽ നിർത്തില്ല. താനാണു ലോകത്തിൽ ഏറ്റവും ബുദ്ധിശാലി, മറ്റുള്ളവർക്കെല്ലാം തന്റെ കഴിവിൽ തന്നോട് അസൂയയാണ് എന്നൊക്കെയാണ് ഇയാൾ ധരിച്ചുവച്ചിരിക്കുന്നത്. ഒരാളെ കൈയിൽ കിട്ടിയാൽ തന്റെ ഓഫിസിൽ താൻ നടത്തുന്ന വീരകൃത്യങ്ങളെപ്പറ്റി വീമ്പു പറഞ്ഞുകൊണ്ടിരിക്കും. ഒരുമാതിരി സ്ത്രീകളെല്ലാം തന്റെ ആരാധകരാണ് എന്നാണ് ആശാന്റെ വിചാരം. മറ്റുള്ളവരുടെ സംഭാഷണത്തിന്റെ ഇടയ്ക്കു കയറി തന്റേതായ അഭിപ്രായം പറയും. മറ്റുള്ളവർ തന്റെ അഭിപ്രായം അനുസരിച്ചില്ലെങ്കിൽ അവരോടു വലിയ പിണക്കമാകും. 

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധയാണ്. ഹെയർ ഡൈ, ഫേഷ്യൽ ഇവയൊക്കെ ചെയ്യാൻ സ്ത്രീകളേക്കാൾ ശ്രദ്ധയാണ്. ഇത്തരം പെരുമാറ്റങ്ങൾകൊണ്ടു മറ്റുള്ളവർ വെറുക്കും, ബോറടിക്കും എന്നൊക്കെ പറയാൻ ശ്രമിച്ചാൽ എന്നോടു ചൂടാകും. ഈയിടെ എന്റെ മൂത്ത സഹോദരന്റെ മകളുടെ കല്യാണം നടന്നു. അതിന് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും അവർ ഗൗനിച്ചില്ല എന്നു പറഞ്ഞു വലിയ പരിഭവത്തിൽ ആയിരുന്നു. വധു ഉടുക്കേണ്ട സാരി, കല്യാണ ഹാളിൽ നടത്തേണ്ട ഫ്ലവർ അറേഞ്ച്മെന്റ് ഇക്കാര്യങ്ങളിൽ ഒക്കെ ആവശ്യമില്ലാതെ അഭിപ്രായം പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല എന്നു സ്വയം മനസ്സിലാക്കുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള കമന്റുകൾ പറയും. ആരെയെങ്കിലും കണ്ടാൽ ‘ആകെ കറുത്തു പോയി, വയർ ചാടി, വണ്ണം കൂടി വൃത്തികേടായി’ എന്നൊക്കെ പറയും. ഈയിടെ എന്റെ ഒരു കൂട്ടുകാരിയുടെ കൗമാരക്കാരിയായ മകളെ കണ്ട് ഇത്തരം കമന്റുകൾ പറഞ്ഞിട്ട് ആ കുട്ടി ആകെ തകർന്നുപോയി എന്നു പറഞ്ഞ് അവളുടെ അമ്മ എന്നെ വിളിച്ചു കുറേ ഏറെ ചീത്ത പറഞ്ഞു. തമാശ പറഞ്ഞതാണ് എന്നു വളരെ ലാഘവത്തിലാണ് അദ്ദേഹം അതേപ്പറ്റി കരുതിയിരിക്കുന്നത്. എന്നാൽ ഈ മനുഷ്യനെപ്പറ്റി ആരെങ്കിലും ഒരു വിമർശനവും പറയുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കില്ല. പകയോടെ അവരോടു പകരം വീട്ടും. എന്തൊരു സ്വഭാവമാണിത്? ഞാൻ മടുത്തു. ഞാനും മക്കളും ഏതാണ്ട് വെറുത്തു തുടങ്ങി ഇദ്ദേഹത്തിനെ.

ഏറക്കുറെ എല്ലാ മനുഷ്യരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അവനവനെത്തന്നെയാണ്. സ്വയംമതിപ്പിനും ആത്മവിശ്വാസത്തിനും ജീവിതവിജയത്തിനും ഈ ആത്മപ്രണയം ഒരു പരിധിവരെ നല്ലതാണ്. പക്ഷേ, ഈ സ്വയംപ്രണയം അതിരു വിടുമ്പോൾ അതു മറ്റുള്ളവരിൽ വെറുപ്പും നിന്ദയും പരിഹാസവും ഉണ്ടാക്കും. ഈ അവസ്ഥയെ നാർസിസിസം (Narcissism) എന്നാണു പറയുന്നത്. സ്വയം കേന്ദ്രീകൃതവും സ്വാർഥവും ആയ ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളുമാണ് ഇത്തരക്കാരുടെ മുഖമുദ്ര. താൻ പ്രധാന ശ്രദ്ധാകേന്ദ്രം അല്ലാത്ത സന്ദർഭങ്ങളിൽ ഇവർ വളരെ അസന്തുഷ്ടർ ആയിരിക്കും. മറ്റുള്ളവരുടെ മുമ്പിൽ തിളങ്ങാനും വിളങ്ങാനും എന്താണു മാർഗം എന്ന ചിന്തയാണു പലപ്പോഴും ഇവരുടെ സംഭാഷണങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. 

പക്ഷേ, ഇത്തരം പെരുമാറ്റങ്ങൾ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വെറുപ്പ് ഇവർ തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം. തനിക്കു താൻ സ്വയം കൽപിച്ചു നിൽകിയിരിക്കുന്ന പ്രാധാന്യവും പ്രമാണിത്തവും മറ്റുള്ളവർ അംഗീകരിക്കാതെ വരുമ്പോൾ ഇവർക്കു കോപവും പകയും ഉണ്ടാകും. എല്ലായിടത്തും വിഐപി പരിഗണന ലഭിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിന് താൻ അർഹനാണ് എന്ന അമിതമായ ബോധ്യവും അവർക്കുണ്ട്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി സംസാരിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദന ഇവർ തിരിച്ചറിയുന്നില്ല. പക്ഷേ, ആരെങ്കിലും തന്റെ അമിതപ്രാധാന്യത്തിന്റെ ബലൂൺ കുത്തിപ്പൊട്ടിച്ചാൽ സഹിക്കാൻ പറ്റാത്ത വേദനയും കോപവും ആണ് ഇവർക്ക് ഉണ്ടാകുക.

അമിതമായ രീതിയിൽ ആത്മപ്രശംസ ഉണ്ടാകുന്നത് ഒരു വ്യക്തിത്വ വൈകല്യം തന്നെയാണ്- Neurotic Personality Disorder. തന്റെ ചിന്താഗതിക്കും പെരുമാറ്റങ്ങൾക്കും ഒരു കുഴപ്പവുമില്ല എന്ന് ഇവർ കരുതുന്നതുകൊണ്ടു ചികിൽസ ഒരു വെല്ലുവിളിയാണ്. ഇദ്ദേഹത്തിനു വിഷമമുണ്ടാകും എന്നു കരുതി ഇത്തരം പെരുമാറ്റശൈലിക്കു കീഴ്പെട്ടുകൊടുക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരണം. മക്കളെ കൂട്ടുപിടിക്കണ്ട. ഭാര്യ എന്ന നിലയിൽ ഉറച്ച നിലപാടുകൾ എടുത്ത് അദ്ദേഹത്തിന്റെ ശൈലികൊണ്ട് ഉണ്ടാകുന്ന പ്രയാസങ്ങൾ ഉദാഹരണസഹിതം വ്യക്തമാക്കിക്കൊടുക്കണം.

ഈ രീതികൾകൊണ്ട് എനിക്കു ബുദ്ധിമുട്ടുകൾ ഇല്ല എങ്കിലും മറ്റുള്ളവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതിനാൽ ഈ ശൈലി മാറ്റണം– മാറ്റിയേ പറ്റൂ എന്ന് അദ്ദേഹത്തെക്കൊണ്ടു ചിന്തിപ്പിക്കത്തക്ക രീതിയിൽ യുക്തിപൂർവം വാദിക്കണം. പക്ഷേ, ഇത്തരം വാദങ്ങൾ മറ്റുള്ളവരുടെ മുമ്പിൽവച്ച് ആകാതെ ശ്രദ്ധിക്കണം.

ഇങ്ങനെ ഒരു പരുവപ്പെടുത്തലിനുശേഷം വ്യക്തിത്വ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയവും നിപുണതയുമുള്ള ഒരു സൈക്യാട്രിസ്റ്റിനെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ കാണണം. എനിക്കല്ല കുഴപ്പം, നിനക്കാണു പ്രശ്നമെന്നു ഭർത്താവ് പറയാനുള്ള സാധ്യത ഏറെ ഉണ്ട്. തൽക്കാലം ആ മാറ്റം അംഗീകരിക്കുന്നതാകും ബുദ്ധി.  അവിടെ എതിർക്കാതെ ‘‘ശരി എനിക്കായിരിക്കും കുഴപ്പം, നമ്മൾ തമ്മിൽ പറയണ്ട. നമുക്ക് ഒരുമിച്ച് ഈ പ്രശ്നം ‍ഡോക്ടറോടു സംസാരിക്കാം. ഡോക്ടറുടെ അഭിപ്രായപ്രകാരം തീരുമാനിക്കാം’’ എന്ന നിലപാട് എടുക്കുക. ശ്രമകരമായ സൈക്കോ തെറപ്പി സെഷനുകളിൽകൂടി താങ്കളുടെ ഭർത്താവിനു തന്റെ പ്രശ്നത്തെപ്പറ്റി ഉൾക്കാഴ്ച ലഭിച്ചേക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോവുക. ഔഷധ ചികിൽസ ഇത്തരം കേസുകളിൽ കാര്യമായ പ്രയോജനം ചെയ്യില്ല.