Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൾ, മുഖം, ഗർഭപാത്രം: ട്രാൻസ്പ്ലാൻറ്റേഷനും പൊതു ചിന്തകളും

organ transplant

ഈയടുത്ത് വളരെ വാർത്താ പ്രാധാന്യം നൽകി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഒന്നാണ്, മരിച്ച ഒരാളിൽ നിന്നും ഗർഭപാത്രം എടുത്ത് വേറൊരു സ്ത്രീയിൽ വച്ചതും, അവർ ഈയടുത്ത് പ്രസവിച്ചതും.

ഇതിനു മുൻപ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ദാനം ചെയ്ത ഗർഭപാത്രം കൊണ്ട് ഗർഭം ധരിച്ചു പ്രസവിച്ച ഏതാനും സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് മരിച്ച ഒരു സ്ത്രീയുടെ ഗർഭപാത്രം ഇങ്ങനെ ഉപയോഗിക്കുന്നത് വിജയകരമാവുന്നത്. ഇന്ത്യയിൽ ഒരാശുപത്രിയിൽ ഗർഭപാത്ര ട്രാൻസ്പ്ലാൻറ്റേഷൻ ശസ്ത്രക്രിയ ഒരെണ്ണം നടന്നിട്ടുണ്ട്.

ജന്മനാല്‍ ഗർഭപാത്രം ഇല്ലാത്ത, അഥവാ തകരാറുകൾ ഉള്ള സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാവണമെങ്കിൽ ഇത് വരെ വാടക ഗർഭ പാത്രത്തെ ആശ്രയിക്കുക എന്നതേ മാർഗം ഉണ്ടായിരുന്നുള്ളൂ. അതായത് ഈ സ്ത്രീയുടെ അണ്ഡവും പങ്കാളിയുടെ ബീജവും തമ്മിൽ ചേർത്ത്, ഭ്രൂണത്തെ ഉണ്ടാക്കിയെടുത്ത്, അതിനെ വേറൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു വളർത്തുക എന്നതാണ് ആ രീതി. എന്നാൽ ഈയടുത്ത് ഇന്ത്യ വാടക ഗർഭപാത്രം എന്ന പരിപാടി നിരോധിച്ചു. അതായത് അവർക്ക് ട്രാൻസ്പ്ലാൻറ്റേഷൻ മാത്രമേ ഒരു വഴിയുള്ളൂ.

കുട്ടികൾ ഉണ്ടായിക്കഴിഞ്ഞ് ഗർഭപാത്രം എടുത്ത് മാറ്റാം എന്നതു കൊണ്ട് മറ്റു അവയവദാന പ്രക്രിയകളില്‍ നിന്നും വത്യസ്തമായി തുടര്‍ ചികിത്സയ്ക്കായി കൊടുത്ത് പോരുന്ന മരുന്നുകൾ പിന്നീട് നിർത്തുകയും ചെയ്യാം.

വാടക ഗർഭപാത്രം തന്നെ ആണ് നല്ല രീതി എന്ന് വാദിക്കുന്നവർ ഉണ്ട്. ശസ്ത്രക്രിയ, മരുന്നുകൾ, സങ്കീർണ ചികിത്സ എന്നിവ നോക്കുമ്പോൾ അതാണ് ഭേദം എന്ന് ഈ അഭിപ്രായമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഗർഭപാത്രം മാറ്റി വയ്ക്കൽ പുതിയ ഒരു മേഖല ആയ "കോമ്പസിറ്റ് ടിഷ്യൂ അല്ലോ ട്രാൻസ്പ്ലാന്റ്" എന്ന വിഭാഗത്തിൽ പെടും. ഇതേ വിഭാഗത്തിൽ വരുന്നവ:

∙ കൈകൾ
∙ മുഖം
∙ ശ്വസന നാളി
∙ പുരുഷ ലൈംഗിക അവയവം
∙ കാൽമുട്ട്

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളുടെ പട്ടിക നാഷണൽ ജോഗ്രഫിക് പ്രസിദ്ധീകരിച്ചതിൽ പതിനെട്ട് വയസ്സിൽ നടന്ന ഒരപകടത്തിൽ മുഖം പൂർണമായി തകർന്നു പോയ കാറ്റി എന്ന യുവതിയുടെ മുഖം ട്രാൻസ്പ്ലാന്റിലൂടെ പുനർനിർമിച്ച ഉജ്ജ്വലമായ ഒരു കഥ കാണാം. മുഖം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്ന കാറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി സ്വപ്നങ്ങൾ പിന്തുടരാനുള്ള ഒരുക്കത്തിലാണ്. മൂന്നു ദിവസം മുൻപ് മരണമടഞ്ഞ വദനദാതാവിൽ നിന്ന് 31 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഖം നീക്കിയെടുത്തത്.

നെറ്റി, കൺപോളകൾ, കൺകുഴികൾ, മൂക്ക്, ചുണ്ട്, വായ, കവിൾ, മോണകൾ, പല്ല്, മുഖ പേശികൾ ഇത്രയുമാണ് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ സൃഷ്ടിച്ചെടുത്തത്.

മുഖം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യയിൽ ഇത് വരെ നടന്നിട്ടില്ല. ലോകത്ത് ആകമാനം അൻപതോളം എണ്ണം നടന്നിട്ടുണ്ട്. അപകടം, തീപൊള്ളൽ എന്നിവ മൂലം മുഖം പുനർനിർമ്മിക്കാൻ ആവാത്ത വിധം തകർന്ന് ശരിയായി ശ്വാസം കഴിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത നിലയിൽ ഉള്ളവർക്കാണ് കൂടുതലും ഇത്തരം ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ളത്.

ഇത്തരം ട്രാൻസ്പ്ലാന്റുകളെ “റീ കൺസ്ട്രക്റ്റീവ്” അഥവാ പുനർനിർമാണ ട്രാൻസ്പ്ലാന്റുകൾ എന്നും പറയാറുണ്ട്. പുനർനിർമാണ വിദഗ്ധർ ആയ പ്ലാസ്റ്റിക് മൈക്രോ സർജൻമാരാണ് ഈ മേഖലയിലെ പ്രമുഖർ.

കൈകൾ ആണ് ഇതിൽ ഏറ്റവും കൂടുതൽ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്. നൂറ്റമ്പതിനടുത്ത് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലോകത്തിൽ ഇത് വരെ ചെയ്തിട്ടുണ്ട്. ആദ്യത്തെത് 1998 ൽ ഫ്രാൻസിൽ. ഇന്ത്യയിൽ ആദ്യമായി ചെയ്തത്, 2015 ൽ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു. ഈ സെന്ററില്‍ ഇത് വരെ അഞ്ചു പേർക്ക് കൈ മാറ്റി വച്ചിട്ടുണ്ട്. എല്ലാവരും രണ്ടു കയ്യും ഇല്ലാത്തവർ ആയിരുന്നു, ആകെ പത്തു കൈകൾ ആണ് മാറ്റി വയ്ക്കപ്പെട്ടത്‌.

അതി സങ്കീർണം ആണ് ഇത്തരം ശസ്ത്രക്രിയകൾ. വളരെ ചെറു രക്തക്കുഴലുകളും ഞരമ്പുകളും മറ്റും മൈക്രോസ്കോപ്പിനടിയിൽ വച്ച് ചേർക്കുന്നത് ഉൾപ്പെടെയുള്ള ദുർഘട സർജറികൾ പലപ്പോഴും പതിനഞ്ചു മുതൽ ഇരുപത്തഞ്ചു മണിക്കൂർ വരെ നീണ്ടേക്കാം. അതു കഴിഞ്ഞ് നമ്മുടെ പ്രതിരോധ വ്യവസ്ഥ അതിന് അന്യമായ അവയവത്തെ പുറന്തളളാതിരിക്കാൻ പ്രതിരോധ ശക്തിയെ മന്ദീഭവിപ്പിക്കുന്ന മരുന്നുകൾ കൊടുക്കണം.

മറ്റു പല അവയവമാറ്റങ്ങളുടെ വിഷയമെടുത്താൽ അവ ജീവൻ നിലനിർത്താൻ ഉള്ളതാണ്, എന്നാൽ പുനർനിർമാണ അവയവ മാറ്റങ്ങൾ അങ്ങനെ അല്ല. ബാക്കിയുള്ള ജീവിതം മൊത്തം മരുന്നുകൾ കഴിക്കണം. പാർശ്വ ഫലങ്ങൾ ഉണ്ടാവാം. ഇതൊക്കെ മനസ്സിലാക്കി സമ്മതം പൂർണമായും നൽകിയ രോഗികളിൽ മാത്രമേ ഇവ ചെയ്യാവൂ. ഈ സങ്കീർണതകൾ കൊണ്ടാവാം ഇന്ത്യയിൽ ഇത് വരെ രണ്ട് കയ്യും ഇല്ലാത്തവരിൽ മാത്രമേ കൈ മാറ്റ ശാസ്ത്ര ക്രിയ ചെയ്യപ്പെട്ടിട്ടുള്ളൂ.

അവയവ ദാനം - പൊതുവായ ചില ചിന്തകൾ
ജോസഫ് മുറേ എന്ന അമേരിക്കക്കാരനായ ഒരു പ്ലാസ്റ്റിക് സർജൻ രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിൽ തിരിച്ചെത്തി. മോഡേൺ മെഡിക്കൽ രംഗത്ത് അതിവേഗ കുതിപ്പുകളുടെ കാലമായിരുന്നു അന്ന്. മുറിഞ്ഞുപോയ രക്തക്കുഴലുകൾ തുന്നിച്ചേർക്കാമെന്നും അതിലൂടെ രക്തം വീണ്ടും ഒഴുക്കി കൈ കാലുകൾ സംരക്ഷിക്കാമെന്നും കണ്ടുപിടിക്കുന്നത് ആയിടെയാണ്. അലക്സാണ്ടർ കാരൽ എന്നൊരാൾ മൃഗങ്ങളിലാണ് ആദ്യം ഇത് ചെയ്തത്. കാരലിന് ഈ കണ്ടുപിടുത്തത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

വൃക്ക, കരൾ എന്നിവ പ്രവർത്തിക്കാത്തതു കാരണം അനേക രോഗികൾ മരിച്ചിരുന്നു. “എല്ലാ മനുഷ്യർക്കും രണ്ട് വൃക്കകളുണ്ട്. എന്തുകൊണ്ട് ഒരെണ്ണം ഇതുപോലെ വൃക്കരോഗം വന്ന് മൃതപ്രായനായ ഒരാൾക്ക് മാറ്റിവച്ചുകൂടാ? “ ഡോക്ടർ മുറേ അടക്കം ഒരുപാട് പേർ ഇതുപോലെ ചിന്തിച്ചു.

എന്തായാലും സാധ്യമാവില്ല… ഒരിക്കലും… ഇങ്ങനെയാണ് അന്ന് മിക്കവരും വിചാരിച്ചിരുന്നത്.

ഒരു ആർട്ടറി, ഒരു വെയിൻ – അങ്ങനെ രണ്ട് രക്തക്കുഴലുകൾ യോജിപ്പിച്ചാൽ രക്തയോട്ടം നടക്കും. പക്ഷേ അതിസൂക്ഷ്മ ഞരമ്പുകൾ, ലിംഫ് കുഴലുകൾ എന്നിവ?! മാത്രമല്ല, മറ്റൊരാളുടെ അവയവത്തെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ബാക്ടീരിയകളെ എന്നതുപോലെ ആക്രമിച്ച് പുറന്തള്ളും. അതിനെന്തു ചെയ്യും?

ജോസഫ് മുറെ കൈവിട്ടില്ല. അദ്ദേഹം മൃഗപരീക്ഷണശാലയിലേക്ക് കടന്നു. പന്നികളുടേയും മറ്റും ഒരു വൃക്ക എടുത്തു മാറ്റും. എന്നിട്ടുടൻ തന്നെ രക്തക്കുഴലുകൾ വീണ്ടും തിരിച്ചുചേർക്കും. അങ്ങനെ ആ ശസ്ത്രക്രിയയിൽ വിദഗ്ധനായി. ഒരു പ്രാവശ്യം മൃഗത്തിന്റെ രണ്ട് വൃക്കകളും എടുത്തുമാറ്റി. ഒരെണ്ണം തിരിച്ച് രക്തക്കുഴലുകൾ യോജിപ്പിച്ച് പിടിപ്പിച്ചു. മൃഗം ചത്തില്ല. – മൂത്രം ഒഴിക്കുന്നുമുണ്ട്! അങ്ങനെയാണ് ഇത് സാധ്യമാകും എന്ന് നമുക്ക് മനസ്സിലായത്. സൂക്ഷ്മ ഞരമ്പുകളും ലിംഫ് കുഴലുകളും ഒന്നും വേണ്ട. രക്ത ഓട്ടം മാത്രം മതി. വൃക്ക പ്രവർത്തിക്കാൻ.

അങ്ങനെ വീണ്ടും പരീക്ഷണങ്ങൾ. രോഗപ്രതിരോധ ശക്തിയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കും? ഇതും ആലോചിച്ചിരിക്കുമ്പോഴാണ് ഒരു കിഡ്നി ഫെയിലിറായ (ഗുരുതര വൃക്കരോഗം വന്ന് മരിക്കാറായ) ഒരു രോഗിയെ കാണുന്നത്. ബന്ധുക്കളുടെ കൂടെ അതാ രോഗിയുടെ ഫോട്ടോസ്റ്റാറ്റ് പോലെ വോറൊരുത്തൻ. ഇരട്ട സഹോദരനാണ്.

ഒരുപോലിരിക്കുന്ന ഇരട്ട സഹോദരന്മാരുടെ ജനിതകം ഒരുപോലിരിക്കും. ശരീരത്തിന്റെ പ്രതിരോധശക്തിക്ക് തിരിച്ചറിയാൻ പറ്റില്ല. ഡോക്ടറിന്റെ മനതാരിൽ ഒരു പില്ക്കാല സുപ്രസിദ്ധ ലഡു പൊട്ടി. സഹോദരന്റെ കിഡ്നിയെടുത്ത് രോഗിക്ക് വച്ചു. രോഗി ജീവിച്ചു. 1954-ലായിരുന്നു അത്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മറികടക്കുന്ന മരുന്നുകൾ വന്നതോടെ പതുക്കെ ഇത്തരം സർജറികൾ സാധാരണമായി.

അവയവദാന പ്രക്രിയകള്‍ക്ക് കടമ്പകള്‍ ഏറെയുണ്ട്, ഒന്നാമതായി ആരെങ്കിലും അവയവം കൊടുക്കാൻ റെഡിയാകണം. എന്തൊക്കെ പറഞ്ഞാലും ശസ്ത്രക്രിയയ്ക്ക് ചെറുതെങ്കിലും അപകട സാധ്യതയുണ്ട്. പാൻക്രിയാസ്, ഹൃദയം ഇവയൊന്നും എടുക്കാനേ പറ്റില്ല.

ബന്ധുക്കൾ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ?

അറിയുക – പരിചയമില്ലാത്ത ഒരാൾക്ക് അവയവം കൊടുക്കാം. 

ജീവനുള്ളവരില്‍ നിന്നും അവയവം സ്വീകരിക്കുന്ന ഇത്തരം അവസരങ്ങളില്‍ അവയവകച്ചവടം എന്നൊരപകടം പതിയിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഇത്തരം അധാര്‍മ്മിക പ്രവണതകളെ തടയാന്‍ നിയമ സംവിധാനങ്ങള്‍ നമ്മുടെത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവില്‍ വന്നു.

എഴുപതുകളോടെ കൃത്രിമ ശ്വാസോച്ഛ്വാസം, മറ്റു തീവ്രപരിചരണ പരിപാടികൾ എന്നിവയുടെ വളർച്ച മൂലം മസ്തിഷ്കം മരിച്ചു കഴിഞ്ഞാലും ചില രോഗികളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കും. ശ്വസനയന്ത്രം മാറ്റിയാലുടൻ രോഗി മരിക്കും. ചുമ, ഞരക്കങ്ങൾ, മറ്റനക്കങ്ങൾ– ഒന്നുമില്ല. മരണം തന്നെ – എന്നാൽ മരിച്ചിട്ടുണ്ടോ? അതാണ് ചോദ്യം.

എൺപതുകളോടെ ഒരു മാതിരി എല്ലാ ലോകവിദഗ്ധരും ഒന്നിച്ചു കൂടി മസ്തിഷ്കമരണത്തെ ശരിയായി നിർവചിച്ചു. അതോടെ ഇത്തരത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യരുടെ അവയവങ്ങൾ എടുക്കാം എന്ന നില വന്നു.

1994- ഓടെയാണ് ഇന്ത്യൻ ട്രാൻസ്പ്ലാന്റ് നിയമത്തിലൂടെ മസ്തിഷ്കമരണം ഇന്ത്യയിൽ നിർവചിക്കുന്നത്. അവയവമാറ്റ സർജറിയുമായി ഒരു ബന്ധവുമില്ലാത്ത നാല് ഡോക്ടര്മാർ (വിദഗ്ധർ) രണ്ടു പ്രാവശ്യം (സമയം ഇടവിട്ട്) കർശന വ്യവസ്ഥകളോടെയുള്ള പരിശോധനയിലൂടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്.

ഒന്നു നാമറിയണം. മസ്തിഷ്ക മരണം, മരണം തന്നെയാണ്. അവയവദാനത്തിന് ബന്ധുക്കൾ സമ്മതിച്ചില്ലെങ്കിൽ ശ്വസനയന്ത്രം മാറ്റും, മാറ്റണം. ഇല്ലെങ്കിൽ നിയമപ്രകാരം മരിച്ച ആളെയാണ് വെന്റിലേറ്ററിൽ ഇട്ടിരിക്കുന്നത്. ഇതുവരെ അങ്ങനൊരാൾ ജീവിച്ചുവന്നതായി ചരിത്രമില്ല. വെന്റിലേറ്ററിൽ തുടർന്നിട്ടാലും ക്രമേണ ഹൃദയവും നിൽക്കും. തീർച്ച. ഇങ്ങനെ ആലോചിക്കുമ്പോൾ മാത്രമേ മരണപ്പെട്ട രോഗിയിൽ നിന്ന് അവയവം എടുക്കുന്നതിലെ ശരി നമുക്ക് മനസ്സിലാവുകയുള്ളു.

ലോകമെമ്പാടുമുള്ള അവസ്ഥയെടുത്താലും ഇന്നു ജീവൻ നിലനിർത്തുവാൻ അവയവങ്ങൾ ആവശ്യമുള്ളവരുടെ എണ്ണം വളരെ വലുതാണ്. അവയവങ്ങളുടെ ലഭ്യത താരതമ്യേനെ കുറവാണ് . അവയവങ്ങൾക്കായി നീണ്ട വെയ്റ്റിംഗ് ലിസ്റ്റുകൾ എല്ലായിടത്തുമുണ്ട്. അമേരിക്കയിലെ കണക്കു വച്ചുതന്നെ ഈ വെയ്റ്റിംഗ് ലിസ്റ്റിലെ ഇരുപത് പേർ ദിനം പ്രതി മരിക്കുന്നു.

അവയവമാറ്റത്തിന് ബദലായി ഉപാധികള്‍ ഉണ്ടോ?

മൂലകോശങ്ങൾ ഉപയോഗിച്ചു അവയവം പുനർനിർമിക്കുക മുതൽ ജീവകോശങ്ങൾ ജൈവമഷിയായി (bioink ) 3D പ്രിന്റിങ് വഴി ത്രിമാന രൂപത്തിൽ "അച്ചടിച്ചെടുക്കുക "തുടങ്ങി പല തരം അവയവ പുനർനിർമാണ പരീക്ഷണങ്ങളും പ്രതീക്ഷ തരുന്നുണ്ടെങ്കിലും ട്രാൻസ്പ്ലാന്റേഷന് പകരമാവുന്ന സ്ഥിയിൽ സമീപഭാവിയിൽ എത്താൻ സാധ്യതയില്ല.

അപ്പൊ ഇനി എന്താണ് മാര്‍ഗ്ഗം?

പല രാജ്യങ്ങളും സുതാര്യതയും സുരക്ഷിതത്വവും നിലനിർത്തി കൊണ്ട് അവയവദാനം സുഗമവും നൂലാമാലയില്ലാത്തതാക്കുവാനും നയങ്ങൾ രൂപീകരിക്കുന്നു. അവയവദാനത്തിൽ ലോകനേതാവ് എന്ന് വിളിക്കാവുന്ന സ്പെയിൻ വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയ opt out രീതി ഒരുദാഹരണം. ഈ രീതിയിൽ എല്ലാ പൗരൻമാരും അവയവദാനത്തിന് സമ്മതം നൽകി റജിസ്റ്റർ ചെയ്തവരാണ്. താൽപര്യമില്ലാത്തവരും വിട്ടു നിൽക്കേണ്ടവരും Opt out ചെയ്യുകയാണ് വേണ്ടത്. നമ്മുടെ വിസമ്മത പത്രം പോലെ ! പ്രതിദിനം മൂന്ന് പേർ അവയവം ലഭിക്കാതെ മരിക്കുന്ന UK പോലുള്ള രാജ്യങ്ങളും opt out രീതിയിലേക്ക് തിരിയാൻ പദ്ധതിയിടുന്നു.

നാട്ടിലെ അവസ്ഥ എടുത്താൽ ഏകദേശം അഞ്ചുലക്ഷം രോഗികളെങ്കിലും ഓരോ കൊല്ലവും ഇന്ത്യയിൽ അവയവദാനത്തിനായി മൃതപ്രായരായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. എന്നാൽ ഏതാണ്ട് ആയിരം കരൾ മാറ്റ ശസ്ത്രക്രിയകളും പതിനായിരം വൃക്കമാറ്റൽ ശസ്ത്രക്രിയകളും മാത്രമേ നടക്കുന്നുള്ളു.

എങ്കിലും ആരോഗ്യവാനോ ആരോഗ്യവതിയോ ആയ ഒരാൾ മരിക്കാൻ കാത്തിരിക്കണ്ടേ അവയവം കിട്ടാൻ?

അതു ശരിയാണ്. ഈ ആളുകളുടെ മരണം കഷ്ടമാണ്. എന്നാൽ, വാഹനാപകടത്തിലോ, തലച്ചോറിൽ രക്തസ്രാവം മുതലായവ മൂലമോ കുറേപ്പേര് എത്ര തടയാൻ നാം ശ്രമിച്ചാലും മരണപ്പെടുന്നു. മരണപ്പെടുന്ന ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്‌താല്‍ അയാളിലൂടെ ഒരു പിടി ആള്‍ക്കാരുടെ ജീവിതമാണ് മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയുന്നത്‌.

കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് എന്ന സർക്കാർ വ്യവസ്ഥിതി (കെ.എൻ.ഒ.എസ്.) ആണ് വെയിറ്റിംഗ് ലിസ്റ്റ് കർശനമായി നിയന്ത്രിക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പാനലിൽ സർക്കാർ ഡോക്ടർമാരും നിശ്ചയമായും ഉണ്ടായിരിക്കണം.

കഴിഞ്ഞ കുറച്ചു നാളുകളായി പല കോണുകളില്‍ നിന്നുയര്‍ന്നു വന്ന അവാസ്തവ പ്രചാരണങ്ങള്‍ മൂലം നമ്മുടെ നാട്ടിലെ മരണാനന്തര അവയവമാറ്റ പ്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും ആശങ്കാജനകമാണ്, അവയവം കാത്തിരിക്കുന്ന സാധുമനുഷ്യരുടെ ജീവിക്കാനുള്ള പ്രത്യാശകള്‍ കെടുത്താന്‍ പോന്നത്.

നിലവിലെ മരണാനന്തര അവയവ ദാന പ്രക്രിയയില്‍ ഒരു കൂട്ടായ കുറ്റകൃത്യങ്ങളോ അഴിമതിയോ അധാര്‍മ്മിക പ്രക്രിയകളോ നടക്കാന്‍ തീരെ സാധ്യതകള്‍ കുറവാണ്, കാരണം ഈ സംവിധാനത്തിന് മേല്‍ ശക്തമായ ചട്ടങ്ങളും നിയമങ്ങളും മേല്‍നോട്ടവും സര്‍ക്കാര്‍ മുഖേന വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതെന്തെന്നു ചുരുക്കി പറയാം.

മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത കര്‍ശന നിബന്ധനകളും ഇതില്‍ പെടുന്നു.

*പ്രക്രിയകള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുക.

*മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരുടെ ടീമില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധ സാന്നിധ്യം. എന്നിങ്ങനെ ചിലത്.

അവയവദാനം സുരക്ഷിതമായി ചെയ്യാൻ സംവിധാനം സാമ്പത്തിക ചിലവു കൂടുതലുള്ള കാര്യമാണ്. സ്വകാര്യമേഖലയിലാണ് ഇത്തരം സംവിധാനങ്ങള്‍ കൂടുതലായി ഉള്ളത് എന്നതുകൊണ്ട് അതാശ്രയിക്കേണ്ടി വരുന്നവര്‍ക്ക് സാമ്പത്തികമായി ബാധ്യതകള്‍ ഏറും. എന്നാൽ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ തലത്തില്‍ ഇത്തരം ശസ്ത്രക്രിയകല്‍ക്കുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയെടുക്ക എന്നതാണ് കരണീയമായത്. അതുവരെ അവയവമാറ്റ ശസ്ത്രക്രിയകളുടെ പ്രത്യേക സ്വഭാവം മനസ്സിലാക്കി, അതിനു വരുന്ന ന്യായമായ ചെലവ് കണക്കാക്കി സര്‍ക്കാര്‍ ഇത്തരം രോഗികള്‍ക്ക് ചികിത്സാ സഹയങ്ങള്‍ നല്‍കുന്ന സംവിധാനം ഉണ്ടാക്കുന്നത്‌ ഉപകാരപ്രദമാവും.