ഇന്ന് ലോക ഓട്ടിസം ദിനം ഓർക്കാം, ഒഴുകുന്ന മനസ്സുകളെ

കാറ്റത്ത് ഇളകി തറയിൽ വീണുപോയ റോസാപ്പൂവിതളുകൾ പോലെയാണ് ഓട്ടിസം ബാധിച്ച ഓരോ വ്യക്തിയുടെയും മനസ്സ്. കാര്യങ്ങൾ ഏകീകരിക്കാൻ അതിനു കഴിവില്ല. പതിറ്റാണ്ടുകൾക്കു മുൻപ് ഓട്ടിസം ആയിരക്കണക്കിനാളുകളിൽ ഒരാൾക്കാണു കണ്ടിരുന്നതെങ്കിൽ ഇന്ന് അതു നാൽപതിൽ ഒരാൾ എന്ന നിലയിലേക്ക് എത്തിനിൽക്കുകയാണ്. പത്തു വർഷത്തിനിടെ ലോകത്ത് ഓട്ടിസം ബാധിതരായ അഞ്ചു ലക്ഷം മുതിർന്ന ആളുകൾ ഉണ്ടാകും എന്നാണു കണക്ക്. ജീവിത രീതിയിൽ ഉണ്ടായ മാറ്റം തന്നെയാണ് ഓട്ടിസം ബാധിതരുടെ എണ്ണം ഇത്രയും വർധിക്കാൻ കാരണം. ഭക്ഷണരീതികൾ, കാലാവസ്ഥ, മാനസിക സമ്മർദം തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന ജനിതക മാറ്റമാണ് ഓട്ടിസം ബാധിതരായ കുട്ടികൾ പിറക്കാൻ പ്രധാന കാരണം. ജില്ലയിൽ ഓട്ടിസം ചികിൽസയ്ക്കുള്ള ഏക സ്പെഷൽ സെന്ററായ കോട്ടയം എംഎൽ റോഡിലെ ജ്യുവൽ ഓട്ടിസം സെന്റർ ഡയറക്ടർ ‍ഡോ. ജെയിംസൻ സാമുവലിന്റെ അഭിപ്രായത്തിൽ ഓട്ടിസം ബാധിതർക്കു വേണ്ടതു കൃത്യമായ പരിചരണവും തെറപ്പികളുമാണ്.

അഞ്ചു വയസ്സിനു മുൻപെങ്കിലും ഓട്ടിസം കണ്ടെത്തണം. സ്പെഷൽ സ്കൂളുകൾ അവരെ സമൂഹത്തിലേക്ക് അടുപ്പിക്കില്ല. സെന്ററിൽ എത്തുന്ന മിക്ക കുട്ടികളെയും ചികിൽസയ്ക്കു ശേഷം സാധാരണ സ്കൂളുകളിലേക്കാണ് അയയ്ക്കുന്നത്. 2008 ൽ ആരംഭിച്ച സെന്ററിൽ നൂറ്റിമുപ്പതോളം കുട്ടികൾ ഇപ്പോൾ ഉണ്ട്. ഡോ. ജെയിംസൻ സാമുവലും ഭാര്യ ജെൻസിയുമാണു സെന്ററിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുട്ടികളെ ചികിൽസയ്ക്കായി ഇവിടെ കൊണ്ടുവരുന്നുണ്ട്. യുഎൻ നിർദേശപ്രകാരമാണ് 2008 മുതൽ ഏപ്രിൽ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിർത്തുന്നതു തടയുക, അവർക്കു മറ്റുള്ളവർക്കുള്ള അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റ ലക്ഷ്യങ്ങൾ. ഓട്ടിസം ബാധിച്ചവർ പലയിടത്തും മാറ്റിനിർത്തപ്പെടുന്നു. വ്യത്യസ്തമായ കഴിവുകൾ ഉള്ളവരാണെങ്കിലും സമൂഹത്തിൽ നേരിടുന്ന അസമത്വം അവരെ വേട്ടയാടുന്നു.

2030 ആകുമ്പോൾ എല്ലാ മേഖലയിലുള്ള ഓട്ടിസം ബാധിതരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണു യുഎൻ ലക്ഷ്യമിടുന്നത്. ‘ലൈറ്റ് ഇറ്റ് അപ് ബ്ലൂ’ ഓട്ടിസത്തിന്റെ തീം ആയി രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്ന നിറം നീലയാണ്. ഏപ്രിൽ രണ്ടിനു നീല വസ്ത്രങ്ങൾ അണിഞ്ഞ് ഓട്ടിസം ബാധിതർക്കു മാനസിക പിന്തുണ നൽകാനാണു യുഎൻ നിർദേശം. ‘ലൈറ്റ് ഇറ്റ് അപ് ബ്ലൂ’ എന്ന ഈ ആശയം വർഷങ്ങളായി ആഗോള തലത്തിൽ നടപ്പിലാക്കി വരികയാണ്. വസ്ത്രങ്ങൾക്കു പുറമെ വീടുകളിൽ നീല ബൾബുകൾ തെളിക്കുക, സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകൾ നീലനിറത്തിലാക്കുക, നീല വസ്ത്രങ്ങൾ അണിഞ്ഞ സെൽഫികൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുക തുടങ്ങി വിവിധ തരത്തിലാണു ലോകം ഓട്ടിസം ബാധിച്ചവർക്കു പിന്തുണ അറിയിക്കുന്നത്. ഏപ്രിൽ മാസം ലോക ഓട്ടിസം അവബോധ മാസമായും ആചരിക്കുന്നു