അതിജീവിക്കാം ഒാട്ടിസം

ഒരു വയസ്സായപ്പോൾ തന്നെ മനസ്സാലായി മകന് എന്തോ പ്രശ്നമുണ്ടെന്ന്. ഒന്നര വസസ്സായിട്ടും മറ്റുള്ളവരുമായി കളിച്ചില്ല. ഞങ്ങളെ അച്ഛനെന്നോ അമ്മയെന്നോ വിളിച്ചില്ല. നോക്കാൻ പോലും താൽപര്യം കാണിച്ചില്ല. ഡോക്ടറെ കാണിച്ചു. അപ്പോഴാണ് മകന് ഒാട്ടിസമാണെന്നു മനസ്സിലായത്. തളർന്നു പോയി. അതൊരു തീരാവേദന സമ്മാനിച്ചെങ്കിലും മൂന്നു വർഷത്തോളം പരിഹാരം തേടി കുഞ്ഞിനെയും കൊണ്ടു പല ഡോക്ടർമാരുടെയും അടുത്തുപോയി. ‌ഒാട്ടിസമെന്ന യാഥാർഥ്യം ക്രമേണ ഞങ്ങൾക്കു മനസ്സിലായി. ഒടുവിൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഒാട്ടിസം തെറപ്പി ആരംഭിക്കുന്നത്. യഥാർഥ ചികിത്സാവിധികളിലൂടെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ അവൻ കണ്ണുകളെ നിയന്ത്രിക്കാൻ പ്രാപ്തനായി. ക്രമേണ സാമൂഹികമായുള്ള ഇടപെടലിൽ മാറ്റം വന്നു. കളിക്കാനും മറ്റുള്ളവരെ ശ്രദ്ധിക്കാനും തുടങ്ങി. ഇത് ഞങ്ങൾക്ക് പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന പോലെയായിരുന്നു. ഞങ്ങളിരുവരും കൂടുതൽ സമയം മകന്റെ വികാരവിചാരങ്ങളെ മനസ്സിലാക്കാനായി മാറ്റിവച്ചു. ഇപ്പോൾ ഞങ്ങളുടെ മകൻ ചുറ്റുമുള്ള ലോകത്തെ കൂടുതൽ അറിഞ്ഞുവരുന്നതിന്റെ സന്തോഷം എത്ര വലുതാണെന്നറിയാമോ...?

ഒാട്ടിസം ബാധിച്ച മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന നിരവധി രക്ഷാകർത്താക്കൾ ഇന്ന് നമുക്കിടയിലുണ്ട്. അതിലൊരു രക്ഷാകർത്താവിന്റെ അനുഭവക്കുറിപ്പാണിത്. അവഗണിക്കേണ്ട ജന്മങ്ങളല്ല. മറിച്ച് കൃത്യമായ തെറപ്പികളിലൂടെയും പരിശീലനങ്ങളിലൂടെയും ഒാട്ടിസം ബാധിച്ചവരേയും ഉയർത്തിക്കൊണ്ടുവരാനാകും. ഒാട്ടിസം ബാധിച്ചിട്ടും അതിനെ അതിജീവിച്ച് പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവരും ഗായകരായവരും കംപ്യൂട്ടർ വിദഗ്ധരായവരും വരെ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കുട്ടിക്കാലത്തേതന്നെ ഒാട്ടിസം തിരിച്ചറിഞ്ഞ് കുട്ടിയുടെ പ്രശ്നത്തിനനുസൃതമായ തെറപ്പി നൽകുകയണ് ഏറ്റവും പ്രധാനം. ഒാട്ടിസമുള്ള കുട്ടികളിൽ മിക്കവരിലും ഏതെങ്കിലും ഒരു കഴിവ് ഒളിഞ്ഞു കിടപ്പുണ്ടാകും. അതു തിരിച്ച‌റിഞ്ഞ് പിരപോഷിപ്പിക്കാനായാൽ ആ രംഗത്ത് മികവുറ്റവരാകാൻ അവർക്ക് കഴിയും.

ഒാട്ടിസം എന്നാൽ
തലച്ചോറിലെ സങ്കീർണമായ വൈകല്യമാണ് ഒാട്ട‍ിസം. ഇത് വൈവിധ്യമാർന്ന ലക്ഷണങ്ങളോടെ പ്രകടമാകുന്ന വളർച്ചാ വൈകല്യമാണെന്നു പറയാം. ഒാട്ടിസം ഒരാളുടെ മൂന്നു മേഖലകളെയാണ് ബാധിക്കുന്നത്.

1. സാമൂഹിക ബന്ധം
2. ആശയ വിനിമയം
3. സ്വഭാവവും പെരുമാറ്റവും.

ഒാ‌ട്ടിസം ഉണ്ടാകുന്ന കാരണം കൃത്യമായി മനസ്സിലായിട്ടില്ല. ജനിതകമോ പാരിസ്ഥിതികമോ അജ്ഞാതമോ ആയ കാരണങ്ങളാകാം. ഒരു പ്രത്യേക ജീനിന്റെ പ്രശ്നം കൊണ്ടാണ് ഇതു വരുന്നതെന്നും കണ്ടുപിടിച്ചി‌ട്ടില്ല. ചിലപ്പോൾ ഒാട്ടിസം ഉള്ള കുട്ടിയുടെ ഇളയ സഹോദരങ്ങൾക്കോ ഇരട്ടക്കുട്ടികളിൽ രണ്ടുപേർക്കുമോ തകരാർ വരാം. ജനിതകത്തകരാറോടെ ജനിക്കുന്ന കുട്ടികളിൽ 35 ആഴ്ച മുമ്പുള്ള ജനനം, ഭ്രൂണാവസ്ഥയിൽ അമ്മ ഉപയോഗിക്കുന്ന ചില മരുന്നുകളോ മദ്യമോ പോലുള്ള പ്രതികൂലസാഹചര്യങ്ങൾ കൂടി ചേരുമ്പോൾ ഒാട്ടിസത്തിന്റെ തീവ്രത കൂടാം.

മറ്റുള്ളവരുടെ വിചാര വ‍ികാരങ്ങളെ മനസ്സിലാക്കാനോ അതിനനുസരിച്ച് പ്രതികരിക്കാനോ കഴിയാതെ പോകുന്നതിനാലാണ് സാമൂഹിക ബന്ധം അവർക്ക് കുറഞ്ഞുപോകുന്നത്. ഒാട്ടിസം ഉള്ള കുട്ടികൾക്ക് കാഴ്ച, ശബ്ദം, സ്പർശം, ഗന്ധം, രുചി തുടങ്ങിയവയോട് അമിത പ്രതികരണമോ പ്രതികരണക്കുറവോ സംഭവിക്കാം. ഇത് അവരുടെ പെരുമാറ്റത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കും. തല നിരന്തരം ആട്ടുകയോ ചിലപ്പോൾ ചുവരിലിടിക്കുകയോ കടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ശരീരത്തിന് ഉത്തേജനം കിട്ടാൻ വേണ്ടിയാണ്. ഈ പെരുമാറ്റങ്ങളെ നേരിട്ടു തടയാൻ പലപ്പോഴും കഴിയില്ല. ആ പെരുമാറ്റം മാറ്റാൻ വേണ്ടി അതിനു പകരം ചെയ്യാവുന്ന കാര്യങ്ങൾ അവരെ പഠിപ്പിച്ചെടുക്കാം.

സംശയം തോന്നിയാൽ
സാധാരണ കു‌ട്ടികളെക്കാൾ, നിങ്ങളുടെ കുട്ടി എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കാലതാമസം വരുന്നുവെന്നോ, അല്ലെങ്കിൽ ഒാട്ടിസം ഉള്ള കുട്ട‍ികളുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നോ തോന്നുന്നുവെങ്കിൽ, ആ കുട്ടിയെ പതിവായി ചികിത്സിക്കാറുള്ള ശിശുരോഗവിദഗ‍നെ തന്നെ ആദ്യം കാണിക്കാം. ഒാട്ടിസം ഉണ്ടോ എന്നു കണ്ടുപിട‍ിക്കാനായി പ്രത്യേകം സ്ക്രീനിങ് ടെസ്റ്റ് വഴി സാധിക്കും. രക്ഷിതാക്കൾ ഉത്തരം പറയേണ്ട, വളരെ എളുപ്പമുള്ള ചോദ്യങ്ങൾ അടങ്ങിയ ഒരു ടെസ്റ്റിലൂ‌െട അതു ചെയ്യാം. ശിശുരോഗവിദഗ്ധനു കുട്ടിക്ക് ഒാട്ടിസം ഉണ്ടെന്നു തോന്നുകയാണെങ്കിൽ, ഒരു അന്തിമ തീരുമാനത്തിലെത്താനായി സൈക്കോളജിസ്റ്റിനെ കാണിക്കണം.

ചികിത്സയിൽ കൂട്ടായ്മ
വിവിധരംഗങ്ങളിലെ വിദഗ്ധരുടെ കുട്ടായ്മയാണ് ഒാട്ടിസം ചികിത്സയിൽ ആവശ്യം. ചിലപ്പോൾ ന്യൂറോളജിസ്റ്റും ചികിത്സയിൽ പങ്കാളിയാകാം. വളർച്ചാ വൈകല്യങ്ങൾ കണ്ടുപടിച്ചു ചിക‍ിത്സിക്കുന്ന ഡവലപ്മെന്റ്ൽ പീഡിയാട്രീഷൻ, മാനസിക വൈകല്യങ്ങളെ മരുന്നുകളിലൂ‌െട ചികിത്സിക്കുന്ന സൈക്കോളജിസ്റ്റ്, സാമൂഹികമായ ഇടപെടലുകൾക്കും നിത്യേന ചെയ്യേണ്ട കാര്യങ്ങൾക്കും പ്രപ്തമാക്കുന്ന ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്, കഴിവുകൾ വളർത്താനും പുതിയ കാര്യങ്ങൾ പഠ‍ിപ്പിക്കാനും സഹായുക്കുന്ന സ്പെഷൽ എജ്യൂക്കേറ്റർ, സംസാര വൈകല്യം പരിഹരിച്ച് ഭാഷാരീതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് എന്നിവരുടെ കൂട്ടായ പ്രവർത്തനം ഒ‍ാട്ടിസം മറിക‌ടക്കാൻ സഹായ‍ിക്കുന്നു.

വ്യക്തിഗത ചികിത്സ‌
എന്നാൽ എല്ലാ കുട്ടികൾക്കും ഒരേരീതിയുലുള്ള ചികിത്സകളോ സമീപനമോ അല്ല വേണ്ടത്. മിക്ക കുട്ട‍ികൾക്കും കാഴ്ചയോടു കൂടിയ പഠനമാണു കൂടുതൽ ഗുണം ചെയ്യുക. പറഞ്ഞു മനസ്സിലാക്കുന്നതിനെക്കാൾ വസ്തുക്കൾ കാണിച്ചു പഠിപ്പിക്കുമ്പോൾ (വിഷ്വൽ ലേണിങ്) ഇവർ വേഗം കാര്യങ്ങൾ ഹൃദിസ്ഥമാക്കും.

ഒാട്ടിസമുള്ള കുട്ടിക്ക് വിവിധ ശൈലിയിലുള്ള തെറപ്പികൾ ആവശ്യാനുസരണം നൽകേണ്ടിവരും. കുട്ടിയെ സാമൂഹ്യ ഇടപെടലിനു പ്രാപ്തനാക്കുന്ന അപ്ലൈഡ് ബിഹേവിയർ അനാലിസിസ് (ABA)ആണ് ഇത‍ിലൊന്ന്. ലളിതമായ മാർഗങ്ങൾ പടിപ‌ടിയായി പരിശീലിപ്പിച്ച് ക്രമേണ കുട്ടി എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നതാണ് ഈ രീതി.

വ്യക്തിത്വവികസനത്തിനു വേണ്ടിയുള്ള രീതിയാണ് ട്രീറ്റ്മെന്റ് ആൻ‍ഡ് എജ്യൂ‍ക്കേഷൻ റിലേറ്റഡ് ഹാൻഡികാപ്ഡ് ചിൽഡ്രൻ (Teacch). കാഴ്ചയിലധിഷ്ഠിതമായ പഠനരീതിയാണിത്. പഠിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ദ്യശ്യരൂപത്തിൽ മനസ്സിലാക്കിക്കൊടുക്കണം. ഇവയ്ക്കു പുറമേ സംസാരശേഷി കുറഞ്ഞവർക്കുള്ള പിക്ചർ എക്സ്ചേഞ്ച് കമ്മ്യൂണിക്കേഷൻ സിസ്റ്റം (pecs)ബന്ധങ്ങൾ മെച്ചപ്പെടുത്തി മുഖ്യധാരയിലെത്തിക്കാനുള്ള റിലേഷൻഷിപ്പ് ഡെവലപ്മെന്റ് ഇന്റർവെൻഷൻ (RDI) ത‍ുടങ്ങിയ രീതികൾ കുട്ടിയുടെ ആവശ്യാനുസരണം ചെേയ്യണ്ടിവരും.

മരുന്നും പാർശ്വ ഫലങ്ങളും
ഒാട്ട‍ിസത്തനു പ്രത്യേകിച്ചു മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഒാട്ടിസം ഉള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളിൽ മാറ്റം വരുത്താൻ മരുന്നുകൾക്കു കഴിയാറുണ്ട്. പക്ഷേ പാർശ്വഫലങ്ങളും ഉണ്ട്. അമിതവണ്ണം, ഉറക്കം തൂങ്ങിയിരിക്കുക, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവ മരുന്നുകളുടെ പാർശ്വഫലങ്ങളായി കണ്ട‍ുവരാറുണ്ട്.

പഠിക്കാനും പ്രതികരിക്കാനുമുള്ള കുട്ടികളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില സ്വഭാവവൈകല്യങ്ങൾ മറികടക്കാൻ മരുന്നുകൾ സഹായിക്കും. വിഷാദം, ഉത്കണ്ഠ, ചില കാര്യങ്ങളോടുള്ള അമിതമായ ആസക്തി എന്നിവ നിയന്ത്രിക്കുകയാണ് മരുന്നുകളുടെ ലക്ഷ്യം. മരുന്നുകൾ ശിശുരോഗവിദഗ്ധനോ അല്ലെങ്കിൽ സൈക്യാട്രിസ്റ്റോ ആണ് നിർദേശിക്കുക. മരുന്നുകൾ കൊടുക്കുന്നതിനു മുമ്പായി എന്തിനുള്ളതാണെന്നും പാർശ്വഫലങ്ങൾ എന്തെല്ലാമാണെന്നും അച്ഛനമ്മമാർ ഡോക്ടറോട് ചോദ‍ിച്ചു മനസ്സിലാക്കിയിരിക്കണം.

ഒ‍ാട്ടിസം തുടക്കത്തിലേ തിരച്ചറിഞ്ഞു ചികിത്സിച്ചാൽ ചികിത്സ ഏറെ ഫലപ്രദമാകും. ഒാട്ടിസത്തെ കുട്ടിക്ക് മറികടക്കാൻ ചികിത്സയ്ക്കൊപ്പം കുടുംബത്തിന്റെ ഒന്നടങ്കമുള്ള സഹായം ആവശ്യമാണെന്ന കാര്യവും മറക്കരുത്.

ഒാട്ടിസം തിരിച്ചറിയാൻ മാർഗങ്ങൾ
ഒാട്ടിസം തിരിച്ചറിയാൻ സഹായിക്കുന്ന കൃത്യമായ പല സൂചനകളുമുണ്ട്. കുട്ടിയുടെ ആദ്യഘട്ടത്തിൽത്തന്നെ ഒാട്ടിസം തിരിച്ചറിയാൻ ചുവടെ പറയുന്ന ലക്ഷണങ്ങൾ സഹായിക്കും.‌

∙ ഒരു വയസ്സിനുള്ളിൽ സാധാരണ കുട്ടികൾ സംസാരത്തിനു മുമ്പു പുറപ്പെടുവിക്കാറുള്ള ശബ്ദങ്ങൾ ഉണ്ടാക്കാതിരിക്കുകയോ, വേണ്ട സാധാനങ്ങൾ ചൂണ്ടിക്കാണിച്ച് ആവശ്യപ്പെടാതിരിക്കുകയോ ചെയ്യുക.
∙ പതിനാറു മാസം പ്രായമാകുമ്പോഴേക്കും ഒരു വാക്കു പോലും സംസാരിക്കാതിരിക്കുകയോ രണ്ടു വയസ്സിനുള്ളിൽ വാചകങ്ങളായി പറയാതിരിക്കുകയോ ചെയ്യുക.
∙ സ്വന്തം പേരുവിളിച്ചാൽ പ്രതികരിക്കാതിരിക്കുക.
∙ സ്വായത്തമാക്കിയ സംസാരശേഷി നഷ്‌ടപ്പെടുകയോ പൊതുജനസമ്പർക്കം ഇല്ലാതാവുകയോ ചെയ്യുക.
∙ കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക.
∙ കളിപ്പാ‌ട്ടങ്ങൾ കൊണ്ടു കളിക്കുന്നതിനുപകരം അതു വരിവരിയായി വയ്ക്കുന്നതിൽ താൽപര്യം കാണിക്കുക.
∙ മറ്റുള്ളവരെ നോക്കി ചിര‍ിക്കുകയോ ഒരാൾ അവരെ നോക്കി ചിരിച്ചാൽ തിരിച്ചു ചിരിക്കാതിരിക്കുകയോ ചെയ്യുക.

ഈ ലക്ഷണങ്ങളിൽ ചിലതെങ്കിലും കണ്ടാൽ വിലയിരുത്തലിന് ഡോക്ടറുടെ സഹായം തേടുക. ഈ ഘട്ടത്തിൽ ഒാട്ടിസം മനസ്സിലായാൽ തെറപ്പികൾ കൂ‌ടുതൽ ഫലം കാണും.

മുതിർന്ന കുട്ടികളിൽ:

∙ സ്വന്തം പ്രായത്തിലുള്ള കുട്ട‍ികളുമായി കൂട്ടുകൂടാത്ത അവ്സ്ഥ.
∙ സാധാരണ കുട്ടികൾക്ക് സാധിക്കാറുള്ള ഭാവനാപരമായ കഴിവുകൾ ഇല്ലാതിരിക്കുക.
∙ ആവർത്തിച്ചുപയോഗിക്കുന്ന പ്രത്യേക വാക്കുകളും വേറിട്ടഭാഷയും .
∙ പരിമിതമായ താൽപര്യങ്ങൾ. ‌
∙ ചില വസ്തുക്കളോടോ വ‍്യക്തികളോടോ അമിതതാൽപര്യം.

ഈ ഘട്ടത്തിൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോ‌ടെ ഒാട്ടിസമാണോ എന്ന് ഉറപ്പാക്കണം.

മേഘ്ന ജയറാം
ഒാ‌ട്ടിസം തെറപ്പിസ്റ്റ് ഹരിശ്രീ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം