ഇനി പാട്ടുപാടി കുഞ്ഞിനെ ഉറക്കിക്കോളൂ...

കുഞ്ഞിനെ പാട്ടുപാടി ഉറക്കാത്ത അമ്മമാർ ഉണ്ടാകില്ല. അമ്മയുടെ താരാട്ട് കുഞ്ഞിന് അമ്മയോടുള്ള അടുപ്പം കൂട്ടും എന്ന് പഠനം. കുട്ടികളുടെ ശ്രദ്ധ കൂട്ടാനും ഇന്ദ്രിയാവബോധം ഉണ്ടാക്കാനും എല്ലാം അമ്മയുടെ പാട്ട് സഹായിക്കുമത്രേ.

യുഎസിലെ മിയാറ്റി സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. 70 കുഞ്ഞുങ്ങളെ പഠനത്തിനായി നിരീക്ഷിച്ചു. ആറുവ്യത്യസ്ത രീതികളിൽ കുഞ്ഞിനോട് ഇടപെട്ടു. പഠനത്തിന്റെ ഭാഗമായി ഗവേഷകർ നിർദേശിച്ച പാട്ട് അപരിചിതനായ ഒരു വ്യക്തി കുഞ്ഞിന് പാടി കൊടുത്തു. അമ്മ പുസ്തകം വായിച്ചു കേൾപ്പിച്ചു, കളിപ്പാട്ടം കൊണ്ട് അമ്മ കുഞ്ഞിനെ കളിപ്പിച്ചു അമ്മയും കുഞ്ഞും റെക്കോർഡ് ചെയ്ത പാട്ട് കേട്ടു. ഇങ്ങനെ ആറുതരത്തിൽ ആണ് ഇടപെടൽ നടത്തിയത്.

പുസ്തകം വായിക്കുന്നതിന്റെയോ കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുന്നതിന്റെയോ അത്രയും ഫലപ്രദമാണ് കുഞ്ഞിനെ അമ്മ പാട്ടുപാടി കേൾപ്പിക്കുന്നത് എന്നു കണ്ടു. റെക്കോഡ് ചെയ്ത പാട്ടു കേൾപ്പിക്കുന്നതിലും വളരെയധികം ഫലപ്രദമാണ് പാട്ട്പാടി കേൾപ്പിക്കുന്നത്. അമ്മ പാട്ടുപാടിക്കൊടുക്കുന്നതിന് ബൗദ്ധികമായി ഉയർന്ന സ്കോർ ലഭിച്ചു.

അമ്മ പാടുമ്പോൾ കുഞ്ഞ് ശ്രദ്ധയോടെ കേട്ടിരിക്കും. അമ്മയും ശ്രദ്ധാലു ആയിരിക്കും. കുഞ്ഞിന്റെ ശ്രദ്ധ തെറ്റിയാൽ അമ്മ ശ്രുതിയും താളവും ക്രമീകരിച്ച് പാടും. പാടുന്ന രീതി മാറുമ്പോൾ കുഞ്ഞ് വീണ്ടും ശ്രദ്ധിച്ചു തുടങ്ങും.

പ്രസവാനന്തര വിഷാദം ബാധിച്ച അമ്മമാരും കുഞ്ഞിന് പാട്ടുപാടി കൊടുക്കുന്നത് ഗുണകരമാണ്. വിഷാദവുമായി ബന്ധപ്പെട്ട ചിന്തകളിൽ നിന്നും നെഗറ്റീവ് വികാരങ്ങളിൽ നിന്നും അമ്മയും മോചിതയാകുന്നു.

ഗായികയൊന്നുമല്ലെങ്കിലും എല്ലാ അമ്മമാരും തനിക്കു കഴിയും പോലെ കുഞ്ഞിനെ ‌താരാട്ടുപാടി ഉറക്കാറുണ്ട്. പാട്ടുപാടി കേൾപ്പിക്കാറുമുണ്ട്. പ്രൊഫഷണൽ അല്ലെങ്കിലും പൂർണത ഇല്ലെങ്കിലും പാട്ടിലൂടെ കുഞ്ഞിനോട് അമ്മ സംവദിക്കുന്നു. കുഞ്ഞിന്റെ ശ്രദ്ധ കൂട്ടാനും അമ്മയുടെ താരാട്ട് സഹായിക്കുമെന്ന് ജേണൽ ഓഫ് മ്യൂസിക് തെറാപ്പിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.