മരുന്നുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ: മനുവിന്റെ മരണം ബാക്കിയാക്കുന്നത്

ശരീരം മെലിയാൻ പച്ചിലമരുന്നു കഴിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ മരിച്ച മനു എസ്.നായർ (അടുത്തിടെ എടുത്ത ചിത്രം) (ഇടത്); തടി കുറയാൻ മരുന്നു കഴിക്കുന്നതിനു മുൻപുള്ള മനുവിന്റെ ചിത്രം (ഫയൽ).

തടി കുറയ്ക്കുന്നതിനു ഹെർബൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവാവ് മരിച്ചത് അമിതമായ പ്രമേഹം കാരണമാണെന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന. തടി കുറയാനായി കഴിച്ചിരുന്ന മരുന്നുകൾ പ്രമേഹം കൂടുന്നതിനു കാരണമായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനിൽ ശശിയുടെ മകൻ മനു എസ്.നായർ (25) ആണു മരിച്ചത്.

രണ്ടു മാസത്തോളമായി മനു മരുന്നുകൾ കഴിച്ചിരുന്നത് പ്രമേഹം കുറയാനായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ മരുന്നുകളാണു കഴിച്ചതെന്നും വീട്ടുകാർ പൊലീസിനോടു പറഞ്ഞു. എന്നാൽ തടി കുറയുന്നതിനാണോ പ്രമേഹം കുറയ്ക്കുന്നതിനാണോ മനു മരുന്നു കഴിച്ചിരുന്നതെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

മെലിയാൻ പച്ചില മരുന്നു കഴിച്ച യുവാവ് പ്രമേഹം കൂടി മരിച്ചു

തടി കുറയുന്നതിനായി ഹെർബൽ മരുന്നു കഴിച്ചതിനെത്തുടർന്ന് പ്രമേഹം കൂടിയാണു മനു മരിച്ചതെന്നായിരുന്നു ആരോപണം. അതേ സമയം, ഒരു മാസം മാത്രമാണ് മനു മരുന്നു കഴിച്ചതെന്നും ഇതിനു ശേഷം വേറേ ചികിത്സ തേടിയെന്നു ചെന്നൈ ആസ്ഥാനമായ ഓറിയൻസ് കമ്പനി സിഇഒ പി.കാർത്തികേയൻ പറഞ്ഞു. ഫുഡ് സപ്ലിമെന്റാണു മനുവിനു നൽകിയത്. കമ്പനി നൽകുന്ന ഫുഡ് സപ്ലിമെന്റിനു യാതൊരു പാർശ്വഫലങ്ങളുമില്ല. ഇതു സംബന്ധിച്ച് ആരിൽ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലു മാസം മുൻപാണ് മനുവിന് പ്രമേഹമുണ്ടെന്ന് സ്ഥിരീകരിച്ചത്. അലോപ്പതി മരുന്നുകൾ കഴിക്കാൻ മനുവിന് താൽപര്യമില്ലായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ് മനുവിന്റെ അമ്മയോടു ചെന്നൈയിലെ കമ്പനിയുടെ മരുന്നിനെപ്പറ്റി പറയുന്നത്. കമ്പനി അധികൃതർ തന്നെ വീട്ടിലെത്തി മൂന്നുതരം മരുന്നുകൾ മനുവിനു നൽകി. ബോധവൽക്കരണ ക്ലാസുകളിലും മനു പങ്കെടുത്തു. മരുന്നുകളിൽ ഒരെണ്ണം കരളിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതാണെന്നാണു പറഞ്ഞത്. അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകളുടെ വിശദവിവരങ്ങളടക്കമുള്ള ലഘുലേഖകളും കമ്പനി അധികൃതർ കൈമാറി.

രണ്ടു മാസത്തോളം കമ്പനിയുടെ മരുന്നുകൾ കഴിച്ചിട്ടും പ്രമേഹം കുറഞ്ഞില്ല. പിന്നെയും കൂടിയപ്പോൾ അവ കഴിക്കുന്നതു നിർത്തി. ഈ സമയത്തു ശരീരഭാരം വല്ലാതെ കുറയുകയും ചെയ്തു. കട്ടപ്പനയിലെ ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം ആയുർവേദ മരുന്നുകൾ കഴിച്ചു തുടങ്ങി. എന്നിട്ടും പ്രമേഹം കുറയാത്തതിനാൽ കട്ടപ്പനയിലെ സ്വാകര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ പോയി കണ്ട് അലോപ്പതി മരുന്നുകൾ കഴിച്ചു തുടങ്ങി.

അതേസമയം തടി കുറഞ്ഞപ്പോൾ എടുത്ത മനുവിന്റെ ചിത്രം ഉപയോഗിച്ച് കമ്പനിയിലെ ചിലർ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നതായും ഇതിലൂടെ പലരെയും ക്ലാസുകളിലേക്ക് ആകർഷിച്ചതായും മനുവിന്റെ സുഹൃത്തുക്കൾ പറയുന്നു.

വാഗ്ദാനങ്ങൾ പലവിധം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടം 

വാഴത്തോപ്പിൽ പണ്ടു പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന്റെ വാഗ്ദാനം ആഴ്ചകൾക്കുള്ളിൽ ആസ്മ ഇല്ലാതാക്കാം എന്നായിരുന്നു. ധാരാളം ആളുകൾ ചികിത്സയ്ക്കെത്തുകയും ചെയ്തു. അപകടകരമായ സ്റ്റെറോയ്ഡുകൾ ഉപയോഗിച്ചാണു ചികിത്സയെന്ന കാര്യം പുറത്തുവന്നതു പിന്നീടാണ്. തുടർന്നു പൊലീസ് റെയ്ഡ് നടത്തി വ്യാജ മരുന്നുകൾ കണ്ടെടുത്തു, സ്ഥാപനം സീൽ ചെയ്തു. 

പീരുമേട്ടിൽ വർഷങ്ങൾക്കു മുൻപു ധാരാളം ലാടവൈദ്യൻമാർ തമ്പടിച്ചു ചികിത്സ നടത്തിയിരുന്നു. പരമ്പരാഗത രീതിയിലുള്ള ചികിത്സയാണു തങ്ങൾ നടത്തുന്നതെന്നായിരുന്നു ഇവരുടെ അവകാശം. അവസാനം ഫലം കിട്ടാതെ വന്നപ്പോൾ ചികിത്സതേടിയെത്തിയവർ ഒത്തുകൂടി ഇവരെ ഓടിച്ചുവിടുകയായിരുന്നു. 

ചെറുതോണിയിൽ തമിഴ്നാട്ടിൽനിന്നുള്ള സംഘങ്ങൾ പ്രോട്ടീൻ മരുന്നുകളെന്ന പേരിൽ വ്യാജ ഉൽപന്നങ്ങൾ വീടുകളിലെത്തിച്ചു വിറ്റിരുന്നു. സംഗതി വ്യാജനാണെന്നു നാട്ടുകാർ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. മദ്യപാനം ദിവസങ്ങൾക്കൊണ്ടു നിർത്തിത്തരാം എന്ന അവകാശവുമായി കട്ടപ്പന പ്രദേശത്തു കറങ്ങിനടന്ന മരുന്നു കമ്പനിക്കാർ വ്യാജന്മാരാണെന്നറിഞ്ഞു പൊലീസ് പിടികൂടിയിരുന്നു.