Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗികൾക്കും ആരോഗ്യത്തിന്റെ നോമ്പുകാലം

ramadan-health

വ്രതനിഷ്ഠയോടെ റമസാൻ നോമ്പിലേക്ക് വിശ്വാസികൾ പ്രവേശിച്ചതോടെ ജീവിതചര്യയിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. പ്രഭാതം മുതൽ പ്രദോഷംവരെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തെയും സ്ഫുടം ചെയ്യുന്ന നോമ്പുകാലം അതിന്റെ എല്ലാ അർഥത്തിലും പ്രയോജനപ്പെടുത്തുകയാണു ചെയ്യേണ്ടത്. കുറച്ചു കഴിക്കൂ കൂടുതൽ ജീവിക്കൂ എന്ന ആരോഗ്യതത്വം ഈ കാലയളവിൽ അന്വർഥമാണ്.

വ്രതകാലത്ത് ഭക്ഷണ നിയന്ത്രണം ഏറ്റവും നല്ലതാണ്. എന്നാൽ പ്രമേഹം, രക്തസമ്മർദം, അസിഡിറ്റി, അൾസർ, ആസ്മ, മൈഗ്രെയ്ൻ തുടങ്ങിയ രോഗങ്ങളുള്ളവർ ശ്രദ്ധിക്കണം. ഇത്തരം രോഗികൾ നോമ്പുനോക്കുകയാണെങ്കിൽ അവർ സ്ഥിരമായി കാണുന്ന ഡോക്ടറെ കണ്ട് വേണ്ട നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ നോമ്പുനോക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കില്ല, എന്നാൽ ഗർഭിണികൾ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതുണ്ട്.

ഉപവാസത്തിന്റെ ഗുണങ്ങൾ

റമാസൻ കാലത്ത് ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. പതിനെട്ടു മണിക്കൂർകൊണ്ടു കഴിക്കുന്നത് അഞ്ചു മണിക്കൂർകൊണ്ട് കഴിക്കുന്നതു ശരീരത്തിനു നല്ലതല്ല. ഭക്ഷണം കഴിച്ചതിൽനിന്നു ശരീരം ഊർജം എടുക്കുന്നത് എട്ടുമണിക്കൂറിനുള്ളിലാണ്. അതിനുശേഷമാണ് ശരീരം യഥാർഥത്തിൽ ഉപവാസം എന്ന അവസ്ഥയിലേക്കു വരുന്നത്. ഉപവാസ സമയത്ത് ശരീരം ആദ്യം മസിലുകളിലും കരളിലും ശേഖരിച്ചിരിക്കുന്ന ഗ്ലൂക്കോസാണ് ഉപയോഗിക്കുന്നത്.

ഇതിനുശേഷം ശരീരത്തിലെ കൊഴുപ്പിൽ (ഫാറ്റ്) നിന്നാണ് ഊർജം എടുക്കുന്നത്. പിന്നീടാണ് പ്രോട്ടീനിൽനിന്ന് ഊർജം സ്വീകരിക്കുന്നത്. ദിവസങ്ങളോളം പട്ടിണി കിടന്നാൽ മാത്രമേ പ്രോട്ടീനിൽനിന്ന് എടുക്കുകയുള്ളൂ. ഈ അവസ്ഥ അനാരോഗ്യകരമാണ്. എന്നാൽ നോമ്പുകാലത്തു പ്രഭാതം മുതൽ പ്രദോഷംവരെയുള്ള സമയം പ്രോട്ടീനിൽനിന്നു ഭക്ഷണം എടുക്കേണ്ടിവരുന്നില്ലെന്നതാണു പ്രധാനം. അതിനാൽ കൊഴുപ്പു കുറയ്ക്കാനുള്ള ഏറ്റവും നല്ല അവസരമായിട്ടു നോമ്പുകാലത്തെ കണക്കാക്കാം.

പ്രമേഹം

പ്രമേഹരോഗികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടവരാണ്. നോമ്പെടുക്കുന്നതിനു മുൻപേതന്നെ പ്രമേഹരോഗികൾ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതുണ്ട്. അവർ കഴിക്കുന്ന മരുന്നും ഭക്ഷണനിയന്ത്രണവും ഇക്കാര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് രോഗികളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ വെരി ഹൈ റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ ഡോക്ടറോടു സംസാരിച്ച് അവരുടെ ഉപദേശങ്ങൾ നിർബന്ധപൂർവം പാലിച്ചിരിക്കണം.

കടുത്ത പ്രമേഹമുള്ളവർ നോമ്പ് എടുക്കാതിരിക്കുന്നതാണ് അഭികാമ്യം. അല്ലെങ്കിൽ ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകണം. പ്രമേഹ രോഗം നോമ്പുകാലത്ത് ഇല്ലാതാകുന്നില്ലെന്നത് ഓർക്കുക. മരുന്നു നിർത്തിവയ്ക്കുന്നത് അപകടകരമാണ്. ഡോക്ടറുടെ നിർദേശം അനുസരിച്ചു മരുന്നിന്റെ സമയം, അളവ് തുടങ്ങിയവയിൽ മാറ്റം വരുത്താം. എന്നാൽ ടൈപ്പ് വൺ പ്രമേഹരോഗികൾ നോമ്പുനോക്കുന്നതിൽ അപകടമുണ്ട്.

രക്തസമ്മർദം

രക്തസമ്മർദം നല്ല നിയന്ത്രണത്തിലുള്ള രോഗികൾ നോമ്പുനോക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ നിയന്ത്രണത്തിലല്ലാത്ത രോഗികൾ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്. മരുന്നിന്റെ സമയക്രമം, അളവ് തുടങ്ങിയവയിൽ ഡോക്ടർ നിർദേശം നൽകും.

മൈഗ്രെയ്ൻ

ഭക്ഷണം കഴിക്കാതിരിക്കുന്നതിനാൽ പൊതുവെ നോമ്പുകാലത്ത് തലവേദനയുണ്ടാകാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതുകൊണ്ടും ജലാംശം കുറയുന്നതുകൊണ്ടും ക്ഷീണത്താൽ തലവേദനയുണ്ടാകും. ഭക്ഷണം സമയത്തു കഴിച്ചില്ലെങ്കിൽ ശക്തമായ തലവേദനയുണ്ടാകുന്ന രോഗികൾ നോമ്പ് എടുത്താൽ ബുദ്ധിമുട്ടു കൂടാൻ സാധ്യതയുണ്ട്. എന്നാൽ ഡോക്ടറെ കണ്ട് വേണ്ട മുൻകരുതൽ സ്വീകരിച്ചു ബുദ്ധിമുട്ട് ഒഴിവാക്കാം.

ആസ്മ

രോഗികൾ സ്ഥിരമായി ഇൻഹെയ്‌ലർ ഉപയോഗിച്ച് ആസ്മ നിയന്ത്രണത്തിലാക്കുന്ന രോഗികൾ ഇക്കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം തേടണം.

അസിഡിറ്റി, അൾസർ

പൊതുവെ അസിഡിറ്റി, വയർ എരിച്ചിൽ, അൾസർ തുടങ്ങിയവ മുഖാന്തരമുള്ള അസ്വസ്ഥതകളുള്ളവർ മുൻകൂട്ടിത്തന്നെ ഡോക്ടറുടെ അഭിപ്രായം തേടേണ്ടവരാണ്. മുൻകരുതൽ മരുന്ന് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അക്കാര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടണം.

മൂത്രാശയ കല്ല്

മൂത്രാശയ കല്ലിന്റെ പ്രവണതയുള്ളവരും പ്രശ്നമുള്ളവരും വളരെ ശ്രദ്ധിക്കണം. നോമ്പ് അല്ലാത്ത സമയത്ത് പരമാവധി വെള്ളം കുടിക്കണം. പുറത്തുജോലിചെയ്യുന്നവരും ഏറെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ അനുവദിക്കരുത്.

വൃക്കരോഗം

വൃക്കരോഗികൾ, ഡയാലിസിസിന് വിധേയരാകുന്നവർ, ആശുപത്രിയിൽ കഴിയുന്നവർ, ഏഴ്-എട്ട് വയസ്സിനുതാഴെയുള്ള കുട്ടികൾ തുടങ്ങിയവരും നോമ്പ് എടുക്കാതിരിക്കുന്നതാണ് അഭികാമ്യം.

നോമ്പുകാലം നല്ലകാലം

ശരീരത്തിനും മനസ്സിനും ഏറ്റവും പ്രയോജനപ്പെടുന്ന സമയമാക്കി നോമ്പ് മാറ്റാൻ ജാഗ്രതപാലിക്കുക. നോമ്പുതുറക്കുന്നത് ഈന്തപ്പഴംകൊണ്ട് ആകുന്നതാണ് ഏറ്റവും നല്ലത്. ഭക്ഷണത്തിൽ നിർബന്ധമായും പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തണം. അത്താഴസമയത്തു ധാരാളം വെള്ളം കുടിക്കണം. നാര് അടങ്ങിയ ഭക്ഷണം, ഗോതമ്പ്, തവിടുള്ള അരി (മട്ട അരി) തുടങ്ങിയ ഭക്ഷണമാണ് ഏറ്റവും നല്ലത്. ആട്ട, ബാർളി, ഉരുളക്കിഴങ്ങ്, സാലഡ് തുടങ്ങിയവയും നല്ലതാണ്. വീട്ടിലുണ്ടാക്കിയ ജ്യൂസുകൾ ധാരാളം കഴിക്കുക.
കുറയ്ക്കേണ്ടതും വർജിക്കേണ്ടതും

എണ്ണയിൽ മുക്കി വറുത്തെടുത്ത ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കേണ്ടതാണ്. പഞ്ചസാര അമിതമായി കലർന്ന പാനീയങ്ങൾ ഒഴിവാക്കുക. കോള, കഫീൻ തുടങ്ങിയവ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക. കറികളിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കുക. എണ്ണമയമുള്ളവ കഴിച്ചാൽ ക്ഷീണമുണ്ടാക്കും. നിർജലീകരണമുണ്ടാകും. പെട്ടെന്നു ധാരാളം കഴിക്കുന്നത് ഒഴിവാക്കുക.

പുകവലിശീലം മാറ്റാൻ കനകാവസരം

പുകവലിശീലം ഒഴിവാക്കാൻ ഏറ്റവും നല്ല സമയമാണു നോമ്പ്. കുടുംബത്തിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകർമങ്ങളിൽ ഒന്നാണിതെന്നു ചിന്തിക്കുക. നോമ്പുസമയത്തു പുകവലിക്കാതിരിക്കുന്നവർ രാത്രിയിലും പുകവലിക്കാതിരിക്കുന്നതോടെ ശീലം മാറ്റാനാവും. ചുരുക്കത്തിൽ ആത്മീയമായ ഔന്നത്യത്തിന്റെ കാലം ശരീരത്തിന്റെ ആരോഗ്യ ഉന്നതിയുടെയും കാലമാണ്. ഈ സമയം ഏറ്റവും നന്നായി ഉപയോഗിച്ചാൽ മനസ്സിനൊപ്പം ശരീരവും വിശുദ്ധമാകും. ഇതുതന്നെയാണു നോമ്പിനു പിന്നിലെ തത്വവും.