കുട്ടികൾക്ക് ഐസ്ക്രീം നൽകുംമുമ്പ് ഇതൊന്നു വായിക്കുക... എന്നിട്ടു തീരുമാനിക്കാം വേണമോ വേണ്ടയോ എന്ന്

ഐസ്ക്രീം... കേൾക്കുമ്പോഴേ വായിൽ വെള്ളമൂറാൻ തുടങ്ങും. കുറച്ച് തണുപ്പാണെങ്കിലെന്താ ഇത് ഇഷ്ടമാകാത്തവർ ആരാണുണ്ടാകുക. എന്നാൽ ഈ ഐസ്ക്രീമിനെക്കുറിച്ച് പുറത്തുവരുന്നത് അത്ര മധുരമൂറുന്ന വാർത്തകളല്ല, പ്രത്യേകിച്ച് കുട്ടികൾക്ക്. ഐസ്ക്രീം, സോഡ, കേക്ക്, ബിസ്കറ്റ് തുടങ്ങിയവയിലെ മധുരം (ഫ്രക്ടോസ്) കുട്ടികളിൽ മാരകമായ കരൾരോഗങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിനെക്കാലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഫ്രക്ടോസ് ആണത്രേ.

ചെറുപ്പത്തിലേ തന്നെ ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകുന്നു. മദ്യത്തിന്റേതിനു സമാനമായ ഐസ്ക്രീമിലുള്ള സംയുക്തം അർബുദം, പക്ഷാഘാതം, ഹൃദയരോഗങ്ങൾ എന്നിവയും ക്ഷണിച്ചുവരുത്തും. മാത്രമല്ല നാലിൽ ഒരു കുട്ടി വീതം കൗമാരത്തിൽ പൊണ്ണത്തടിയിലേക്കുമെത്തുന്നു.

ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പാണ് മധുരപാനീയങ്ങളിലും മറ്റ് പ്രോസസ്ഡ് ഫുഡുകളിലും ഉപയോഗിക്കുന്നത്. ഫലവർഗങ്ങളിൽ മധുരം പ്രകൃത്യാതന്നെയുണ്ട്. എന്നാൽ നിർമാതാക്കൾ ഇവയിലെ നാരുകളും പോഷകങ്ങളും നീക്കം ചെയ്ത് കൃത്രിമമധുരം ചേർക്കുന്നു.

എലികൾക്ക് ഫ്രക്ടോസ് നൽകി നടത്തിയ പരീക്ഷണത്തിൽ എലികളുടെ കരളിൽ കെഎച്ച്കെ(Khk) എന്ന എൻസൈം ഗവേഷകർ കണ്ടെത്തി. പൊണ്ണത്തടിയും ഫാറ്റി ലിവറുമുള്ള കൗമാരക്കാരായവരുടെ കരളിലും ഈ കെഎച്ച്കെ ഉണ്ടായിരുന്നതായി ഗവേഷകർ പറയുന്നു. ആരോഗ്യകരമായ കരളിൽ അൽപ്പംപോലും കൊഴുപ്പ് കാണപ്പെടില്ല.

Read More : Health News, Healthy Food, Health Tips