Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഷായ മീന്‍ തിരിച്ചറിയാന്‍

fresh-fish

മീന്‍ എന്ന ഒറ്റവാക്കില്‍ ഒതുങ്ങില്ല മീനിന്റ ലോകം. പൊടിമീന്‍, മത്തി, അയല, കരിമീന്‍ തുടങ്ങി കൊഞ്ചും ഞണ്ടും കണവയുമെല്ലാമുള്‍പ്പെടുന്ന വളരെ വിശാലമായ ലോകമാണ് മീനിന്റേത്. പോഷകഗുണങ്ങളുടെ കാര്യമെടുത്താല്‍ മീനുകളുടെ കൂട്ടത്തില്‍, ഇത്തിരിക്കുഞ്ഞനായ നമുക്കേറെ പരിചിതമായ നെത്തോലിപോലും അത്ര ചെറുതല്ല താനും. മീനുകളില്‍ ശുദ്ധജല മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളുമുണ്ട്. ശുദ്ധജല മത്സ്യങ്ങളില്‍ പ്രധാനപ്പെട്ടതു കരിമീന്‍ തന്നെ. കേരളത്തിന്റെ പെരുമയെ രുചിപ്രേമികളില്‍ എത്തിച്ച അതേ കരിമീന്‍. തിലോപ്പിയ, രോഹു എന്നിവയും ഈ വിഭാഗത്തില്‍ പെടുന്നു. മത്തി, അയല, ആവോലി, സ്രാവ് തുടങ്ങിയവ കടല്‍ മത്സ്യങ്ങളാണ്. കേരളത്തിലെ തടാകങ്ങളില്‍ മാത്രമായി ഏതാണ്ട് 70 എണ്ണത്തോളം ഭക്ഷ്യയോഗ്യമായ മീനുകളുണ്ട്. ശുദ്ധജലമത്സ്യങ്ങളില്‍ കടല്‍മത്സ്യങ്ങളെ അപേക്ഷിച്ച് ഒമേഗ- 3 കൊഴുപ്പു കുറവാണ്.

നട്ടെല്ലുള്ള ജീവി വര്‍ഗങ്ങളില്‍ ഏറ്റവുമധികം വൈവിധ്യം കാണുന്നതു മീനുകളിലാണെന്നു പറയാം. ലോകത്തെമ്പാടുമായി ഏതാണ്ട് 32,000 വര്‍ഗം മീനുകളുണ്ട്. മീനുകള്‍ എന്നു നമ്മള്‍ പൊതുവായി പറയുമ്പോള്‍ ഉള്‍പ്പെടുത്തുന്നതു പലതും ശരിയായ മീനുകളല്ല. ഉദാഹരണത്തിന് കക്കയും ഞണ്ടും കൊഞ്ചും ചെമ്മീനുമൊക്കെ തന്നെ. ചെമ്മീന്‍ മീനല്ല, ക്രസ്റ്റേഷ്യന്‍സ് വിഭാഗത്തില്‍ പെടുന്നതാണ്. ചെമ്മീനിന്റെ വലിയ രൂപമാണ് കൊഞ്ച്. മൊളസ്ക വിഭാഗത്തില്‍ പെടുന്നവയാണ് കക്കയും കല്ലുമ്മക്കായയുമൊക്കെ.

മലീനികരണം ബാധിക്കുമോ?

മെര്‍ക്കുറി മാലിന്യങ്ങളാണ് മീനിന്റെ കാര്യത്തില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്നത്. മെര്‍ക്കുറി മാലിന്യങ്ങള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വളരുന്ന മീനുകളിലാണ് മെര്‍ക്കുറി വിഷബാധ ഉണ്ടാവുക. മീനുകള്‍ മലിന ജലം ചെകിളയിലൂടെ അരിച്ചു വിടുമ്പോള്‍ മെര്‍ക്കുറി ശരീരത്തില്‍ അടിയുന്നു. അവയുടെ ജീവിതകാലം കൂടുന്നതനുസരിച്ച് ശരീരത്തിലടിയുന്ന മെര്‍ക്കുറിയുടെ അളവും കൂടും. വലിയ മീനുകള്‍ ചെറിയ മീനുകളെ കഴിക്കുമ്പോഴും ഈ മെര്‍ക്കുറി ആഗിരണപ്രക്രിയ നടക്കുന്നു.

മത്സ്യങ്ങളുടെ ശരീരകലകളിലാണ് മെര്‍ക്കുറി അടിയുന്നത്. അതിനാല്‍ പാചകം ചെയ്താലോ കൊഴുപ്പു നീക്കിയാലോ ഒന്നും ഈ മാലിന്യം മാറ്റപ്പെടുന്നില്ല. ഇത്തരം മത്സ്യങ്ങളെ കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും മെര്‍ക്കുറി അടിയുന്നു. വിഷബാധയുടെ പ്രശ്നങ്ങളുള്ളതിനാല്‍ മത്സ്യങ്ങളുടെ തലയും കരളും വൃക്കയുമൊന്നും കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം. അമോണിയയും ഫോര്‍മാലിനുമാണ് മീനുകളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍. മീന്‍ കേടുകൂടാതിരിക്കാനാണ് ഇവ ഉപയോഗിക്കുക. ഫോര്‍മാലിന്‍ പാചകം വഴിയൊന്നും നശിക്കുകയുമില്ല.

നാലുതരം മീനുകളിലാണ് മെര്‍ക്കുറി വിഷബാധയ്ക്കുള്ള സാധ്യത കൂടുതല്‍. സ്രാവ്, ചൂര, കടല്‍ക്കുതിര(സ്വോഡ് ഫിഷ്), കിങ് മാക്കറില്‍ എന്നിവയാണവ.

ചെമ്മീന്‍, കൊഞ്ച്, ഞണ്ട് പോലുള്ള തോടുള്ള കടല്‍വിഭവങ്ങളേയും ഇത്തരം മലിനീകരണം ബാധിക്കാം. തോടുള്ള മത്സ്യങ്ങള്‍ കടല്‍വെള്ളം ശരീരത്തിലൂടെ കടത്തി അരിച്ചുവിടുന്നതിലാണ് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത്.

മീന്‍ തിരഞ്ഞെടുക്കുമ്പോള്‍

fresh-fish1

എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ ചിലപ്പോള്‍ പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. നല്ല മത്സ്യത്തിന്റെത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും.തൊട്ടുനോക്കിയാല്‍ നല്ല മാര്‍ദവം ഉണ്ടാകും.

മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം.

മത്സ്യത്തിന്റെ കണ്ണുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കും. മങ്ങല്‍ ഒട്ടും ഉണ്ടാവില്ല. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു നീലനിറമായിരിക്കും.

ചെകിളപ്പൂക്കള്‍ പരിശോധിക്കുക. ഫ്രഷ് ആണെങ്കില്‍ ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.

മുറിച്ച മത്സ്യം ഫ്രഷ് ആണോയെന്നറിയാന്‍ ഈര്‍പ്പമുണ്ടോയെന്നു നോക്കുക. ഫ്രഷ് എങ്കില്‍ നിറവ്യത്യാസവും ഉണ്ടായിരിക്കില്ല.

മാംസം തന്നെ അടര്‍ന്നു പോരുന്നെങ്കില്‍ പുതിയ മീന്‍ ആയിരിക്കില്ല.

മത്സ്യത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്.

വലിയ മീനുകള്‍ വാങ്ങുംമുമ്പ് പതിയെ കൈകൊണ്ട് ഒന്നമര്‍ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില്‍ മീന്‍ അത്ര പുതിയതാകണമെന്നില്ല. ഉറപ്പുള്ള മാംസം മീന്‍ പുതിയതാണ് എന്നതിന്റെ സൂചനയാണ്

വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടേയും തോട് അല്‍പം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാല്‍ താനെ അടഞ്ഞുപോകും. ഫ്രീസറില്‍ വച്ച മീന്‍ വാങ്ങുമ്പോള്‍ നിറവിത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക.

സുരക്ഷിതം മത്തി

mathi-fish

ഭക്ഷ്യശൃംഖലയുടെ താഴെ തട്ടിലുള്ള ചെറിയ മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്. വില കുറവാണ്. എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും. ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു. ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും. മത്തി വറുത്തു കഴിക്കുന്നതിലും നല്ലത് മുളകരച്ച് കറിവച്ചു കൂട്ടുന്നതാണ്. നെത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. ഇത്തരം മീനുകള്‍ പാചകം ചെയ്യും മുമ്പ് ഉപ്പു ചേര്‍ത്ത് ഉരച്ചു കഴുകിയിട്ടേ ഉപയോഗിക്കാവൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.