Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനങ്ങളെ എങ്ങനെ സ്വീകരിക്കണം?

criticism Image Courtesy: The Week Smartlife Magazine

ഒരാളെ വിമർശിക്കുന്നതിനു മുമ്പ് നിങ്ങൾ ചിന്തിക്കാറുണ്ടോ? ചിന്തിച്ചു മാത്രം വിമർശനമുന്നയിക്കണം എന്നു മനസ്സിലാക്കിത്തരുന്ന ഒരു സെൻകഥയുണ്ട്. ഒരു തരി വെളിച്ചം പോലുമില്ലാത്ത അമാവാസി ദിനത്തിൽ ഒരു അന്ധൻ തന്റെ സ്നേഹിതന്റെ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു. കത്തിച്ചുവച്ച ഒരു കുഞ്ഞുവിളക്ക് സ്നേഹിതനു നേരെ നീട്ടിക്കൊണ്ടയാൾ പറഞ്ഞു. ഇതാ ഈ വിളക്ക് കൈയിൽ പിടിച്ചോളു. അന്ധൻ ആശ്ചര്യത്തോടെ ചോദിച്ചു. താങ്കൾ തമാശ പറയുകയാണോ? എനിക്കെന്തിനാണ് വിളക്ക്? ഇരുളും വെളിച്ചവും തമ്മിൽ എനിക്കെന്ത് വ്യത്യാസമാണുള്ളത്? അപ്പോൾ സ്നേഹിതൻ പറഞ്ഞു. ഇരുളിൽ വഴി നടക്കുന്ന മറ്റാരെങ്കിലും നിങ്ങളെ തട്ടിവീഴിത്താതിരിക്കാൻ ഇത് ഉപകരിച്ചേക്കും. നന്ദി പറഞ്ഞ അന്ധൻ വിളക്കുമായി യാത്ര തുടർന്നു. അല്പം മുന്നോട്ടു നടന്നതേയുള്ളൂ, അപ്പോഴേക്കും ആരോ വന്ന് അയാളെ തട്ടിവീഴ്ത്തി. അന്ധൻ കോപത്തോടെ ചോദിച്ചു. എന്തൊരു മനുഷ്യനാണ് നിങ്ങൾ. നിങ്ങൾ കണ്ണ് പൊട്ടനാണോ? എന്റെ കൈയിലിരുന്ന വിളക്ക് കണ്ടില്ലേ? വഴിപോക്കൻ ഇപ്രകാരം മറുപടി പറഞ്ഞു സോദരാ അത് കെട്ടുപോയിരിക്കുന്നു.

മഹാചിന്തകനായ കൺഫ്യൂഷസ് ഇങ്ങനെ പറഞ്ഞു. അയൽക്കാരന്റെ മേൽക്കൂരയിലെ മഞ്ഞിനെക്കുറിച്ച് പരാതിപ്പെടരുത്, നിങ്ങളുടെസ്വന്തം വാതിൽപ്പടി വൃത്തിഹീനമായിരിക്കുമ്പോൾ

വിമർശനങ്ങൾക്ക് പലരീതി

വിമർശനം നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ് പലരും പലരീതിയിലാണതിനെ ഉൾക്കൊള്ളുന്നതെങ്കിലും. ചിലർക്കത് മറ്റുള്ളവരെ നേർവഴിക്കു നയിക്കുന്നതിനുതകുന്ന വഴി വെളിച്ചമാണെങ്കിൽ മറ്റു ചിലർക്കത് സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നതിനുള്ള ആയുധമാണ്. കാര‌ണമില്ലാതെ മറ്റുള്ളവരെ വിമർശിക്കുന്നവരെപ്പറ്റി ലോകത്ത് ഉണ്ടായതിൽ വച്ച് ഏറ്റവും മനോഹരമായ വിലയിരുത്തൽ പ്രശസ്ത ഫ്രഞ്ച് ചിന്തകനായ ഴാങ് സിബെലിസിന്റേതായിരിക്കും.

‘വിമർശകരെ ആദരിക്കാനായി ലോകത്തൊരിടത്തും പ്രതിമകൾ സ്ഥാപിക്കപെട്ടിട്ടില്ല’.വിമർശനം പലപ്പോഴും വ്യക്തിയുടെ നിലനിൽപിന് അത്യാവശ്യമായെന്നു വരാം. മറ്റു ചിലപ്പോൾ അവ നമ്മുടെ നിലനിൽപിനെത്തന്നെ അപകടത്തിലാക്കിയെന്നു വരാം. രണ്ടായാലും വിമർശിക്കുന്നതിനുമുമ്പ് അതിനെക്കുറിച്ചു രണ്ടുവട്ടം ആലോചിച്ച് തീരുമാനമെടുക്കുക.

ഉൾക്കൊള്ളുമോ?

മറ്റുള്ളവരെ വിമർശിക്കുന്നതിന് മുമ്പ് ആ വിമർശനത്തെ അയാൾ എങ്ങനെ ഉൾക്കൊള്ളുമെന്നും അയാൾ ശരിയായരീതിയിൽ അതുൾക്കൊള്ളാവുന്ന മാനസിക പക്വത ആർജിച്ച വ്യക്തിയാണോയെന്നും ചിന്തിച്ചുറപ്പിച്ചശേഷം വിമർശിക്കുന്നതാണു ബുദ്ധി. നാം ഒന്നു മനസ്സുവച്ചാൽ പല വിമർശനങ്ങളെയും മറ്റുള്ളവർക്ക് ഉൾക്കൊള്ളാനും ആത്മ പരിശോധനയ്ക്കുതകുന്നതുമാക്കി മാറ്റാൻ സാധിക്കും. പക്ഷേ, അല്പം ക്ഷമയും ബുദ്ധിയും ഉപയോഗിക്കണമെന്നു മാത്രം. ഇങ്ങനെ ചെയ്യുക വഴി നമുക്ക് മിത്രങ്ങളുടെ എണ്ണം കുറയാതെ സൂക്ഷിക്കാമെന്നു മാത്രമല്ല, ശത്രുക്കളുടെ എണ്ണം കൂടാതെ നോക്കുകയും ചെയ്യാം.

വിമർശനങ്ങളെ വിലയിരുത്തുക

ആരെങ്കിലും നമ്മെ വിമർശിക്കുന്ന അവസരങ്ങളിൽ മനസ്സ് പതറാതെ സംരക്ഷിക്കുവാനും ശരിയായ രീതിയിൽ അതുൾക്കൊള്ളുവാനും ഒരു മാർഗമുണ്ട്. ഇപ്രകാരമാണത്. ആദ്യപടിയായി, ഉന്നയിക്കപ്പെട്ട വിമർശനത്തിൽ ഏതെങ്കിലും രീതിയിൽ കഴമ്പുണ്ടോയെന്നു പരിശോധിക്കണം. ഉണ്ടെങ്കിൽ അതിനെ പൊസിറ്റീവായി ഉൾക്കൊണ്ടുകെണ്ടു നമുക്കു പറ്റിയ അബദ്ധമോ തെറ്റോ തിരുത്തുവാനുള്ള മനോഭാവം ആർജിച്ചെടുക്കണം. ഇത്തരം ഒരു മനോഭാവം അത്രവേഗം ഉൾക്കൊള്ളാൻ സാധിക്കാത്തതാണെങ്കിലും പതിയെപ്പതിയെ അതുൾക്കൊള്ളുവാനുള്ള ശേഷി നമ്മുടെ മനസ്സിനു കൈവന്നുകൊള്ളും. രണ്ടാമത്തെ പടി ഇതാണ്. വിമർശനത്തിൽ കഴമ്പില്ലെങ്കിൽ അതിനെ പൂർണമായും തള്ളിക്കളയുക. നമ്മെപ്പറ്റി ആരോ എന്തോ പറഞ്ഞു. അതിനു കാരണം അയാളുടെ മാനസിക പക്വതയുടെ കുറവാണ് എന്നു കരുതുക. മൂന്നാമത്തെ പടി ഉന്നയിക്കപ്പെട്ട വിമർശനത്തിൽ കഴമ്പില്ല എന്നും ഉന്നയിച്ചയാളുടെ തെറ്റിദ്ധാരണയാണ് അതിനു കാരണമെന്നും നമുക്ക് ഉത്തമബോധ്യമുണ്ടെങ്കിൽ വിമർശകനോട് അക്കാര്യം പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കാം.

എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അക്കാര്യം കാലത്തിനു വിട്ടേക്കുക. കാരണം കാലത്തിനു തെളിയിക്കാൻ സാധിക്കാത്ത സത്യങ്ങൾ വളരെ കുറവാണ്.

മറ്റുള്ളവരുടെ നന്മകളിൽ ശ്രദ്ധിക്കാം

വെറും നാലാം ക്ലാസ്സ് വരെ ‌മാത്രം പഠിക്കുകയും ലോക ധനികരിൽ ഒരുവനായി തീരുകയും ചെയ്ത ആൻഡ്രൂ കാർണഗി തന്റെ എതിരാളികളുമായിപ്പോലും സൗഹൃദം സ്ഥാപിച്ചു. വ്യവസായ മേഖലയെ വളർത്തുന്നതിൽ അസാമാന്യ ശേഷി കൈവരിച്ച വ്യക്തിയായിരുന്നു. താങ്കൾക്കെങ്ങനെ എതിരാളികളികളോട് പോലും ഇത്രയും സൗഹൃദപരമായി ഇടപെടാൻ സാധിക്കുന്നു? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഒരു ഗ്രാം സ്വർണം ലഭിക്കാൻ ടൺ കണക്കിന് മണ്ണ് അരിക്കേണ്ടി വരും. പക്ഷേ, അത്രയും മണ്ണ് അരിക്കുമ്പോഴും നമ്മുടെ ശ്രദ്ധ മുഴുവനും ഒരു തരി സ്വർണത്തിലായിരിക്കും. മണൽക്കൂമ്പാരത്തെക്കുറിച്ച് നാം ചിന്തിക്കുക പോലുമില്ല നമ്മോടൊപ്പം ഇടപഴകുന്നവരുടെ പരിമിതികളിലും കഴിവുകേടുകളിലും ശ്രദ്ധ ചെലുത്താതെ അവരുടെ നന്മകളിൽ ശ്രദ്ധ ചെലുത്തുക. ഇത്തരം മനോഭാവം വളരെ വലിയ പ്രയോജനമുളവാക്കും നമ്മളിലും അവരിലും.

എം. എസ്. രഞ്ജിത് മോട്ടിവേഷനൽ ഇൻസ്ട്രക്റ്റർ, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.