ഓഗസ്റ്റിലെ മികച്ച വീടുകൾ

ഹോംസ്‌റ്റൈൽ ചാനലിൽ ഓഗസ്റ്റ് മാസം ഏറ്റവും കൂടുതൽ ആളുകൾ വായിച്ച വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

26 ലക്ഷത്തിന് കോൺക്രീറ്റില്ലാത്ത വീട്!

ഇരുട്ടിക്കടുത്ത് വള്ളിത്തോട്ടിൽ 12 സെന്റ് സ്ഥലം വാങ്ങി വീടു പണിയുമ്പോൾ ഷിജുവിന് കൃത്യമായ ധാരണകളുണ്ടായിരുന്നു. പ്രകൃതിസ്നേഹം വാക്കുകളിൽ മാത്രം പോരാ, പ്രവൃത്തിയിലും കാണണം. 

ദേവിക ഫൊട്ടോഗ്രഫി സ്റ്റുഡിയോ നടത്തുന്ന ഷിജുവിന്റെ ആത്മവിശ്വാസം താൻ ഒരു കലാകാരനും പ്രകൃതിസ്നേഹിയും ആണെന്നതായിരുന്നു. “പ്ലാൻ വരയ്ക്കാൻ തുടങ്ങിയപ്പോഴാണ് കണക്കുകളെപ്പറ്റി വലിയ ധാരണയില്ല എന്ന കാര്യം മനസ്സിലായത്.” ഷിജു പറയുന്നു. സ്റ്റുഡിയോയിലെ ടൈലിന്റെയും മുറിയുടെയും അളവുകൾ പാദങ്ങള്‍ കൊണ്ട് അളന്ന് പഠിച്ച് ആ കടമ്പ ഷിജു മറികടന്നു.

സ്വന്തമായി വരച്ച പ്ലാൻ വാസ്തു പരിശോധിക്കാന്‍ ആശാരിയുടെ അടുത്തെത്തിച്ചപ്പോൾ വലിയ മാറ്റങ്ങളൊന്നും വേണ്ടിവന്നില്ല എന്നത് ഷിജുവിന്റെ ആത്മവിശ്വാസം കൂട്ടി. സുഹൃത്തായ എൻജിനീയറുടെ സഹായത്തോടെ നിർമാണ അനുവാദം വാങ്ങി ഷിജു ദേവിക സ്വന്തം മനസ്സിലെ ആശയങ്ങള്‍ പ്രാവർത്തികമാക്കിയ കഥയാണ് ഇനി.

പടിഞ്ഞാറ് ദർശനമായുള്ള വീടിന്റെ വിസ്തീർണം 2200 സ്ക്വയർഫീറ്റ്. നാലുവരി കട്ടകള്‍ കെട്ടി പഴയ വീടുകളിലേതുപോലെ അൽപം ഉയർന്നു നിൽക്കുന്ന രീതിയിലാണ് തറ. കോൺക്രീറ്റില്ലാത്ത വീടു വേണമെന്നാണ് ഷിജു ആഗ്രഹിച്ചത്. അഞ്ചു നിലയുള്ള കലാപരമായ റൂഫ് ചെയ്യാൻ ഷിജു കോൺക്രീറ്റിനെ ആശ്രയിച്ചില്ല. ട്രസ് വർക്കും ആറ് എംഎം കനമുള്ള സിമന്റ് ഫൈബർ ബോർഡും പഴയ ഓടുകളുമുപയോഗിച്ച് ചെയ്ത മേൽക്കൂര കാണാനും നല്ല ചേല്! ഇതിനായി നാലായിരം പഴയ ഓട് വാങ്ങി കഴുകിയെടുത്തു.

കുളിർമയുള്ള അകത്തളം

പൊതുവേ കുറച്ച് ഉയർന്ന പ്രദേശമായതിനാൽ പ്രകൃതി തരുന്നൊരു കുളിരുണ്ട് ഇവിടെ. അകത്തേക്ക് പ്രവേശിക്കുമ്പോഴും അതിനൊരു കുറവും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയം. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ഒരൊറ്റ ഫാൻ പോലും ഈ വീടിനകത്തില്ലെന്ന്.

ഇന്റർലോക്ക് ഇഷ്ടിക കൊണ്ടാണ് ഭിത്തികൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് അകത്തോ പുറത്തോ തേപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. അകത്തെ ഭിത്തികൾ പോയിന്റ് ചെയ്ത് പുട്ടിയിട്ട് പെയിന്റടിച്ചപ്പോൾ പുറംഭിത്തികൾ വാർണിഷ് മാത്രം ചെയ്തു. പ്രധാന വാതിലിനും ഇരുവശങ്ങളിലുമുള്ള ജനലുകൾക്കും മാത്രമേ തടിപ്പണിയെ ആശ്രയിച്ചുള്ളൂ. ഇതിന് ആഞ്ഞിലിയും പ്ലാവും ഉപയോഗിച്ചു. അകത്ത് റെഡിമെയ്ഡ് വാതിലുകളും സിമന്റ് ജനലുകളും ചെലവു കുറയ്ക്കാൻ സഹായിച്ചു.

ഹാളിന്റെ ഒരു വശത്തായി കോർട്‌യാര്‍ഡും മീനുകൾ തത്തിക്കളിക്കുന്ന വാട്ടർബോഡിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു സമീപത്തുള്ള പൂജാമുറിയിലേക്ക് കടക്കാൻ കല്ലു പാകിയ പാതയുമുണ്ട്.

മുകളിൽ 320 സ്ക്വയർഫീറ്റിലുള്ള ഹാളിന് വിവിധ റോളുകൾ കൈകാര്യം ചെയ്യാനാവും. ഷിജുവിന്റെ ഫൊട്ടോഗ്രഫി സ്റ്റുഡിയോ ആയും കിടപ്പുമുറിയായും രണ്ട് ഉപയോഗം കണ്ടെത്തിയിരിക്കുന്നു ഷിജുവും കുടുംബവും.

അടുക്കളയിലെ കാബിനറ്റുകൾക്ക് സിമന്റ് ഫൈബർ ബോർഡും ബെഡ്റൂമുകളിൽ വാഡ്രോബിന് അലുമിനിയം ഫാബ്രിക്കേഷനും ഉപയോഗപ്പെടുത്തി. ഭിത്തികളിലും മറ്റും റെഡിമെയ്ഡ് നീഷുകൾ വച്ച് മോടി കൂട്ടി.

കോൺക്രീറ്റ് ഉപയോഗിക്കാതെ വീട് വയ്ക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് അത്ഭുതം കൂറിയവരും ഭ്രാന്തൻ ആശയമെന്ന് പറഞ്ഞ് പരിഹസിച്ചവരും കുറവല്ല. എന്തായാലും തീരുമാനത്തിൽ നിന്ന് കടുകിട മാറാത്തതാണ് ഷിജുവിന്റെ സ്വപ്നക്കൂടിന് കിട്ടിയ അംഗീകാരം. ഇന്ന് ഈ വീട് എല്ലാവർക്കും ഒരു അദ്ഭുതമായി മാറിയിരിക്കുന്നു.

പൂർണരൂപം വായിക്കാം 

*************

ഇങ്ങനെയൊക്കെ രൂപം മാറാമോ? അതിശയിപ്പിക്കും ഈ കാഴ്ചകൾ!

തറവാട് വീട്ടിൽ കാലപ്പഴക്കത്തിന്റെ ബലഹീനതകളും സ്ഥലപരിമിതികളും വർധിച്ചപ്പോഴാണ് പ്രവാസിയായ അബ്ദുൽ സലാം പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. എന്നാൽ പഴയ വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൂർണമായി പൊളിച്ചു കളയാനും തോന്നിയില്ല. അങ്ങനെയാണ് പുതുക്കിപ്പണിയിലേക്കെത്തിയത്. അത് ഒരു ഒന്നൊന്നര പുതുക്കിപ്പണിയായി മാറി.. ആ കഥയിലേക്ക്....

കോഴിക്കോട് മാവൂരാണ് കാലത്തിനൊത്ത് മുഖം മിനുക്കിയ ഈ കേൾക്കാൻ വീട്. റോഡുനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന 10 സെന്റ് പ്ലോട്ടായിരുന്നു ഇവിടെ. മുറ്റത്തിന് 4 മീറ്റർ മാത്രമേ വീതിയുള്ളായിരുന്നു. ഒരു മഴ പെയ്യുമ്പോഴേ വെള്ളക്കെട്ടാകും. ആദ്യം ഇതിനാണ് പരിഹാരം കണ്ടത്. താഴ്ന്ന പ്ലോട്ട് മണ്ണിട്ട് പൊക്കി. പല തട്ടുകളായി മുറ്റം ഒരുക്കി. ഇതോടെ മുറ്റത്തിന് കൂടുതൽ സ്ഥലം ലഭിച്ചു. 

മാറ്റങ്ങൾ 

1200 ചതുരശ്രയടിയായിരുന്നു പഴയ വീടിന്റെ വിസ്തീർണം. പുതിയ വീടിന്റെ വിസ്തീർണം 3000 ചതുരശ്രയടിയാണ്.  സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മുൻവശത്തെ ഭിത്തിയിൽ ഡബിൾ ഹൈറ്റിൽ എക്സ്പോസ്ഡ് ക്ലാഡിങ് ടൈലുകൾ വിരിച്ചു. സ്ഥലങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. 

ജിപ്സം ഫോൾസ് സീലിങിനൊപ്പം വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒരുവശത്തായി കസേരകളും മറുവശത്തായി ബെഞ്ചും നൽകി.  ഗോവണി കയറി ചെല്ലുമ്പോൾ ഒരു L സീറ്റർ ലിവിങ് ക്രമീകരിച്ചു.

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് അടുക്കള.  ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്. 

വിശാലമായ അഞ്ചു കിടപ്പുമുറികളാണ് പുതിയ വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. 

വീടിനോടൊപ്പം തന്നെ ഭംഗിയുണ്ട് കാർ പോർച്ചിനും. ട്രസ് വർക്ക് ചെയ്ത് പോളികാർബണേറ്റ് ഷീറ്റ് വിരിച്ച മേൽക്കൂരയാണ് ഇതിന്റെ ഹൈലൈറ്റ്. മുറ്റം നാച്വറൽ സ്‌റ്റോണും ഗ്രാസും പാകി ഉറപ്പിച്ചു. 

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ കാറ്റും വെളിച്ചവും കൂടുതലായി അകത്തേക്കെത്തുന്നു. ചുരുക്കത്തിൽ പഴയ വീടുതന്നെയാണോ ഈ കോലത്തിലേക്ക് മാറിയതെന്ന് ഒറ്റനോട്ടത്തിൽ ആരും അദ്ഭുതത്തോടെ ചോദിച്ചുപോകും. 

പൂർണരൂപം വായിക്കാം

***********

വാട്സാപ്പിലൂടെ വിദേശത്തിരുന്നു പണിത വീട്; ചെലവ് 16 ലക്ഷം!

എന്റെ പേര് സുബിൻ വെള്ളോടൻ. ഖത്തറിൽ ആർക്കിടെക്ട് അസിസ്റ്റന്റ് & 3D വിഷ്വലൈസർ ആയി ജോലി ചെയ്യുന്നു. കോൺട്രാക്ടറെ ഒഴിവാക്കി വിദേശത്തു നിന്നുകൊണ്ട് 80% ജോലിയും നേരിട്ട് മേൽനോട്ടം നടത്തി പണികഴിപ്പിച്ച വീടാണിത്. 

ഞാൻ നാട്ടിൽ മുൻപ് ജോലിചെയ്ത സ്ഥാപനമായ ചോയ്സ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ സുഹൃത്ത് എൻജിനിയർ ലുക്മാനുമായി ചർച്ച ചെയ്തു പ്ലാൻ തയ്യാറാക്കി....പിന്നീടുള്ള ഒരു മാസംകൊണ്ട് വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും പൂർണമായും 3ഡി പ്രെസ്‌പെക്റ്റിവ് വ്യൂവിൽ തയാറാക്കി. പണിക്കാരുമായുള്ള ചർച്ചകൾ മുഴുവൻ വാട്ടസ്ആപ് വഴി ആയതിനാൽ അവർക്ക് മനസിലാവുന്ന വിധത്തിൽ ഡീറ്റൈൽ പ്ലാനുകളും മനസ്സിലെ ഐഡിയകൾ എല്ലാം 3ഡി രൂപത്തിലാക്കി അയച്ചു കൊടുത്തു.

വീടുപണിയുടെ ഓരോ ഘട്ടത്തിലും സബ് ആയി പണിയെടുക്കുന്ന നാടൻ പണിക്കാരെ കണ്ടെത്തി അവരിൽ ഏറ്റവും കുറഞ്ഞ റേറ്റ് പറയുന്നവർക്ക് പണി കൊടുത്തു. എല്ലാം പരസ്പര വിശ്വാസം എന്ന ഉറപ്പിമേൽ മാത്രമായിരുന്നു. ആരുമായും യാതൊരു എഗ്രിമെന്റ് എഴുതിയില്ല. എല്ലാം വാട്ട്സ്ആപ് വഴിയുള്ള മെസ്സേജിലൂടെ ആയിരുന്നു (എന്നെ നേരിട്ട് കാണാതെ തന്നെ ഞാൻ പറഞ്ഞ പണി എടുക്കാൻ വന്നതിലും വലിയ വിശ്വാസം എന്തിരിക്കുന്നു എന്നെ ഞാനും കരുതിയുള്ളൂ).

നമുക്ക് വേണ്ട പണി അവർ എടുത്തു തരും, അവർ പറഞ്ഞുറപ്പിച്ച പൈസ ചെറിയച്ഛന്റെ കടയിൽ നിന്നും അച്ഛന്റെ കയ്യിൽ നിന്നുമായി വാങ്ങുകയും ചെയ്യും. അവർ ചെയ്യുന്ന ജോലിയിൽ ബുദ്ധിമുട്ടിക്കുന്ന അഭിപ്രായങ്ങൾ പറയാൻ ഞാനും നിന്നില്ല, ഞാൻ കൊടുത്ത ഡ്രോയിങ്ങിൽ എതിരഭിപ്രായം പറയാൻ അവരും വന്നില്ല. അതുകൊണ്ട് പണി പെട്ടെന്ന് നീങ്ങി. ചില ഘട്ടങ്ങളിൽ പറഞ്ഞുറപ്പിച്ച സമയത്ത് പണി തീർക്കാത്തത് കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴികെ യാതൊരു അസ്വാരസ്യങ്ങളും ഉണ്ടായില്ല....

താരതമ്യേന ലേബർ ചാർജിലും വലിയ ലാഭം കിട്ടി...നമ്മുടെ ആഗ്രഹങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ ചുമ്മ അഭിപ്രായം പറയുന്നവരെ ഒരു പരിധിവരെ അകറ്റി നിർത്തി. "നമ്മൾ താമസിക്കുന്ന വീടിനു നമ്മുടെ അഭിപ്രായങ്ങൾക്കേ മുൻതൂക്കം കൊടുക്കാവൂ എന്നാണ് എന്റെ ഒരു ഇത്"....

എലിവേഷന്റെ പകുതി ഭാഗം കൊളോണിയൽ സ്ലോപും മറ്റുഭാഗം കന്റെംപ്രറി ശൈലിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പാരപെറ്റിനു വിവിധ ഹൈറ്റുകൾ നൽകി വീടിനു ഉയരം തോന്നിപ്പിച്ചു. കോഫി, യെലോ, ബെയ്ജ്, ഐവറി കളറുകളാണ്‌ പുറമേ നൽകിയിരിക്കുന്നത്.

സിറ്റ്ഔട് ചെറുതാക്കി ആ സ്പേസ് കൂടെ ലിവിങ് റൂമിൽ ഉൾപ്പെടുത്തി. മെയിൻ എൻട്രൻസിന് അഭിമുഖമായി വരുന്ന ചുമരിൽ എംഡിഎഫ് കൊണ്ട് ഓപ്പൺ പൂജ ഏരിയ നൽകി.

തേക്ക് &പ്ലാവ് വുഡ് ഫിനിഷിൽ ഉള്ള പെയിന്റും നൽകി. ചുമരിൽ വാൾ ആർട്ടും ഉൾപ്പെടുത്തി.ഫ്ലോറിൽ ഐവറി നിറത്തിലുള്ള മാർബോണറ്റ് ടൈൽ നൽകി.

ഇന്റീരിയറിനു മാച്ച് ചെയ്യാൻ വേണ്ടി പാസേജിലും ഡൈനിങ് ഏരിയയിലും കോഫീ കളർ ടൈലും നൽകി. കിച്ചണും ഡൈനിങ് ഏരിയക്കും ഇടയിൽ ചെറിയ ബാർ കൗണ്ടർ നൽകി. ചുമരിൽ തുർക്കിഷ് ഹാൻഡ് മെയ്ഡ് ഹാങ്ങിങ് ലൈറ്റുകളും നൽകി.

ഹാളിന്റെ ഒരു ഭാഗത്തു T ഷേപ്പിൽ ഹോളോ ബ്രോക്കിൽ ഭിത്തി കെട്ടി ഒരു സൈഡ് TV യൂണിറ്റിനും മറ്റേ സൈഡ് വാഷ് ബേസിനും ഒരുഭാഗത്ത് ബുക്ക് ഷെൽഫും നൽകി. 

ഡബിൾ ഹൈറ്റിൽ കോർട്യാർഡ് നൽകി. പർഗോള റൂഫിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. കോർട്യാഡിന്റെ ഒരു ചുമരിൽ ട്രെസ്സ് വർക്കിന്‌ ബാക്കിവന്ന ഇരുമ്പ് പൈപ്പുകൾ കൊണ്ട് ഓപ്പൺ പാർട്ടീഷൻ നൽകി അതിൽ കിച്ചണ് അഭിമുഖമായി വെർട്ടിക്കൽ ഫാമിങ്ങും ഉണ്ടാക്കി. ബുക്ക് ഷെൽഫിന്റെ ഉൾവശത്ത് കസ്റ്റംമെയ്ഡ് സ്റ്റീൽ ചെയർ നൽകി സ്പേസ് സേവ് ചെയ്തു. ബെഡ് റൂമുകൾക്ക് ഉള്ളിൽ പ്ലൈ വൂഡിൽ ഇന്റീരിയർ ഒരുക്കി പെയിന്റ് ഫിനിഷ് നൽകി. 

18 മാസം കൊണ്ട് വീട് പൂർത്തിയാക്കാനായി. 7 സെന്റിൽ 1450 ചതുരശ്രയടിയിൽ നിർമിച്ച വീടിനു 16 ലക്ഷം രൂപ മാത്രമാണ് ചെലവായത്. 

പൂർണരൂപം വായിക്കാം

*******

ഉറപ്പ്, ഈ വീട് നിങ്ങളുടെ ഹൃദയം കവരും! വിഡിയോ

മലയും മഞ്ഞും കാറ്റും പച്ചപ്പും പുണർന്നുനിൽക്കുന്ന വയനാട്. ഇവിടെയാണ് വിസ്താര എന്ന വീട്. വയനാടിന്റെ ഭൂപ്രകൃതിയുമായി ഇഴുകിച്ചേർന്നാണ് നിർമാണം. ചരിഞ്ഞ ഭൂപ്രകൃതിയായിരുന്നതിനാൽ നിർമ്മാണത്തിന് കോളം, ബീം രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള ബോക്സുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻകഴിയുക. 15 സെന്റിൽ 3971 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ മുന്നിൽ പോർച്ച്. സിറ്റൗട്ടിൽ നിന്നും ഒരു ഫോയർ വഴി അകത്തേക്ക് പ്രവേശിക്കാം. പേര് സൂചിപ്പിക്കും പോലെ വിസ്താരമായ അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. തെക്കു ഭാഗത്തേക്കാണ് വീടിന്റെ ദർശനം. വടക്കുഭാഗത്തുള്ള മലനിരകളുടെ മനോഹരകാഴ്ചകൾ അകത്തേക്ക് വിരുന്നെത്തുംവിധമാണ് ഇടങ്ങളുടെ ക്രമീകരണം. 

സ്വീകരണമുറി ഡബിൾഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ലിവിങ് റൂമിലെ ഭിത്തി ചെങ്കല്ലുകൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുകയാണ്. നിലത്ത് വുഡൻ ഫ്ലോറിങ് നൽകി. വുഡ്, വെനീർ എന്നിവ ചേർത്ത് ഫാൾസ് സീലിങ് നൽകി. ഹാങ്ങിങ് ലൈറ്റുകൾ വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. 

കോർട്യാർഡാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഇതിനോട് ചേർന്നുതന്നെ വുഡൻ ഡെക്കും നൽകിയിരിക്കുന്നു. കോർട്യാർഡിനോട് ചേർന്ന് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് മനോഹരമാക്കി യിരിക്കുന്നു.

മെറ്റൽ, വുഡ്, ഗ്ലാസ് എന്നിവ കൊണ്ടാണ് ഗോവണിയും കൈവരികളും. അപ്പർ ലിവിങ്ങിൽ വുഡൻ ഫ്ളോറിങ് നൽകി. ഓപ്പൺ ടെറസിൽ കുറച്ചുഭാഗം ലാൻഡ്സ്കേപ്പ് ചെയ്ത് ഒരു ഗാർഡനാക്കി മാറ്റിയിരിക്കുന്നു.

ഊണുമുറിയിലേക്ക് കാഴ്ച ലഭിക്കുംവിധമാണ് കിച്ചന്റെ സ്ഥാനം. ഇൻബിൽറ്റ് ഫ്രിഡ്ജ്, ഓവ്ൻ എന്നിവ ഒരുക്കി. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു. പുറത്തെ മലനിരകളുടെ കാഴ്ച ആസ്വദിച്ചു കൊണ്ട് പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനും സാധിക്കും. കൊറിയൻ മാർബിൾ കൊണ്ടാണ് കൗണ്ടർടോപ്. 

മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണ് വീട്ടിൽ. കിടപ്പുമുറികളിൽ ഡ്രസിങ് സ്പേസ്, ലിവിങ് സ്പേസ്, അറ്റാച്ച്ഡ് ബാത്റൂം, മേയ്ക്കപ്പ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ട്. പുറത്തെ പ്രകൃതിസൗന്ദര്യം പരമാവധി ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങൾ നൽകിയിരിക്കുന്നു. എല്ലാ കിടപ്പുമുറികളിലും ഹെഡ്ബോർഡിനോട് ചേർന്ന് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. 

പ്രകൃതിയുമായി കൈകോർത്താണ് ലാൻഡ്സ്കേപ്. നാച്വറൽ സ്റ്റോൺ, ഗ്രാസ് എന്നിവകൊണ്ടാണ് മുറ്റം ഉറപ്പിച്ചത്. സിറ്റൗട്ടിനോട് ചേർന്ന് പ്ലാന്റർ ബോക്സുകൾ തീർത്ത് പച്ചപ്പിനു സ്ഥാനം നൽകിയിരിക്കുന്നു. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാനായി ഒരു ഗസീബോയും ലാൻഡ്സ്കേപ്പിൽ ഒരുക്കിയിരിക്കുന്നു. ചുരുക്കത്തിൽ പോസിറ്റീവ് എനർജി പകർന്നു നൽകുന്ന അകത്തളങ്ങളും പ്രകൃതിയുമായി ലയിച്ചു ചേരുന്ന പുറംകാഴ്ചയുമാണ് ഈ വീടിനെ ഹൃദ്യമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത്.

പൂർണരൂപം വായിക്കാം