Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ സോളർ പാനൽ വച്ചോളൂ; ലക്ഷങ്ങൾ ലാഭം നേടാം!

വെറുതെ ഇരിക്കുമ്പോൾ കയ്യിലേക്കൊരു നിധി വന്നുചേർന്നാൽ ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ? ഇല്ല എന്നാണുത്തരമെങ്കിൽ തെറ്റി. അത് വേണ്ടെന്ന് വയ്ക്കുന്ന വലിയൊരു ജനവിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. പറഞ്ഞുവരുന്നത് പുരപ്പുറത്തെ നിധിയെക്കുറിച്ചാണ്. അതെ, സൂര്യന്‍ എന്ന അക്ഷയപാത്രം നൽകുന്ന സൗരനിധിയെക്കുറിച്ച്.

ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുള്ള ഊർജോൽപാദനത്തിന് ആയുസ്സ് കുറഞ്ഞുവരികയാണ്. ആഗോളതാപനം മൂലം ജലസ്രോതസ്സുകൾ വറ്റി വരളുന്നതുതന്നെ കാരണം. സോളർ പദ്ധതികൾക്ക് സർക്കാർ അകമഴിഞ്ഞ് പിന്തുണ നൽകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭൂമിയെ കൊടുംചൂടിലാഴ്ത്തുന്ന സൂര്യനെ ചൂഷണം ചെയ്തുതന്നെ ഊർജപ്രതിസന്ധിക്കു പരിഹാരം കാണാം!

തുടക്കത്തിലെ മുടക്കുമുതൽ ഒഴിച്ചാൽ പൂർണമായും സൗജന്യമാണ് സൗരോർജം. മേൽക്കൂരയിൽ നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലത്താണ് പാനലുകൾ പിടിപ്പിക്കേണ്ടത്. പാനലുകൾ പിടിച്ചെടുക്കുന്ന സൗരോർജം ഡിസി കറന്റ് ആയി ബാറ്ററിയിൽ സൂക്ഷിക്കുകയും പിന്നീട് ഇൻവർട്ടറിലൂടെ വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക.യും ചെയ്യാം. ഒരു കിലോവാട്ട് ശേഷിയുള്ള സോളർ പവർ സിസ്റ്റം വച്ചാൽ മാസം നൂറ് യൂണിറ്റോളം വൈദ്യുതി ലഭിക്കും.

solar-panel

പുരപ്പുറത്തു പത്ത് ചതുരശ്രമീറ്റർ സ്ഥലം പാനൽ പിടിപ്പിക്കാൻ മാറ്റിവയ്ക്കണം. ചരിഞ്ഞ മേൽക്കൂരയിലും പാനൽ പിടിപ്പിക്കാം. തെക്കോട്ട് അഭിമുഖമായി വേണം പാനൽ സ്ഥാപിക്കാൻ. സൂര്യന്റെ ചലനപാത, മരങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിഴൽ വീഴാനുള്ള സാധ്യത എന്നിവയും കണക്കിലെടുക്കണം.

സൗരോർജംകൊണ്ട് ഒരു ഫാനും രണ്ട് ലൈറ്റും മാത്രം പ്രവർത്തിപ്പിച്ചിരുന്ന കാലമൊക്കെ എന്നേ കടന്നുപോയി. മോട്ടോറും വാട്ടർ ഹീറ്ററും എസിയും സൗരോർജത്തിൽ ഓടുന്ന കാലമാണ്. കെഎസ്ഇബി കണക്ഷൻ പോലും എടുക്കാതെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടുകളും ഇന്നുകാണാം. ദിവസവും കൂടുതൽ സമയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വേണം സൗരോർജത്തിൽ ബന്ധിപ്പിക്കാൻ. ഇതിന് കണക്ടഡ് ലോഡ് കണ്ടുപിടിക്കണം. എല്ലാ ഉപകരണങ്ങൾക്കും പ്രവർത്തനം തുടങ്ങാനുള്ള വൈദ്യുതിയും (Starting Current) പ്രവർത്തിക്കുമ്പോൾ ആവശ്യമായ വൈദ്യുതിയും (Running Current) രണ്ട് അളവാണ്. റണ്ണിങ് കറന്റിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് അധികമായിരിക്കും സ്റ്റാർട്ടിങ് കറന്റ്. ഇവ രണ്ടും കണക്കാക്കി വേണം കണക്ടഡ് ലോഡ് തീരുമാനിക്കാൻ.

solar-panel

ഓൺ–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളർ ഇൻവർട്ടറുകളുണ്ട്. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതോർജം സർക്കാരിനു നൽകാനുള്ള സംവിധാനവുമുണ്ട്. ഓൺ–ഗ്രിഡ് ഇൻവർട്ടർ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനുള്ള അപേക്ഷയ്ക്കൊപ്പം 1,000 രൂപ അടച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി തൃപ്തികരമെങ്കിൽ അനുവദിക്കുന്നതാണ്. സർക്കാരിനു നൽകുന്ന വൈദ്യുതിയുടെ തത്തുല്ല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവ് ചെയ്യും. ബാറ്ററിയുടെ ചെലവ് ലാഭമാണെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. കെഎസ്ഇബി ലൈനിൽ കറന്റ് ഇല്ലെങ്കിൽ വീട്ടിലും കറന്റ് ലഭിക്കുകയില്ല എന്നത് പോരായ്മയാണ്.

ഒരു ബാറ്ററിക്ക് 20,000 രൂപയോളം ചെലവ് വരും. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ബാക്ക് അപ് വേണ്ട സമയവും കണക്കാക്കി വേണം ബാറ്ററി തിരഞ്ഞെടുക്കാൻ. ഒരു ദിവസത്തെ ബാക്ക്അപ്പിന് 1200 വാട്ട് അവർ (Watt Hour) ശേഷിയുള്ള ബാറ്ററി മതിയാകും.

ഒരു എസി ഉപയോഗിക്കുന്ന നാലംഗ കുടുംബത്തിന്റെ ആവശ്യത്തിന് മൂന്ന് കിലോവാട്ടിന്റെ സിസ്റ്റം മതിയാകും. ഇതിൽ നിന്ന് ഒരു ദിവസം 12 യൂണിറ്റ് വൈദ്യുതി വരെ ഉൽപാദിപ്പിക്കാം. മഴക്കാലത്ത് ആറ് യൂണിറ്റ് വരെ ലഭിക്കും. ഓൺ–ഗ്രിഡ് രീതിയിൽ ഇതിന് രണ്ടര ലക്ഷത്തിനും രണ്ടേമുക്കാൽ ലക്ഷത്തിനും ഇടയ്ക്ക് ചെലവ് വരും. പാനൽ, ഇൻവർട്ടർ, സർജ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഓൺ–ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ച് വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാവുന്നതാണ്. ഇടയ്ക്ക് ബാറ്ററി മാറ്റേണ്ടി വരുന്നതിനാൽ ഓഫ്–ഗ്രിഡ് അത്ര ലാഭകരമല്ല. അതിനാൽ ഓൺ ഗ്രിഡിനാണ് ആവശ്യക്കാർ കൂടുതൽ.

ചൂടുകാലത്ത് കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കാൻ പറ്റുമെന്നത് തികച്ചും തെറ്റായ ധാരണയാണെന്ന് രംഗത്തെ വിദഗ്ധർ പറയുന്നു. പാനലുകളിലുള്ള സിലിക്കോൺ സെല്ലുകളാണ് സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് ഇവയുടെ പ്രവർത്തനക്ഷമത കുറയും. 25 ഡിഗ്രി സെൽഷ്യസിലാണ് പാനലുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുക.

x-default

മറ്റേത് ഉപകരണവും പോലെ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ സോളർ പ്ലാന്റും നഷ്ടക്കച്ചവടമാകും. പാനലുകൾ രണ്ടു മാസത്തിലൊരിക്കലെങ്കിലും കഴുകണം. പൊടി അടിഞ്ഞു കൂടിയാൽ പാനലിന്റെ പ്രവർത്തനക്ഷമത കുറയും. മിന്നൽ രക്ഷാചാലകം സ്ഥാപിക്കുകയും കുറ്റമറ്റ രീതിയിൽ എർത്തിങ് ചെയ്യുകയും വേണം.

ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാല്‍ വീട്ടിലെ വൈദ്യുതി ബിൽ അറുപത് ശതമാനമെങ്കിലും കുറയ്ക്കാമെന്ന് കണക്കുകൾ പറയുന്നു. ഇനി പറയൂ, ഈ സൗജന്യനിധി വേണ്ടെന്നു വയ്ക്കണോ?

അനെർട്ട് ഉണ്ട് കൂടെ

സോളർ പ്ലാന്റ് സ്ഥാപിക്കുന്ന വീടുകൾക്ക് സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കും. ഇതിനായി ഒട്ടേറെ നോഡൽ ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള അനെർട്ട് (Agency For Non Conventional Energy and Rural Technology) ആകർഷകമായ സബ്സിഡികൾ നൽകുന്നുണ്ട്.

‘സോളർ സ്മാർട്ട്’ പദ്ധതി പ്രകാരം ഒരു കിലോവാട്ടിന് 40,500 രൂപയാണ് ഓഫ്–ഗ്രിഡ് ഇൻവർട്ടർ സംവിധാനത്തിൽ സബ്സിഡി ലഭിക്കുക. ഓൺ–ഗ്രിഡ് സംവിധാനത്തിൽ 18,000 രൂപയാണ് ഓരോ കിലോവാട്ടിനും സബ്സിഡി. കേന്ദ്രഗവൺമെന്റിന്റെ വകയാണ് ഈ സബ്സിഡി. ഇതുകൂടാതെ, സംസ്ഥാന സർക്കാരും സബ്സിഡി നൽകുന്നുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ സമീപിച്ചാൽ പദ്ധതിയുടെ 20 ശതമാനം സബ്സിഡി ആയി ലഭിക്കും. പക്ഷേ, ഓഫ്–ഗ്രിഡിൽ ഒരു കിലോവാട്ടിനും ഓൺ–ഗ്രിഡിൽ രണ്ട് കിലോവാട്ടിനും മാത്രമേ അനുമതിയുള്ളൂ. അനെർട്ടിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അംഗീകൃത സ്ഥാപനങ്ങളെ മാത്രമേ കരാർ ഏൽപിക്കാവൂ.

www.anert.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. റജിസ്ട്രേഷൻ സമയത്ത് കെഎസ്ഇബി ബിൽ, ആധാർ കാർഡിന്റെ കോപ്പി എന്നിവ കരുതേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

അനീഷ് എസ്. പ്രസാദ്, പ്രോഗ്രാം ഓഫിസർ, അനെർട്ട്

ഇനി പാചകത്തിനും സൗരോർജം

സോളർ ഉൽപന്നങ്ങളുടെ മേഖലയിൽ ഇന്ന് പരീക്ഷണങ്ങളുടെ പൂക്കാലമാണ്. വൈദ്യുതിയും ബാറ്ററിയും കൊണ്ട് പ്രവർത്തിച്ചിരുന്ന പല ഉപകരണങ്ങളും ഇന്ന് സൗരോർജത്തിലേക്കു കൂടു മാറുന്നു. കേരളത്തിൽനിന്ന് അത്തരമൊരു കണ്ടുപിടുത്തം ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുകയാണ്. സൗരോർജം കൊണ്ടു പ്രവർത്തിക്കുന്ന ഇഡ്ഡലി കുക്കർ ആണ് ആ സംഭവം.

കൊച്ചി ആസ്ഥാനമായുള്ള ക്രാഫ്റ്റ് വർക്ക് സോളർ ആണ് ഈ ഭീമൻ കുക്കർ വികസിപ്പിച്ചെടുത്തത്. പാരബോളിക് റിഫ്ലക്ടറുകൾ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശത്തിൽനിന്ന് ഉണ്ടാവുന്ന നീരാവിയാണ് ഇവിടെ പാചകത്തിനുപയോഗിക്കുക. 130 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് വരെ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ പകൽ സമയത്ത് കൂടിയ തോതിൽ ഭക്ഷണം ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങളിലേക്കാണ് ഇവ അനുയോജ്യം. എൽപിജിയുമായി താരതമ്യം ചെയ്യുമ്പോൾ സംഗതി വളരെ ലാഭകരമാണെന്നും കമ്പനി അവകാശപ്പെടുന്നു.

അനെർട്ട് സംഘടിപ്പിച്ച അക്ഷയ ഊർജ ഉത്സവത്തിൽ സോളർ കുക്കർ ഒട്ടേറെ അഭിനന്ദനങ്ങൾ നേടി. തങ്ങളുടെ കണ്ടുപിടിത്തം നവ നവീകരണ ഊർജ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് കമ്പനി.

തക്കതായ ബദൽ

കെഎസ്ഇബി ലൈനിൽ വൈദ്യുതി ഇല്ലെങ്കിൽ ഓൺ–ഗ്രിഡ് സംവിധാനം പ്രവർത്തിക്കുകയില്ല. ഓഫ്–ഗ്രിഡാണെങ്കിൽ ബാറ്ററിയുടെ ഭീമമായ ചെലവും. ഇതിനു പരിഹാരമായാണ് ‘ഗ്രിഡ് കോംപൻസേറ്റിങ് സിസ്റ്റം’ വിപണിയിലെത്തുന്നത്. ഈ സംവിധാനത്തിൽ, വീടിനു വേണ്ട വൈദ്യുതി സൗരോർജപ്ലാന്റിൽ നിന്ന് എടുക്കും. കൂടുതൽ വൈദ്യുതി വേണ്ടി വന്നാൽ മാത്രമേ കെഎസ്ഇബി ലൈനിൽ നിന്ന് സ്വീകരിക്കൂ. ലോഡ് കുറയുമ്പോൾ ഓട്ടമാറ്റിക്കായി തിരികെ സോളറിലേക്ക് കണക്ട് ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: കെ.എൻ. അയ്യർ

info@kraftworksolar.com

വിവരങ്ങൾക്ക് കടപ്പാട്:

മുരിക്കൻസ് ഗ്രൂപ്പ്, കടുത്തുരുത്തി, കോട്ടയം

വിവരങ്ങൾക്ക് കടപ്പാട്

കിരൺ കൃഷ്ണ, പ്രോഗ്രാം ഡയറക്ടർ, വാട്സൺ എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം