'ബന്ധുക്കളെ വേണോ?' കലക്ടർ ബ്രോ ചോദിക്കുന്നു...

വീടും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വിഷമിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പുനരധിവാസം ഉറപ്പ് വരുത്താൻ സഹായിക്കുകയാണ് 'EXTEND YOUR FAMILY/ ബന്ധു ആവാം' പദ്ധതിയുടെ ലക്ഷ്യം...

ഓണക്കാലത്തും സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി ഇപ്പോഴും 13.43 ലക്ഷം പേർ. 11.5 ലക്ഷത്തിലേറെപ്പേരും എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്. പലർക്കും ഇനി തിരികെ ചെല്ലാൻ വീട് ഇല്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ കലക്ടർ ബ്രോ എന്ന് കേരളം സ്നേഹത്തോടെ വിളിക്കുന്ന പ്രശാന്ത് നായർ ഐഎഎസും കൂട്ടരും വിഭാവനം ചെയ്യുന്ന പുതിയ പദ്ധതിയാണ് 'EXTEND YOUR FAMILY/ ബന്ധു ആവാം'..

വീടും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വിഷമിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പുനരധിവാസം ഉറപ്പ് വരുത്താൻ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാമൂഹിക സേവന സന്നദ്ധത ഉള്ള ആർക്കും ഒരു കുടുംബത്തെ ദത്തെടുക്കാം. അവരുടെ വീട്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് ബന്ധുവിന്റെ ഉത്തരവാദിത്തം. 

പ്രശാന്ത് കോഴിക്കോട് കലക്ടർ ആയി പ്രവർത്തിച്ചിരുന്നപ്പോൾ തുടങ്ങിയ കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിയുടെ തുടർച്ചയാണ് കംപാഷനേറ്റ് കേരളം. പ്രളയക്കെടുതികളിൽ വലയുന്നവരെ സഹായിക്കാനായി സമൂഹമാധ്യമങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേവനസന്നദ്ധരായ ആളുകളുടെ കൂട്ടായ്മയാണിത്. ഇതിന്റെ പ്രവർത്തനം വിശദീകരിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിലിട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു..

നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.

പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്ക് നിങ്ങളെയുംഇഷ്ടപ്പെടണം കേട്ടോ! ഗൾഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ... പ്രവാസിബന്ധുക്കൾ ഇതിലേ...

നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘകാലമായ പ്രവർത്തനം ആവശ്യമായി വരും.

ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് കംപാഷനേറ്റ് കേരള വെബ്‌സൈറ്റ് സന്ദർശിക്കാം. അവിടെ ചെയ്യാൻ പലതും ഉണ്ട്‌.

"EXTEND YOUR FAMILY/ ബന്ധു ആവാം" നോക്കൂ. ക്ലിക്‌ ചെയ്യൂ. നിങ്ങൾക്ക്‌ ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം.