അന്ന് ആളുകൾ കളിയാക്കി; ഇന്ന് പ്രളയത്തിൽ നാടിനെ രക്ഷിച്ച താരമായി!

വീടിന്റെ രണ്ടാം നിലയിൽ നിന്നായിരുന്നു ആളുകൾ കിണ്ടികിണറിൽ നിന്നും വെള്ളം കോരിയത്. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വള്ളത്തിൽ എത്തിയും ഈ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നു.

ദുരിതങ്ങളുടെ കഥകൾ മാത്രം ഓർത്തെടുക്കുന്ന പ്രളയകാലത്ത് ഒരു നാടിന് മുഴുവൻ താങ്ങായ കിണ്ടിയുടെ കഥയുമായി എത്തുകയാണ്  കുത്തിയതോട് നിവാസികൾ.

നോർത്ത് കുത്തിയതോട്  എം ജെ വിൽസണിന്റെ വീട്ടുമുറ്റത്താണ് പ്രളയ ദിനങ്ങളിൽ ഒരു നാടിനുമുഴുവൻ ആശ്വാസമായ ഭീമൻ കിണ്ടികിണർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പല ജില്ലകളെയും പോലെ കുത്തിയതോട് പ്രദേശത്തെ പല വീടുകളും കിണറുകളും വെള്ളത്തിനടിയിലായതോടെ ദുരിതാശ്വാസ  ക്യാംപുകളിലേക്ക് മാറിയ ആളുകൾ കുടിവെള്ളത്തിനായി സമീപിച്ചത് പത്തടി ഉയരവും ആറടി വ്യാസവുമുള്ള വിൽസണിന്റെ കിണ്ടികിണറിനെയായിരുന്നു. വെള്ളപ്പൊക്കത്തിൽ കിണ്ടി കിണറിന്റെ ഒമ്പതടിയോളം വെള്ളത്തിൽ മുങ്ങിയിരുന്നു.

മൂന്ന് നില വീടായതിനാൽ ദുരിതദിവസങ്ങളിൽ അമ്പതോളം ആളുകൾ അഭയം പ്രാപിച്ചതും വിൽസണിന്റെ വീട്ടിലായിരുന്നു. വീടിന്റെ രണ്ടാം നിലയിൽ നിന്നായിരുന്നു ആളുകൾ കിണ്ടികിണറിൽ നിന്നും വെള്ളം കോരിയത്. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വള്ളത്തിൽ എത്തിയും ഈ കിണറിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നു.

പഴയ കാലത്തെ വീടിന്റെ മുന്നിൽ വച്ചിരുന്ന കിണ്ടിയിൽ നിന്നും കയ്യും മുഖവും കഴുകിയ ശേഷം മാത്രം വീട്ടിലേക്ക് കയറിയിരുന്ന പിതാവിന്റെ ഓർമയ്ക്കായാണ് താൻ കിണ്ടി കിണർ വീടിന്റെ മുൻ ഭാഗത്ത് തന്നെ നിർമ്മിച്ചതെന്ന് വിൽസൻ പറയുന്നു.

അഞ്ചു വർഷം മുമ്പ് വീട് പണിതപ്പോൾ കിണറിന്റെ മുകളിൽ കോൺക്രീറ്റിൽ കിണ്ടി നിർമ്മിക്കുകയായിരുന്നു. അതേസമയം വീടിന്റെ മുന്നിൽ നിർമ്മിച്ച കിണ്ടി അഭംഗിയാണെന്ന് പറഞ്ഞ് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ തന്റെ വീടും കിണ്ടികിണറും പ്രളയബാധിതർക്ക് ആശ്വാസമായതിൽ ഏറെ സന്തോഷമുണ്ടെന്നും വിൽസൻ പറയുന്നു. സമൂഹമാധ്യമത്തിലെ ട്രോൾ പേജുകളിലും കിണർ താരമായി മാറി.