പ്രളയം, പൈതൃക നിർമിതികൾക്ക് എന്തുസംഭവിച്ചു?

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര തുടരുന്നു...

ദുരന്തമുണ്ടാകുന്ന ഒരു രാജ്യത്ത് ഐക്യരാഷ്ട്ര സംഘടന എത്തിയാൽ ആദ്യം ചെയ്യുന്നതു കണക്കെടുപ്പാണ്. നഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പിൽ പ്രത്യേകം തയാറാക്കുന്ന കണക്കുകളിലൊന്നു രാജ്യത്തിന്റെ സംസ്കാരം വിളിച്ചോതുന്ന പുരാവസ്തുക്കളിലുണ്ടായ നഷ്ടമാണ്. അതു കേരളത്തിലും പ്രത്യേകം കണക്കാക്കണം. 

ആറൻമുള കണ്ണാടിയുണ്ടാക്കുന്ന പണിശാലകൾ, ചേന്ദമംഗലത്തെയും കുത്താമ്പുള്ളിയിലെയും കൈത്തറി എന്നിങ്ങനെ ഭൗമസൂചികയിൽ ഇടംപിടിച്ച കേന്ദ്രങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൊതു കെട്ടിടങ്ങൾ ഇവയൊക്കെ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയവയാണ്. ഇവയ്ക്ക് എന്തു സംഭവിച്ചുവെന്നു കണക്കാക്കണം. വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്കുള്ളിൽ കല്ലിടിഞ്ഞുവീണും നാശനഷ്ടമുണ്ട്. ഇവയൊന്നും വെറുതെ കോൺക്രീറ്റ് ഉപയോഗിച്ചു ബലപ്പെടുത്താനാവില്ല, ആർക്കിയോളജിക്കൽ രീതിയിൽത്തന്നെ വേണം. 

ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള വീടുനിർമാണമാണു മലയോരത്തെ ഏക പോംവഴി. ഇതിനായി സമഗ്ര പഠനം വേണം. വാസയോഗ്യമല്ലാത്ത ഭൂമിയേതെന്നു കണ്ടെത്തിക്കൊടുക്കേണ്ടതു ജിയോളജിസ്റ്റുകളാണ്. ഹിൽ ഡവലപ്മെന്റ് അതോറിറ്റി ഇടുക്കിയിലും വയനാട്ടിലും അനിവാര്യം. ജി. ശങ്കർ പറയുന്നു.