പ്രളയശേഷമുള്ള പുനരധിവാസം; സഹായവുമായി ടി കെ എം കോളജ് 

പ്രളയാനന്തര പുനരധിവാസത്തിന് നൂതന ആശയങ്ങളുമായി ടി. കെ. എം. എൻജിനീയറിങ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം...

പ്രളയമേഖലയിലെ പുനരധിവാസത്തിനും നവകേരള നിർമ്മാണത്തിനുമായി കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജ് ആർക്കിടെക്ചർ വിഭാഗം സംസ്ഥാന ആസൂത്രണ ബോർഡിന് മുന്നിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രളയദുരന്തം കടന്നാക്രമിച്ച ആലപ്പുഴ ജില്ലയിലെ പാണ്ടനാടിനെയും  ബുധനൂരിനെയും പുനർനിർമ്മിക്കുകയെന്ന സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് ആർക്കിടെക്ചർ വിഭാഗത്തിലെ പത്തു അധ്യാപകരടങ്ങുന്ന സംഘം സ്ഥലങ്ങൾ സന്ദർശിച്ചു. ഇതുവരെയും അവിടേക്കു സാങ്കേതിക സഹായം എത്താത്ത സാഹചര്യത്തിൽ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ടി കെ എമ്മിന്റെ സാങ്കേതിക ഇടപെടലിനെ സഹർഷം സ്വാഗതം ചെയ്തു.

മുന്നോട്ടു വെച്ച ആശയങ്ങൾ

  • ഫ്ലഡ് മാപ്പിംഗ് ചെയ്തു ഫ്ലഡ് പ്ലെയിനിൽനിന്നും ആൾക്കാരെ പുനരധിവസിപ്പിക്കാനുള്ള ചെറിയ ഗ്രാമങ്ങൾക്ക് രൂപകൽപ്പന ചെയ്തു നിർമ്മിക്കുക വളരെ പ്രധാനപ്പെട്ടതാണ്. 
  • പാരമ്പര്യം, സംസ്കാരം സംബന്ധിയായ കെട്ടിടങ്ങൾക്കും വസ്തുക്കൾക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ നിർണ്ണയം നടത്തുകയും പ്രാധന്യമർഹിക്കുന്നു. സംസ്ഥാനത്തിന് വളരെയധികം വരുമാനം ലഭിക്കുന്ന മേഖലയായതിനാൽ  അവയെ പുനർസൃഷ്ടിക്കാനുള്ള ശാസ്ത്രീയമായ രൂപകൽപ്പനയും നിർമ്മിതിയും വളരെ പ്രധാനപ്പെട്ടതാണ്. 
  • നിർമ്മാണ സാമഗ്രികളുടെ ഉപയോഗം കുറച്ചുകൊണ്ട് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത കെട്ടിട നിർമ്മാണം, അവയുടെ പ്രചാരം, ബോധവൽക്കരണം എന്നിവ  ഈ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. 
  • മേൽപ്പറഞ്ഞ ആശയങ്ങൾ നടപ്പിൽ വരുത്താൻ ഉതകുന്ന വിദഗ്ധരുടെ ഒരു വലിയ നിര തന്നെ ടി. കെ. എം. എൻജിനീയറിങ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിനുണ്ട്. പലതരം സ്പെഷ്യലൈസേഷനുകൾ ഉള്ള ആർക്കിടെക്ടുകൾ, എഞ്ചിനീയർമാർ, പ്ലാനർമാർ ഉൾക്കൊള്ളുന്ന വിവിധ ടീമുകൾ ഇതിലേക്കായി സജ്ജരായി ഉടൻ പ്രവർത്തനം തുടങ്ങും. ഇതിൻറെ പ്രാരംഭ നടപടികളും ഏകോപന ചർച്ചകളും ഇതിനകം നടന്നു കഴിഞ്ഞു. 

ഹ്രസ്വകാല ആസൂത്രണം 

പ്രളയം മൂലം വീടിനും വസ്തുവകകൾക്കും ഉണ്ടായ നാശനഷ്ടം പരിശോധിച്ചു തിട്ടപ്പെടുത്തുകയും പുനരധിവാസത്തിനുള്ള വിശദമായ രൂപരേഖ തയാറാക്കുകയുമാണ് ഹ്രസ്വകാല ആസൂത്രണത്തിൽ ആദ്യമായി ചെയ്യേണ്ടത്. നിലവിൽ പാണ്ടനാട് പഞ്ചായത്ത് ഓഫീസിൽ ഇതിനുള്ള സാങ്കേതിക വൈദഗ്ധ്യം കുറവായ സാഹചര്യത്തിൽ, പ്ലാനിങ്ങിലും ബിൽഡിംഗ് ഡിസൈനിലും വിദഗ്ധ പരിജ്ഞാനമുള്ള  ടി കെ എം ആർക്കിടെക്ചർ വകുപ്പിന് വലിയ പിന്തുണ നൽകാനാവും. ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് പുനരധിവാസത്തിന് വിവിധ മേഖലകളിൽ സാങ്കേതിക മികവുള്ള പത്ത്‌ അധ്യാപകരടങ്ങുന്ന ഒരു വലിയ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചു നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.

നൂതന സാങ്കേതിക വിദ്യയും അതിന്റെ നടപ്പാക്കലും 

പ്രളയത്തിൽ ഏറ്റവും അധികം ദുരിതം അനുഭവിച്ച പാണ്ടനാടിലെ ജനങ്ങളുടെ ജീവിതം തിരിച്ചു പിടിക്കാൻ അവരുടെ വീടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനര്നിര്മ്മിക്കേണ്ടതുണ്ട്. ഭാഗികമായി തകർക്കപ്പെട്ടവ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടെടുക്കുകയും പൂർണമായി നശിച്ച വീടുകൾ പുനർനിർമിക്കുകയും വേണം. ഇതിനായി ചെലവ് കുറഞ്ഞതും വളരെ കുറച്ചു പ്രകൃതി  വിഭവങ്ങൾ ഉപയോഗിക്കുന്നതും അതാതു സ്ഥലത്തെ ഭൂപ്രകൃതിക്കു അനുയോജ്യമായതുമായ രൂപകൽപനക്കായിരിക്കണം പ്രാധാന്യം.

നെയ്‌ബർ ഹുഡ് എന്ന ആശയം 

പാണ്ടനാട്ടിലെയും ബുധനൂരിലെയും പ്രളയസാധ്യതയുള്ള സ്ഥലങ്ങളെ മാപ്പുചെയ്ത് സമഗ്രമായ ഒരു പ്ലാനിംഗ് മാതൃക ഉണ്ടാക്കിയെടുക്കേണ്ടതായിട്ടുണ്ട്. പമ്പാനദിയുടെ ഏറ്റവും അടുത്ത് താഴ്ന്നു കിടക്കുന്ന പ്രദേശങ്ങൾ വിശദമായി പഠിച്ചു നെയ്‌ബർ ഹുഡ് എന്ന ആശയത്തിനുള്ള ഒരു പ്ലാനിംഗ് മാതൃകയാണ് വിഭാവനം ചെയ്യുന്നത്. പ്രളയം ഇനിയും ബാധിക്കാനിടയുള്ള വളരെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലായി ആളുകൾ താമസിക്കുന്നതിനേക്കാൾ ഉചിതം പ്രളയ സാധ്യത കുറഞ്ഞ ഉയർന്ന സ്ഥലങ്ങളിൽ പൊതുവായ സൗകര്യങ്ങൾ പങ്കിട്ടുകൊണ്ടും അതേസമയം കൃത്യമായ സ്വകാര്യതയുള്ളതുമായ രീതിയിൽ വീടുകളുണ്ടാക്കി ഒരുമിച്ചു താമസിക്കുന്നതായിരിക്കും. ഇത്തരത്തിൽ പൊതുവായ ഇടങ്ങളും സൗകര്യങ്ങളും പങ്കുവെച്ചുകൊണ്ട് കൂട്ടമായി താമസിക്കുന്ന രീതിയാണ് ലോകമെമ്പാടുമുള്ള വികസിത രാജ്യങ്ങളിലടക്കം സ്വീകാര്യമായ നെയ്‌ബർ ഹുഡ് എന്ന ആശയം.

ആദ്യപടി ഫീൽഡ് വിസിറ്റ് 

പുനരധിവാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും പുതിയ മാതുകകൾ നിർദ്ദേശിക്കുനന്തിന്റെയും മുന്നോടിയായി ടി കെ എമ്മിലെ പത്തംഗസംഘം ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. എ. എസ്. ദിലി യുടെയും ടീം കോഓർഡിനേറ്റർ എസ്. എ. നിസാറിന്റെയും നേതൃത്വത്തിൽ പാണ്ടനാടും ബുധനൂരും സന്ദർശിച്ചു. വാർഡ് മെമ്പർ ടി. ഡി. മോഹനന്റെ സഹായത്തോടെ പ്രാഥമിക പഠനവും സർവ്വേയും നടത്തി. പ്രളയ ദുരന്തത്തിന്റെ നേർകാഴ്ചയായി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും കരകേറാൻ തുടങ്ങിയിട്ടില്ല.  ഉത്കണ്ഠയും പേടിയും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള സംശയങ്ങളും ടീമുമായി പങ്കുവെച്ചു. തകർന്ന വീടുകൾ ബലപ്പെടുത്താനും പുനർനിർമിക്കാനും വേണ്ട ബസ് ഡാറ്റ ശേഖരിക്കുന്നതിന്റെ ആദ്യപടി ഈഘട്ടത്തിൽ ആരംഭിച്ചു.

പ്രധാനമായും രണ്ടുകാര്യങ്ങളാണ്  ടി കെ എം ടീമിന്റെ ശ്രദ്ധയിൽ പെട്ടിട്ടുളളത്. ഒന്ന്, വളരെ താഴ്ന്നു കിടക്കുന്നതും എല്ലാ വർഷവും വെള്ളം കയറുന്നതുമായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതും പുതിയ നിർമ്മിതികൾ നടത്തുന്നതും പ്രായോഗികമല്ല. കൃഷിയിലോ മറ്റെന്തിലും രീതിയിലോ ആ സ്ഥലവുമായി ബന്ധപ്പെട്ടു ജീവിതം നയിക്കുന്ന ആളുകൾക്ക് ഒരുപക്ഷേ അവിടെനിന്നുള്ള വേർപെടൽ എളുപ്പമായിരിക്കില്ല. എന്നാൽ അതല്ലാത്ത വീട്ടുകാരെ വീട്ടുകാരെ പ്രളയസാധ്യതയില്ലത്ത ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ടു ടീം നടത്തിയ പ്രാഥമിക അഭിപ്രായ സർവേയിൽ ഭൂരിഭാഗം വീട്ടുകാരും നെയ്‌ബർ ഹുഡ് എന്ന ആശയത്തോട് വളരെ അനുകൂല്യമായാണ് പ്രതികരിച്ചത്. ഈ പുതിയ ആശയം സാധ്യമാണെന്ന തിരിച്ചറിവാണ് ഇനിയുള്ള നിർദ്ദേശങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും വഴിതെളിക്കുന്നത്. രണ്ടാമതായി അവിടെനിന്നും വിട്ടുപോകാൻ സാധിക്കാത്ത ചുരുക്കം കുടുംബങ്ങൾക്ക് നിലവിലെ സാഹചര്യത്തെ മെച്ചപ്പെടുത്താനുള്ള പ്രതിവിധികളും നിർദ്ദേശിക്കപ്പെടേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ദിലി എ എസ്

ഡിപ്പാർട്മെന്റ് ഓഫ് ആർക്കിടെക്ചർ മേധാവി