പ്രളയശേഷം വീടുപണി; മലയാളി ഇനിയെങ്കിലും ഇവ ശ്രദ്ധിക്കുമോ?

ദുരന്തസാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടുവേണം ഇനിയുള്ള വീടുനിർമാണം...

സമാനതകൾ ഇല്ലാത്ത പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെ  പ്രതിരോധിക്കുന്ന, ദീർഘവീക്ഷണത്തോടെയുള്ള വീടുകളാണ് ഇനി കാലഘട്ടം ആവശ്യപ്പെടുന്നത്. ചില മാർഗനിർദേശങ്ങൾ പരിചയപ്പെടാം.

വീട് പണിയുവാനുള്ള സ്ഥലം / പ്ലോട്ട്  തിരഞ്ഞെടുക്കുമ്പോൾതന്നെ മണ്ണു പരിശോധനയും, മണ്ണിന്റെ ജല ആഗിരണശേഷിയും, വെള്ളക്കെട്ടും പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടണം.

പ്ലോട്ടിലെ മരങ്ങൾ കഴിവതും മുറിക്കരുത്. ചെറിയ തോട്, നീർക്കുഴികൾ ഇവ മണ്ണിട്ട് നികത്തി വീട് പണി ചെയ്താൽ ഭാവിയിൽ ഫൗണ്ടേഷൻ ഇരുത്തിപ്പോകാൻ സാധ്യതയുണ്ട്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയും വീട് നിർമ്മാണം അരുത്. പിന്നീടുള്ള നാശനഷ്ടം ഒഴിവാക്കാനും സാധിക്കും.

ചരിവുള്ള ഭൂമി കട്ട് ചെയ്ത് മണ്ണുമാറ്റിയുള്ള വീടു നിർമാണവും അപകടം ക്ഷണിച്ചുവരുത്തും. വലിയ തോതിലുള്ള മഴക്കാലത്ത് മുകൾഭാഗത്ത് വെള്ളമിറങ്ങി ഉരുൾപൊട്ടലും, മണ്ണിടിച്ചിലും സംഭവിക്കാൻ സാധ്യത കൂടുതലാണ്.

നദികളുടെ റെഗുലേഷൻ സോണിൽനിന്നും സുരക്ഷിത അകലത്തിൽ മാത്രമെ വീടു നിർമാണം പാടുള്ളു. നദികൾ കരകവിഞ്ഞ് ഒഴുകിയ ദൂരത്തുനിന്നും അകലം പാലിച്ച് വേണം പുതിയ ഗൃഹനിർമാണം നടത്തുവാൻ.

വീടുപണി ആരംഭിക്കുന്നതിനുമുമ്പെ ട്രയൽ കുഴി എടുത്ത് ഏതുതരം അടിത്തറയാണ് വേണ്ടതെന്ന് വിദഗ്ദ്ധ എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ചുതന്നെ തീരുമാനിക്കണം.

പല വീടുകളുടെയും പറമ്പുകളുടെയും ഇടയിലൂടെയുള്ള കൈത്തോടുകൾ ഒരിക്കലും നികത്തരുത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെ വേണം വീടു നിർമിക്കാൻ.

വെള്ളം മണ്ണിലേക്കിറങ്ങാനുള്ള സാധ്യതകൾ പേവിംഗ് ടൈലുകൾ തടയുന്നു. പുറത്തേക്കൊഴുകുന്ന മഴവള്ളം പ്രളയ സാധ്യത വർധിപ്പിക്കുന്നു. മുറ്റത്ത് വെള്ളം താഴ്ന്നിറങ്ങുന്നത് കിണറിലെ വരൾച്ചയും തടയുന്നു.

വീടുപണി പൂർത്തിയാകുമ്പോൾതന്നെ ഉറവിടത്തിൽ മാലിന്യ സംസ്ക്കരണവും നടത്താനുള്ള സാഹചര്യവും ഒരുക്കണം.

പ്രളയത്തിനൊടുവിൽ നദികൾ തിരിച്ചുനൽകിയ മാലിന്യകൂമ്പാരം പാഠമാകണം.

വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങളിൽ കോളം, പ്ലിന്ത് ബീം ഫൗണ്ടേഷൻ നൽകി ഉയരത്തിൽ വീട് നിർമിച്ച് അടിഭാഗം കാലിയാക്കി ഇടണം. ഇതുവഴി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ സംരക്ഷിക്കാം കഴിയും.

കോൺക്രീറ്റ് തൂണുകൾക്ക് മുകളിലായി ഭാരം കുറച്ച് വീടുകൾ പണിതാൽ ചെലവ് കുറയ്ക്കാം, ഒപ്പം വെള്ളപ്പൊക്കഭീഷണിയും, ഭൂകമ്പത്തെയും പ്രതിരോധിക്കാൻ കഴിയും.

കോൺക്രീറ്റ് വീടുകളുടെ അടിത്തറ പി.സി.സി. കോൺക്രീറ്റിന് മുകളിൽ കരിങ്കല്ല് സിമന്റിട്ടുതന്നെ പണിയാൻ ശ്രദ്ധിക്കണം. വീടിന്റെ അടിത്തറയിലെ ഇൗർപ്പസാധ്യത കുറയ്ക്കാൻ ആർ.ആർ. ഫൗണ്ടേഷന് ഒരു പരിധിവരെ സാധിക്കും. അടിത്തറയുടെ ഉയരം കൂടി നിർമിക്കുവാനും ശ്രദ്ധിക്കണം.

ഒരുനില വീടുകൾക്ക് കോണുകളിൽ നൽകുന്ന കോൺക്രീറ്റ് കോർണർ പില്ലറുകൾ പ്രളയശേഷമുള്ള ഭിത്തിയിലെ പൊട്ടലും ബലക്കുറവിനും എതിരെയുള്ള പരിഹാരമാർഗമാണ്.

വീടുകളുടെ ഭിത്തികളുടെ നിർമാണത്തിൽ 1:6/1:5 മിക്സ് അനുപാതംതന്നെ കർശനമായി നൽകണം.

അടിത്തറയ്ക്കുചുറ്റും 2 അടി വീതിയിൽ പി.സി.സി. 1:3:6 ഉപയോഗിച്ച് വെള്ളമിറങ്ങാതെ സുരക്ഷിതത്വം ഉറപ്പാക്കണം. 

നമ്മുടെ പ്ലോട്ടിലെ/പറമ്പിലെ വെള്ളം പുറത്തേയ്ക്ക് ഒഴുകുവാനുള്ള ഒാടയും, ചെരിവും നൽകണം. ഒപ്പം പൊതുവായുള്ള റോഡിലെ ഒാടയും അടയാതെ സൂക്ഷിക്കണം.

ഉറപ്പുള്ള മണ്ണിലാണെങ്കിലും സെല്ലാർ ഫ്ളോർ പണിയുമ്പോൾ കരിങ്കല്ല് കെട്ടിന് പകരം കോൺക്രീറ്റ് വാൾ തന്നെ നിർമ്മിക്കുക. 

വീടിന്റെ അടിത്തറയ്ക്കു മുകളിൽ നൽകുന്ന ഡി.പി.സി. ബെൽറ്റിന് കുറഞ്ഞത് 15 സെ.മീ. ഘനത്തിൽ ബീം കണക്കെ കമ്പികൾ കെട്ടി വാർക്കാൻ ശ്രദ്ധിക്കണം. ഒപ്പം ഗുണമേന്മയുള്ള (1:1.5:3) കോൺക്രീറ്റ്തന്നെ ഉപയോഗിക്കുവാനും മറക്കരുത്. 

വീടിന്റെ പുറംഭിത്തിയുടെയും ഷെയ്ഡുകളുടെയും പ്ലാസ്റ്ററിംഗ് കോട്ട് 1:4 അനുപാതത്തിൽതന്നെ ചെയ്യണം.

മുൻപ് ഉരുൾപൊട്ടലോ, മണ്ണിടിച്ചിലോ വന്ന പ്രദേശങ്ങൾ പൂർണമായും വീട് നിർമ്മാണത്തിന് അനുയോജ്യമല്ല എന്ന് തിരിച്ചറിയണം.

വിവരങ്ങൾക്ക് കടപ്പാട് 

ശ്രീകാന്ത് പങ്ങപ്പാട്

എൻജിനീയർ, പിജി ഗ്രൂപ്പ് ഓഫ് ഡിസൈൻസ്, കാഞ്ഞിരപ്പിള്ളി 

Mob- 9447114080