പ്രളയം: വീടു നിർമിക്കാൻ വിദേശികൾക്കും അനുമതി

പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിദേശികൾക്കും സ്പോൺസർഷിപ്  നൽകുന്നതിനു മന്ത്രിസഭയുടെ അനുമതി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർ നിർമിക്കാൻ വ്യക്തികൾ, വ്യക്തികളുടെ ഗ്രൂപ്പുകൾ, കമ്പനികൾ, കോർപറേറ്റുകൾ, വിദേശികൾ, പ്രവാസി മലയാളികൾ എന്നിവർക്ക് അവസരം നൽകുന്ന ക്രൗഡ് ഫണ്ടിങ് പദ്ധതിക്കാണു മന്ത്രിസഭ അനുമതി നൽകിയത്. 

പുനർ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച  കെപിഎംജിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി പ്രത്യേക മിഷൻ രൂപീകരിക്കും. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഓൺലൈൻ വഴി എല്ലാവർക്കും ലഭ്യമാക്കും. മിഷനിൽ ഡയറക്ടറെ കൂടാതെ സർക്കാരിലെയും പുറത്തെയും അംഗങ്ങളുമുണ്ടാകും.  മിഷൻ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെയും നിയോഗിക്കും. 

ആദ്യഘട്ടത്തിൽ വീടുകളുടെ കേടുപാടു തീർക്കുന്നതിനാണു മുൻഗണന. രണ്ടാംഘട്ടത്തിൽ പുനർ നിർമിക്കേണ്ട വീടുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം തുടങ്ങിയവയ്ക്കും. പുനർ നിർമാണത്തിനു താൽപര്യം അറിയിച്ചു മുന്നോട്ടു വരുന്നവരുമായി ധാരണാ പത്രവും കരാറും ഒപ്പു വയ്ക്കും. ജോലികൾ നേരിട്ടു നടത്തേണ്ടവർക്ക് അതിന് അവസരം നൽകും. സർക്കാർ ഏജൻസികൾ വഴി നടപ്പാക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാം.