പ്രളയത്തെ നേരിടാൻ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഭൂചലനവുമൊക്കെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. ഏറ്റവും വലിയൊരു പ്രളയവും ഇപ്പോൾ സംഭവിച്ചു കഴിഞ്ഞു. കുടിവെള്ളം, ശുചിമുറി സൗകര്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കുപോലും നിവൃത്തിയില്ലാത്ത വിധം ജനജീവിതം അന്നു ദുസ്സഹമായി. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതു കൂടാതെ, ജീവനുപോലും ഭീഷണിയായി മാറി, പലരുടെയും ഒട്ടേറെ വളർത്തു മൃഗങ്ങൾ ചത്തു.

വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴ പോലെയുള്ള സ്ഥലങ്ങളിൽ പുനരധിവാസത്തിന്റെ ഭാഗമായി വെള്ളത്തില്‍ പൊങ്ങിനിൽക്കുന്ന ഫൈബര്‍ വീടുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. വഞ്ചിവീടുപോലെയുള്ള ഫൈബറിൽ രൂപകൽപന ചെയ്ത വീടുകൾ എങ്ങനെയുണ്ടാക്കുമെന്നു വിശദീകരിക്കാം. ഒന്നോ രണ്ടോ കിടപ്പുമുറി, സ്വീകരണമുറി, പാചകം ചെയ്യാനുള്ള സ്ഥലം എന്നിവ മതിയല്ലോ ഒരു കൊച്ചുകുടുംബം താമസിക്കുന്ന വീടിന്.

വളർത്തു മൃഗങ്ങളുള്ളവർക്ക് അവയെ സംരക്ഷിച്ചു കൂടെ നിർത്താനും ഈ വീട്ടിൽ സ്ഥലമുണ്ടാക്കാം. ഗൃഹോപകരണങ്ങളെല്ലാം ഇടാനുള്ള സ്ഥലം ലഭിക്കാവുന്നവിധം ഈ വീട് പ്ലാൻ ചെയ്യാം. ഗൃഹോപകരണങ്ങളെല്ലാം മടക്കി വയ്ക്കാനും ഓരോ ഭാഗമായി മാറ്റിവയ്ക്കാനും പറ്റുംവിധം ഒരുക്കാനാകും. ജൈവശുചിമുറികളും കുടിവെള്ളം ലഭിക്കാൻ സഹായിക്കുന്ന മഴവെള്ള സംഭരണിയും ഇത്തരം വീടുകളിലുണ്ടാക്കാം. ഒരു കുടുംബത്തിന് ആഴ്ചകളോളം സുരക്ഷിതമായി താമസിക്കാൻ ഈ വീട് ധാരാളം. ചെറിയ വിൻഡ് മില്ലും സോളർ പാനലും സ്ഥാപിച്ചാൽ അത്യാവശ്യത്തിനു വേണ്ട വൈദ്യുതി ലഭിക്കും. വേണമെങ്കിൽ ചെറിയൊരു ജനറേറ്ററും സ്ഥാപിക്കാം.

ഇത്തരം വീടുകൾ വഞ്ചികളിലോ മറ്റോ വലിച്ചുകെട്ടി വെള്ളമുള്ള സ്ഥലത്ത് അങ്ങോട്ടും ഇങ്ങോട്ടും നീക്കാം. ട്രക്കുകളിൽ കയറ്റി ദൂരെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകാനും എളുപ്പമാണ്. കുറഞ്ഞത് 10 ലക്ഷം രൂപയ്ക്ക് ഇത്തരം നല്ലൊരു വീടുണ്ടാക്കാനാകും, നിർമ്മാണത്തിനു രണ്ടു മാസം മതി. സർക്കാരിൽ നിന്നു ചെറിയൊരു സബ്സിഡിയും ബാക്കി ബാങ്ക് ലോണുമായാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെല്ലാം ഈ വീടുകളാകാം.

പ്രളയബാധിത പ്രദേശത്തുള്ളവർക്കു പുനരധിവാസത്തിനു ശേഷം ഈ വീട് സ്വന്തം വീടിനോട് ചേർന്ന് വിനോദസഞ്ചാരികളെ താമസിപ്പിക്കുന്ന ഔട്ട്ഹൗസായി മാറ്റാനാകും. സഞ്ചാരികൾക്ക് ഇതൊരു കൗതുകമാകും. നല്ല വാടകയും കിട്ടും. രണ്ടോ മൂന്നോ വർഷം കൊണ്ടു മുടക്കു മുതൽ തിരിച്ചു കിട്ടാൻ ഇതു സഹായിക്കും.