Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻസിബയുടെ വീട്ടുവിശേഷങ്ങൾ

ansiba-new-home പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലാണ് അൻസിബയും കുടുംബവും...

മലപ്പുറം കൊണ്ടോട്ടിയിലാണ് ഞാൻ ജനിച്ചത്. ഉപ്പയുടെ തറവാട് അവിടെയായിരുന്നു. ഉപ്പ നിസാർ ഫൊട്ടോഗ്രഫറാണ്. ഉമ്മ റസിയയുടെ നാട് കോഴിക്കോടാണ്. ഞങ്ങൾ 6 മക്കളാണ്. നാലാണും രണ്ടു പെണ്ണും. ഞാൻ രണ്ടാമത്തെ ആളാണ്. എനിക്കു രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഞങ്ങൾ കോഴിക്കോട്ടേക്ക് സ്ഥലം മാറി. ഉപ്പയ്ക്ക് കോഴിക്കോട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. പിന്നീട് കുറേകാലം വാടകവീടുകളിലായിരുന്നു താമസം. ഉമ്മയുടെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തിനടുത്തായിരുന്നു വാടകവീട് എടുത്തത്. അതുകൊണ്ട് എപ്പോഴും ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നു. 

ജീവിതം മാറ്റിയ ഹോസ്റ്റൽ...

ansiba-home

ഞാൻ അഞ്ചാം ക്‌ളാസ് മുതൽ പത്തുവരെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. അതിന്റെ കഥ കോമഡിയാണ്. എന്റെ ഒരു ബന്ധു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. പുള്ളി വീട്ടിൽ എത്തുമ്പോൾ ഹോസ്റ്റൽ ലൈഫിനെക്കുറിച്ച് നിറംപിടിച്ച കഥകൾ പറയുമായിരുന്നു. അതുവിശ്വസിച്ചു ഞാനും ഹോസ്റ്റലിൽ നിന്നുപഠിക്കാൻ വാശിപിടിച്ചു. 

ഒരു മാസം ആയപ്പോഴേക്കും പണി പാളി എന്നെനിക്ക് മനസ്സിലായി. വാരാന്ത്യങ്ങളിൽ വീട്ടിൽ പോകും. പക്ഷേ നാണക്കേട് കാരണം വീട്ടിൽ പറഞ്ഞില്ല. സ്‌കൂളിൽ പോകാതിരിക്കാൻ ഒരു വളഞ്ഞ വഴി കണ്ടുപിടിച്ചു. വീട്ടിൽ എത്തി ഷവറിന്റെ കീഴിൽ കുറേനേരം നിൽക്കും. പിന്നെ തലതോർത്താതെ പുറത്തിറങ്ങും. അങ്ങനെ ഞായറാഴ്ച ആകുമ്പോഴേക്കും പനിപിടിക്കും. കുറെ തവണ ആയപ്പോൾ വീട്ടുകാർ കള്ളക്കളി കണ്ടുപിടിച്ചു. പക്ഷേ ഹോസ്റ്റൽ ലൈഫ് കൊണ്ട് സ്വന്തം കാര്യം നോക്കാൻ ഞാൻ പ്രാപ്തയായ കാര്യം പറഞ്ഞു അവർ പിന്നെയും തള്ളിവിട്ടു. എന്തായാലും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഹോസ്റ്റൽ ലൈഫ് ഗുണകരം തന്നെയായിരുന്നു.

വാടകവീട്ടിൽ നിന്ന് വില്ലയിലേക്ക്...

ansiba-house

വാടകവീടുകളിലായിരുന്നു താമസമെങ്കിലും രസകരമായിരുന്നു ജീവിതം. അടുത്തുള്ള വീട്ടുകാരുമായി ഞങ്ങൾ കുട്ടികൾ നല്ല കമ്പനിയാകും. എല്ലാ കുരുത്തക്കേടിനും കുട്ടിപ്പട്ടാളം ഒരുമിച്ചുണ്ടാകും. പിന്നീട് ഞങ്ങൾ സ്വന്തമായി ഒരു വില്ല എടുത്തു താമസം മാറി. എപ്പോഴും വീട്ടിൽ നല്ല മേളമായിരുന്നു. ആ സമയത്താണ് ഞാൻ സിനിമയിലേക്കെത്തുന്നത്. 'ദൃശ്യം' വലിയ വിജയമായി. സിനിമയിൽ കൂടുതൽ സജീവമായി. അങ്ങനെ ഷൂട്ടിന്റെ സൗകര്യത്തിനു വീട് വീണ്ടും മാറേണ്ടിവന്നു.

ഫ്ലാറ്റ് ജീവിതം...

ansiba-family സഹോദരങ്ങളോടൊപ്പം

ഉപ്പ എന്റെ കൂടെ ഷൂട്ടിന് വരാറുണ്ട്. സഹോദരങ്ങൾ സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ ഉമ്മ മാത്രമാകും വീട്ടിൽ. കൂടുതൽ സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുത്താണ് ഞങ്ങൾ ഒരു ഫ്ലാറ്റ് എടുത്തു താമസം മാറിയത്. 3 BHK ഫ്ലാറ്റാണ്. കുറേയാളുകൾ ഉള്ളതുകൊണ്ട് വിശാലമായ ഫ്ലാറ്റാണ് എടുത്തത്. തിക്കുമുട്ടൽ അനുഭവപ്പെടില്ല. 

സിനിമാസംബന്ധമായി കുറെ വിവാദങ്ങൾ ഉണ്ടായപ്പോൾ ഞാൻ എന്റെ മുറിയിലായിരുന്നു സമയം കഴിച്ചുകൂട്ടിയത്. മിക്കി മൗസ്, ഡൊണാൾഡ് ഡക്ക് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ മുറിയിൽ ഒട്ടിച്ചുവച്ചിട്ടുണ്ട്. കുറെ മുറികൾ ഉണ്ടെങ്കിലും മിക്കവാറും ഞങ്ങൾ ഒരു മുറിയിലാണ് കിടന്നുറങ്ങുക. അതു പണ്ടുതൊട്ടേയുള്ള ശീലമാണ്. മൂത്ത ഇക്ക വിവാഹം കഴിഞ്ഞു കുടുംബമായി ബെംഗളൂരുവിലാണ് താമസം. 

പുതിയ വീട്ടിലേക്ക്...

ansiba-new-house

ഉപ്പയും ഉമ്മയുമൊക്കെ മണ്ണിൽ ചവിട്ടി ജീവിച്ചതുകൊണ്ട് സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം മനസ്സിൽ ബാക്കിയായിരുന്നു. കോഴിക്കോട് നടക്കാവ് അഞ്ചു സെന്റ് ഭൂമി വാങ്ങിയാണ് വീടു വച്ചത്. 2550 ചതുരശ്രയടിയാണ് വിസ്തീർണം. അഞ്ചു കിടപ്പുമുറികളുണ്ട്. സമകാലിക ശൈലിയിലാണ് ഡിസൈൻ. പുതിയ വീടിന്റെ വിശേഷങ്ങൾ സ്വപ്നവീടിലൂടെ നേരിട്ടു പറയാം...