Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം വന്നു; വിവാദവും!

img-6264654

മിത്തുകളെ അടിസ്ഥാനമാക്കിയുള്ള തമ്മിൽത്തല്ല് ഒരു തമാശയാണ്; ഒപ്പം ഒരു ദുരന്തവുമാണ്. സമകാലികമായ സാംസ്കാരികാധികാരത്തെ നിർവചിക്കാൻ മിത്തുകളെ ആശ്രയിക്കുമ്പോൾ മൂർത്തമായ അധികാരപരിസരം മറഞ്ഞുപോവുകയും ഭാവനാത്മകവും അമൂർത്തവുമായ മറ്റൊരു ലോകത്തെ മത്സരങ്ങളും യുദ്ധങ്ങളുമെല്ലാം സ്ഥലകാലങ്ങൾ തെറ്റി മുന്നിൽ വന്നു നില്ക്കുകയും ചെയ്യും. മിത്തുകളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട് അവ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അധികാരകേന്ദ്രങ്ങളുടെ സ്ഥിരം തന്ത്രമാണ്. ഇവയ്ക്കു മറുപടി പറയേണ്ടിവരുന്നത് ഒരു സാംസ്കാരിക-രാഷ്ട്രീയദുരന്തവുമാണ്.

ഇത്രയൊക്കെ പറയാൻ കാരണം പുതിയൊരു വാർത്തയാണ്. തൃക്കാക്കരയിൽ മഹാബലിയുടെ പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുകയാണു ദേവസ്വം ബോർഡ്. ഓണം വാമനജയന്തിയാണെന്നു വാദിക്കുന്ന മറുപക്ഷം ഇതിനെതിരേ രംഗത്തു വരികയും ചെയ്തുകഴിഞ്ഞു. ഇത്തവണയും ഓണവിവാദത്തിന് അറുതിയില്ല എന്നർത്ഥം. മാത്രമല്ല, ഓണത്തിന്റെ കാർഷിക ബന്ധത്തെയും ബുദ്ധമതവുമായും ഇസ്ലാം മതവുമായും ഒക്കെ ബന്ധിപ്പിക്കുന്ന ഇതരവ്യാഖ്യാനങ്ങളെയും വിശ്വാസങ്ങളെയും എല്ലാം സമർത്ഥമായി മറച്ചു പിടിക്കാനും ഈ വിവാദത്തിനു കഴിയുന്നുണ്ട്.

ആര്യസംസ്കാരവ്യാപനത്തിന്റെ ഭാഗമായി കേരളത്തിലും എത്തിച്ചേർന്ന മിത്താണ് മഹാബലി- വാമനൻ കഥ. അതിനുമുമ്പ് മറവരുടെ ദേവനായ മായോന്റെ തിരുനാളായും പിന്നീടു വൈഷ്ണവ-ശൈവ ഭക്തിപ്രസ്ഥാനകാലത്ത് നരസിംഹാവതാരദിനമായും കേരളമാഹാത്മ്യരചനാകാലത്ത് പരശുരാമന്റെ കേരളസന്ദർശനസന്ദർഭമായുമൊക്കെ ഓണം കൃതികളിൽ കടന്നുവരുന്നുണ്ട്. ഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങളിലൂടെയാണ് മഹാബലി- വാമനകഥയ്ക്കു വ്യാപ്തി ലഭിച്ചത്. 'മാവേലി നാടു വാണീടും കാലം' തുടങ്ങിയ വരികളുൾപ്പെടുന്ന 'ആരോമൽപ്പൈങ്കിളിപ്പെൺകിടാവേ' എന്നു തുടങ്ങുന്ന പാട്ടിലൂടെ ഈ കഥയ്ക്കു പ്രാദേശികമാനവും ലഭിച്ചു. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള പെരുമാൾവാഴ്ച്ചക്കാലത്തു കർക്കിടകത്തിലെ ഓണത്തിനു തുടങ്ങി ചിങ്ങത്തിലെ ഓണത്തിന് അവസാനിച്ചിരുന്ന തൃക്കാക്കരയിലെ ഉത്സവവും കൊച്ചി രാജവംശത്തിന്റെ രക്ഷാധികാരവുമൊക്കെ ഓണത്തെ മഹാബലി-വാമനകഥയുമായി ബന്ധിപ്പിച്ചു നിർത്താൻ സഹായകമായിട്ടുണ്ട്. പക്ഷേ അപ്പോഴും അത് ഇതിഹാസപുരാണങ്ങളെ പ്രാദേശികമായി സ്വാംശീകരിക്കുന്ന അനേകം സാംസ്കാരികപ്രതിഭാസങ്ങളിലൊന്നായിത്തന്നെയാണു നിലനിൽക്കുന്നത്.

പുതിയ മഹാബലിപ്രതിമ സ്ഥാപിക്കുന്നതിനു കാരണമായി ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞ മറ്റൊരു കാര്യവും കൗതുകകരമാണ്. മഹാബലിയെ അസുരരാജാവായി കാണുന്ന പ്രവണതയോടു യോജിക്കാനാവില്ലത്രെ! അതെന്തുകൊണ്ടെന്നു മനസ്സിലായില്ല. ആര്യേതരവിഭാഗങ്ങൾ മഹാബലിക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും മഹാബലിയും വാമനനെന്നതുപോലെതന്നെ ഈ ആര്യൻ മിത്തിന്റെ ഭാഗമാണ് എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഒരച്ഛനു സഹോദരിമാരായ രണ്ട് അമ്മമാരിൽ ജനിച്ച മക്കളായാണ് ദേവാസുരന്മാർ പുരാണേതിഹാസങ്ങളിൽ വർണിക്കപ്പെടുന്നത് എന്നത് ഒരു കാര്യം. അതായത് ഒരേ വംശത്തിന്റെ രണ്ടു വിഭാഗങ്ങൾ മാത്രമാണ് ദേവാസുരന്മാർ.

ഇപ്പറഞ്ഞതു കഥ. ഒപ്പം ചില ചരിത്രാന്വേഷണങ്ങളെപ്പറ്റിയും സൂചിപ്പിക്കേണ്ടതുണ്ട്. വേദപുരാണേതിഹാസങ്ങളെ ചരിത്രവുമായി ബന്ധിപ്പിച്ചുള്ള പഠനങ്ങൾക്കു പ്രചാരം ലഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ്. യൂറോപ്പിലെ ഇൻഡോളജിസ്റ്റുകളും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും മുതൽ ദേശീയവാദികളും ജനാധിപത്യവാദികളുമടങ്ങുന്ന നവോത്ഥാന നായകർ വരെ ഇത്തരം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഓണത്തെയും മഹാബലിയെയും അസീറിയൻ ചക്രവർത്തിയായ അസ്സുർ ബനിബാലുമായി ബന്ധിപ്പിക്കുന്ന എൻ.വി. കൃഷ്ണവാരിയരുടെ നിരീക്ഷണത്തിന്റെയും ആധാരശിലകൾ ഈ നവോത്ഥാനകാല പഠനങ്ങളിലാണ്. അസീറിയ എന്ന നാടിന് അസുരശബ്ദവുമായുള്ള ബന്ധവും അസീറിയൻ ചക്രവർത്തിമാർ ബലി എന്ന നാമം സ്വീകരിച്ചതുമാണ് എൻ.വി. ചൂണ്ടിക്കാട്ടുന്ന പ്രധാന തെളിവുകൾ. പക്ഷേ ഒരു കൗതുകത്തിനപ്പുറമുള്ള സ്ഥാനം ഈ വാദത്തിനു കേരളത്തിൽ ലഭിച്ചില്ല. മഹാബലിയെ കേരളത്തിൽനിന്നു വേർപെടുത്താനുള്ള വിമുഖതയാവും കാരണം. പക്ഷേ മഹാബലി- വാമനൻ കഥ ഉത്തരേന്ത്യയിൽ നിന്നു വന്നതാണെന്നു നാം മറക്കരുത്. രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റും കഥകൾക്കു കേരളത്തിലെ ക്ഷേത്രങ്ങളുമായും സ്ഥലങ്ങളുമായും ബന്ധപ്പെട്ടു പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ടല്ലൊ. ഇതേ മട്ടിലാണ് ഈ കഥയ്ക്കും കേരളത്തിൽ പ്രാദേശികമായി പ്രചാരമുണ്ടായത്. മൂലകഥ അപ്പോഴും ആര്യപുരാണത്തിൽത്തന്നെ.

എവിടെയാണ് ഈ അസീറിയ? ഇന്നത്തെ ഇറാഖിന്റെയും തുർക്കിയുടെയും ഭാഗങ്ങൾ ചേർന്ന പ്രാചീനരാജ്യമാണത്. അസുർ പട്ടണമായിരുന്നു തലസ്ഥാനം. പ്രാചീന മെസപ്പൊട്ടേമിയൻ സംസ്കാരം പങ്കിട്ട ഇടങ്ങളിലൊന്ന്. സുമേറിയരാണ് ഇവിടെ പ്രബലരായിരുന്ന മറ്റൊരു വംശം. ഇന്നത്തെ ഇറാനിലെ സ്ഥലങ്ങൾ ഭരിച്ച സസാനിയൻ രാജവംശത്തെക്കൂടി ഇവിടെ പരിഗണിക്കണം. ഇസ്ലാമിന്റെ പ്രചാരത്തിനു മുമ്പ് ആ ദേശത്തു പ്രബലമായിരുന്ന പേഴ്സ്യൻ രാജവംശമാണത്. സൊറോസ്ട്രസിന്റെ (സരതുഷ്ട്ര) പാരമ്പര്യത്തിൽ രൂപംകൊണ്ട, മസ്ദയിസം എന്നുകൂടി അറിയപ്പെടുന്ന സൊറോസ്ട്രിയനിസമായിരുന്നു സസാനിയൻ രാജവംശത്തിന്റെ ഔദ്യോഗിക മതം. സെൻഡ് അവെസ്ത ആണ് അവരുടെ പുണ്യഗ്രന്ഥം. ഇന്ത്യൻ വേദേതിഹാസപുരാണങ്ങളുമായി അദ്ഭുതകരമായ സാദൃശ്യമാണ് അവെസ്തയ്ക്കുള്ളത്. വേദങ്ങളിലെ യജ്ഞത്തെ ഓർമ്മിപ്പിക്കുന്ന യസ്ന ആണു പ്രധാന ചടങ്ങ്. ഇതിൽ യസ്നയെന്നുതന്നെ പേരുള്ള ഗ്രന്ഥത്തിലെ മന്ത്രങ്ങൾ ചൊല്ലുന്നു. അഞ്ചു ഗാഥകളിലായുള്ള പതിനേഴു മന്ത്രങ്ങളാണ് ഇവയിൽ പ്രധാനം. യഷ്ടി ആണ് മതപരമായ മറ്റൊരു സങ്കല്പം. ഇതിനുമുണ്ട് വേദസങ്കല്പവുമായി അടിസ്ഥാനപരമായ സാമ്യം. അഹുര മസ്ദ ആണു പ്രധാന ദൈവം. അവെസ്ത എഴുതപ്പെട്ട അവെസ്താൻ ഭാഷയിൽ സംസ്കൃതത്തിലെ സ എന്ന അക്ഷരത്തിനു തുല്യമായ അക്ഷരം ഹ ആണ്. അഹുര സംസ്കൃതത്തിലെ അസുരനാണ്. അവെസ്തയിൽ ഇന്ത്യയെ കുറിക്കുന്ന പദം 'ഹപ്തഹിന്ദു' (സപ്തസിന്ധു) എന്നാണെന്നും ശ്രദ്ധേയം. 'മ്ലേച്ഛഭാഷകളിലുള്ള' വ്യവഹാരത്തെ സൂചിപ്പിക്കുന്നിടത്ത് സപ്തസിന്ധുവിനെ-ഭാരതത്തെ- ഹപ്തഹിന്ദു എന്നു വിളിച്ചുവരുന്നതായി ഭവിഷ്യപുരാണത്തിലും പറയുന്നുണ്ട്. ഏറ്റവും പ്രധാനമായ കാര്യം, അസുരൻ പ്രധാനദൈവമായ ഈ മതത്തിൽ ദേവന്മാർ തിന്മയുടെ മൂർത്തികളാണ് എന്നതാണ്. ദേവരാജാവായി ഇന്ത്യയിൽ പറയുന്ന ഇന്ദ്രൻ സൊറോസ്ട്രിയനിസത്തിൽ തിന്മയുടെ ദേവനാണ്! അതായത് ഇന്ത്യയിലെയും ഇറാനിലെയും പഴയ ആര്യന്മാർ ദേവാസുരപക്ഷങ്ങളിൽനിന്നു നടത്തിയ മത്സരങ്ങളുടെയും യുദ്ധങ്ങളുടെയും കഥകളാണിവയെല്ലാം. പേഴ്സ്യൻ, മെസപ്പൊട്ടേമിയൻ, ഇന്ത്യൻ രാജവംശങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾകൊണ്ടു കലുഷമായ കാലങ്ങളെക്കുറിച്ചും ഈ പ്രദേശങ്ങളിലെല്ലാം പണ്ടുണ്ടായിരുന്ന ആര്യജനതയുടെ പ്രബലസാന്നിധ്യത്തെക്കുറിച്ചും ഓർക്കേണ്ടതുണ്ട്.

ഇനിയും പറയാനേറെയുണ്ടെങ്കിലും വിസ്തരിക്കുന്നില്ല. പറഞ്ഞുവന്നത് ചുരുക്കാം. ഇന്നത്തെ ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനും ഇറാഖും തുർക്കിയുമൊക്കെയടങ്ങുന്ന ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ പ്രാചീനകാലത്തുണ്ടായിരുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വിനിമയങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ചരിത്രവും മിത്തുകളും ചേർന്നു രൂപംകൊണ്ട കഥകളാണ് ഇപ്പറഞ്ഞതെല്ലാം. ഇന്ത്യൻ ചാതുർവർണ്യത്തിലെ വർണശബ്ദത്തിന്റെ അർത്ഥമെന്തെന്നറിയാൻ ഡോ. അംബേദ്കർ ആശ്രയിക്കുന്നതും സെൻഡ് അവെസ്തയെയാണ്. ഇന്തോ ഇറാനിയൻ ആര്യവംശങ്ങളുടെ വിനിമയത്തെപ്പറ്റി ഇനിയും ഏറെ അന്വേഷിക്കാവുന്നതാണ്. പക്ഷേ ഇക്കാര്യം പറഞ്ഞ്, ഈ സാംസ്കാരികവിനിമയത്തിന്റെ ഉല്പന്നമായ ഒരു കഥയുടെ പേരു പറഞ്ഞ് കേരളത്തിൽ തമ്മിൽത്തല്ലുന്നത് അസംബന്ധമാണ് എന്ന് ഊന്നിപ്പറയട്ടെ.

Read More Articles on Malayalam Literature & Books to Read in Malayalam