Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അഭിപ്രായങ്ങൾ അങ്ങ് ചെവികൊള്ളുമോ?, പ്രധാനമന്ത്രിയുടെ കത്തിന് സുഭാഷ് ചന്ദ്രന്റെ മറുപടി!

subhash

എഴുത്തുകാരുടെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി ചെവികൊടുക്കാൻ തയാറാകണമെന്ന് സുഭാഷ് ചന്ദ്രൻ. സ്വച്ഛ ഭാരതത്തിനായുള്ള പോരാട്ടത്തിൽ പങ്കാളിയാകുവാൻ കത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ ക്ഷണത്തിന് ഫെയ്സ്ബുക്കിലൂടെ സുഭാഷ് ചന്ദ്രൻ മറുപടി നൽകി. ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും മാരകമായ പ്രശ്നം ചപ്പുചവറുകളാണെന്ന അദ്ദേഹത്തിന്റെ തോന്നൽ ഞാൻ ചെറുതാക്കിക്കാണുന്നില്ല എന്നാൽ യഥാർത്ഥവും കൂടുതൽ മാരകവുമായ അഴുക്ക്‌ എന്താണെന്ന കാര്യത്തിൽ അദ്ദേഹത്തിനു തീർച്ചയുണ്ടാകേണ്ടതുണ്ട്‌ എന്ന് താൻ വിചാരിക്കുന്നുവെന്നും സുഭാഷ് ചന്ദ്രൻ കുറിപ്പിൽ അഭിപ്രായപ്പെടുന്നു.

സുഭാഷ് ചന്ദ്രന്റെ കുറിപ്പ്–

മഹാനായ ഒരു ഗുജറാത്തുകാരൻ, നമ്മുടെ മഹാത്മാഗാന്ധി, പിറന്ന ഈ ദിനത്തിൽ മറ്റൊരു ഗുജറാത്തുകാരന്റെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, ഒരു കത്ത്‌ എന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്‌. 

രജിസ്റ്റേഡ്‌ തപാലിൽ, സർക്കാരിന്റെ ഔദ്യോഗികമുദ്ര സ്വർണ്ണവർണ്ണത്തിൽ പതിപ്പിച്ച 'പേഴ്സണൽ ലെറ്റർ' വന്നപ്പോൾ ഞാൻ അൽപമൊന്നു സന്തോഷിച്ചു എന്ന കാര്യം സമ്മതിക്കട്ടെ. ഇതു പതിവില്ലാത്തതാണ്. കുട്ടിക്കാലത്തെ സേവനവാരങ്ങളെ ഓർമ്മിച്ചുകൊണ്ടും മറ്റാർക്കും കിട്ടാനിടയില്ലാത്ത ഒരു പരിഗണന ഒരെഴുത്തുകാരനായതുകൊണ്ടുമാത്രം എന്നെത്തേടിവന്നതോർത്ത്‌ അഭിമാനിച്ചും കട്ടിക്കവറിൽ നിവർത്തിയ നിലയിൽത്തന്നെ ഭദ്രമായി അടക്കം ചെയ്ത ആ കത്ത്‌ ഞാൻ തുറന്നു വായിച്ചു. സ്വച്ഛ ഭാരതത്തിനായുള്ള തന്റെ പോരാട്ടത്തിൽ പങ്കാളിയാകുവാനുള്ള സ്നേഹനിർഭര ക്ഷണമാണ് അതിന്റെ ഉള്ളടക്കം. Pen is mightier than sword എന്ന വാചകം ഇടയ്ക്ക് അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്‌. ഭാഗ്യം!

ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും മാരകമായ പ്രശ്നം ചപ്പുചവറുകളാണെന്ന അദ്ദേഹത്തിന്റെ തോന്നൽ ഞാൻ ചെറുതാക്കിക്കാണുന്നില്ല. എന്നാൽ യഥാർത്ഥവും കൂടുതൽ മാരകവുമായ അഴുക്ക്‌ എന്താണെന്ന കാര്യത്തിൽ അദ്ദേഹത്തിനു തീർച്ചയുണ്ടാകേണ്ടതുണ്ട്‌ എന്നു ഞാൻ വിചാരിക്കുന്നു. പരിണതപ്രജ്ഞരെന്ന് അദ്ദേഹം കരുതുന്ന എഴുത്തുകാരടക്കമുള്ള വ്യക്തികൾക്ക്‌ ചപ്പുചവർ വിഷയത്തേക്കാൾ മുന്തിയ വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ കേൾക്കാനും അവ പരിഗണിക്കാനും അദ്ദേഹം തയ്യാറായേക്കുമോ? ഇന്ത്യയിൽ അടുത്ത കാലത്ത്‌ നടപ്പിലാക്കിയ, പരാജയമെന്ന് ഇപ്പോൾ സർക്കാർ തന്നെ സമ്മതിക്കുന്ന, പരമപ്രധാനമായ വിഷയങ്ങളിൽ ഇത്തരത്തിലുള്ള ഒരു അഭിപ്രായ സ്വാംശീകരണത്തിന്റെ അഭാവം മുഴച്ചുനിൽക്കുന്നില്ലേ? മൻ കീ ബാത്ത്‌ പോലെ, റേഡിയൊയെ പറ്റിയുള്ള ആ പഴയ ചൊല്ലിനെ അന്വർത്ഥമാക്കുന്ന, ഒരു വശത്തേക്കു മാത്രം സാധ്യമാകുന്നതും തിരികെ അങ്ങോട്ടുകേൾക്കാൻ സാധ്യതയില്ലാത്തതുമായ, ഒട്ടേറെ കാര്യങ്ങൾ രാജ്യത്തു നടക്കുന്നതിനെക്കുറിച്ച്‌ ഞങ്ങൾ എഴുത്തുകാരുടെ അഭിപ്രായങ്ങൾ അങ്ങു ചെവിക്കൊള്ളുമോ?

നമ്മൾ ചെയ്യാൻ പോകുന്ന എന്തെങ്കിലും ഒരു കാര്യത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ സന്ദേഹമുണ്ടാകുന്ന വേളയിൽ അതു വേണമോ വേണ്ടയോ എന്നു നിശ്ചയിക്കാനുള്ള എളുപ്പവഴിയെക്കുറിച്ച്‌ നമുക്കു പറഞ്ഞു തന്ന ആളുടെ ജന്മദിനമാണിന്ന്. മഹാത്മജി പറഞ്ഞു: "അപ്പോൾ നിങ്ങൾ ഏറ്റവും ദരിദ്രനായ ഒരുവന്റെ മുഖം മനസ്സിൽ കാണുക. നാം ചെയ്യാൻ പോകുന്ന ഈ കർമ്മം കൊണ്ട്‌ ആ പാവം മനുഷ്യന് എന്തു ഗുണമാണ് ഉണ്ടാവുക എന്നു സങ്കൽപ്പിക്കുക. ഒന്നുമില്ലെന്നാണ് ഉത്തരമെങ്കിൽ അതുപേക്ഷിക്കാം!"

ഈ ചെറിയ വാചകം പ്രതാപശാലിയായ വലിയൊരു അധികാരമൂർത്തിയെ ഓർമ്മിപ്പിച്ചുകൊണ്ട്‌ നിർത്തട്ടെ

ജയ്‌ മഹാത്മാ ഗാന്ധി!

Read More Articles on Malayalam Literature & Books to Read in Malayalam