Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപകന്റെ ചങ്കു പിളർന്ന പന്ത്രണ്ടുകാരി

akbar kakkattil അക്ബർ കക്കട്ടിൽ

കുട്ടികൾ ഉണർന്നാൽ....

ഉറക്കത്തിൽനിന്ന് ഉണരുന്നതല്ല ഉദ്ദേശിക്കുന്നത്. അറിവുകളിലേക്കും തിരിച്ചറിവുകളിലേക്കും കുട്ടികൾ ഉണരുന്നത്. കൊച്ചു ഭൂമികുലുക്കങ്ങളായിരിക്കില്ല അപ്പോൾ ഉണ്ടാകുന്നത്. മറിച്ചു വലിയ വലിയ ഭൂകമ്പങ്ങൾ. പുതിയ കാലം ഭൂകമ്പങ്ങളിലേക്കു നയിക്കുകയാണു കുട്ടികളെ. ഓരോ ദിവസവും അവരെത്തേടിയെത്തുന്ന വാർത്തകൾ, ദൃശ്യങ്ങൾ, അനുഭവങ്ങൾ ഒക്കെ കുട്ടികളുടെ മനസ്സിൽ സൃഷ്ടിക്കുന്നുണ്ട് ഇടിമുഴക്കങ്ങളും ചുലഴിക്കാറ്റും. കാറ്റ് കഠിനമായി വീശുകയും വികാരത്തിര ഉയരുകയും ചെയ്യുമ്പോൾ സുനാമിയുടെ വരവായി. സദാചാരത്തെയും ദുരാചാരത്തെയും കുറിച്ചുള്ള സങ്കൽപങ്ങൾ, ധാരണകൾ, വീക്ഷണങ്ങൾ ഒക്കെ തകർപ്പെടാം. പുനർനിർമിക്കപ്പെടാം. കുട്ടികളുടെ മനസ്സിൽ സംഭവിക്കുന്ന അങ്ങനെയൊരു അപനിർമാണത്തെക്കുറിച്ച് ഏറ്റവും നന്നായി പറയാൻ കഴിയുക അധ്യാപകർക്കായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ അധ്യാപകനായിരുന്ന, കുട്ടിമനസ്സ് വലുതായി മനസ്സിലാക്കിയ, കക്കട്ടിലെ മാഷിനെപ്പോലെയുള്ളവർക്ക്. സ്കൂൾ ഡയറിയെഴുതി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അക്ബർ കക്കട്ടിലെപ്പോലെയുള്ളവർക്ക്. അക്ബർ കുട്ടികളെ മനസ്സിലാക്കിയെന്നു മാത്രമല്ല, പ്രവചന സ്വഭാവത്തോടെ, ക്രാന്തദൃഷ്ടിയോടെ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്തു; കോഴിക്കോടൻ ഗ്രാമങ്ങളുടെ ചേതോഹരമായ ഭാഷയിൽ. എടുത്തുകാണിക്കാൻ ഒട്ടേറെയുണ്ട് ഉദാഹരങ്ങൾ. അവയിൽ ഒന്നുമാത്രമാണു ‘കുട്ടികൾ ഉണരുന്ന നേരം’ എന്ന കഥ. 

രണ്ടുവർഷം മുമ്പ് ഫെബ്രുവരി 17. രോഗബാധിതനായിരുന്നെങ്കിലും ചിന്തകളിലും കാഴ്ചപ്പാടുകളിലും ആരോഗ്യവും യൗവ്വനവും നിലനിർത്തിയ അക്ബർ യാത്ര പറയാതെ കടന്നുപോയ ദിവസം. അതിനു രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് കുട്ടികൾ ഉണരുന്ന നേരം. അക്ബർ കക്കട്ടിൽ അവസാനമായി എഴുതിയ കഥ? അഥവാ അവസാന കഥകളിലൊന്ന്. 

ഒരു കുട്ടിയാണ് കുട്ടികൾ ഉണരുന്ന നേരത്തിലെ പ്രധാനകഥാപാതം. ഒരു പെൺകുട്ടി. അക്ബറിനെപ്പോലെയുള്ള അധ്യാപകരുമുണ്ടായിരുന്നു ആ കഥയിൽ. മറ്റു കുട്ടികളും. ഒരു സ്കൂൾ ഡയറി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആ അവസാന കഥ ഒരു അധ്യാപകന്റെ പരാജയത്തെക്കുറിച്ചാണ്. കുട്ടികളുടെ മനസ്സു മനസ്സിലാക്കാൻ കഴിയാതെ പോകുന്ന അധ്യാപകനെക്കുറിച്ച്. അധ്യാപകൻ‌ ചിന്തിക്കുന്നതിനപ്പുറം പോകുന്ന കുട്ടികളെക്കുറിച്ച്. മാറുന്ന കാലത്തിന്റെ ചുവരെഴുത്തായിരുന്നു ആ കഥ. കാലം കണ്ണുതുറന്നു കാണേണ്ട കാഴ്ച. അങ്ങനെയൊരു കാഴ്ച കൂടി സമ്മാനിച്ചിട്ടാണ് അക്ബർ യാത്രയായത്. ജീവിതത്തെ പൂർണതയിലെത്തിച്ചുവെന്ന അഭിമാനത്തോടെ യാത്രയയപ്പു സമ്മേളനത്തിൽനിന്നു കണ്ണുതുടച്ചു പുറത്തുവരുന്ന അധ്യാപകനെപ്പോലെ ഒരു പിൻമടക്കം. വിരമിച്ചാലും അവസാനിക്കുന്നില്ല അധ്യാപകരുടെ ജീവിതം. പുറത്തേക്കിറങ്ങുമ്പോൾ, യാത്രയ്ക്കിടെ, വീട്ടുമുറ്റത്തുവച്ച്... എവിടെവച്ചും മടിച്ചും സൗമ്യമായും ഒരു സ്വരം വിളിക്കും. സാർ... സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്... സ്കൂളിൽ... ക്ലാസിൽ... ഓർമയുടെ അടരുകൾ കൊഴിയുകയായി. മാറാല നീങ്ങുകയായി. അപ്പോഴായിരിക്കും അധ്യാപകരുടെ കണ്ണുകളിൽ യഥാർഥ സൂര്യൻ ഉദിക്കുന്നത്. സ്വന്തം മക്കൾ വലിയ വിജയം നേടുമ്പോൾ പോലും ഉണ്ടാകാത്ത വിജയസ്മിതം. തന്റെ വാക്കുകൾ വെറുതെയായില്ലെന്ന വിസ്മയം. തന്റെ പ്രവൃത്തികൾ വഴിതെളിച്ച വ്യക്തിയുടെ ഉയർച്ച നൽകുന്ന ആത്മവിശ്വാസം. നിരത്തോരത്തുവച്ചുപോലും അധ്യാപകൻ ഒരു പിതാവിന്റെ വാൽസല്യത്തിനുടമയാകും. വിശേഷങ്ങൾ ചോദിച്ച്, വാർത്തകൾ പങ്കുവച്ച് മടക്കം. അപ്പോൾ ക്ഷീണമറിയില്ല ശരീരം. തളർച്ചയറിയില്ല ദേഹം. ഒരു യുവാവിന്റെ ആവേശം. ചുറുചുറുക്ക്. മഹത്തായ കൃത്യം ചെയ്യുന്നതിന്റെ സാഫല്യം....

അഭിമാനിക്കാം; അക്ബർ കക്കട്ടിലിന്. അദ്ദേഹത്തെ ഇന്നു തിരിച്ചറിയുന്നതു മുമ്പു പഠിപ്പിച്ച കുട്ടികൾ മാത്രമല്ല. സഹഅധ്യാപകരായിരുന്നവർ മാത്രമല്ല. സ്കൂളും സ്കൂൾ മുറ്റവും മണലും കാറ്റും മുറ്റത്തെ മാവും നെല്ലിയും മാത്രമല്ല; മലയാളം വായിക്കുന്ന കുട്ടികളും വലിയവരുമായ വായനക്കാർ. തങ്ങളുടെ പ്രിയ അധ്യാപകന്റെ വാക്കുകളിൽനിന്ന് അവർ സത്യം കണ്ടെടുക്കുന്നു. മുന്നറിയിപ്പുകൾ വായിക്കുന്നു. പുതിയ കാലത്തെ നേരിടാൻ സമരസജ്ജരാകുന്നു. 

ഒരു സാഹിത്യക്യാംപാണു കുട്ടികൾ ഉണരുന്ന നേരം എന്ന കഥയുടെ പശ്ചാത്തലം. ഡയറക്ടർ എഴുത്തുകാരൻ. സഹായത്തിന് ഒരു സഹഅധ്യാപകനുമുണ്ട്. ചൂടുപിടിച്ച ചർച്ചകൾ നടന്ന ക്യാംപ്. പ്രത്യേകിച്ചും നീലിമ എന്ന പെൺകുട്ടി. കഥകൾ പൊള്ളുന്ന യാഥാർഥ്യങ്ങളെക്കുറിച്ചാകണമെന്നു വാശിപിടിച്ച കുട്ടി. ഇഷ്ടപ്പെട്ട മാംസം കഴിച്ചതിന്റെ പേരിൽ വധശിക്ഷ വിധിക്കുന്നതിനെതിരെ കഥകൾ വേണമെന്നു പറഞ്ഞ കുട്ടി. ദളിതരെയും സ്ത്രീകളെയും പിച്ചിച്ചീന്തപ്പെടുന്ന പെൺകുട്ടികളെയും കുറിച്ച് എഴുതാത്തതെന്താ എന്നുറക്കെ ചോദിച്ച കുട്ടി. ഒരു തീപ്പൊരി. ക്യാംപ് നടക്കുന്ന ദിവസങ്ങളിൽ അമ്മ ലസിത വൈകിട്ടു നീലിമയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോകും. രാവിലെ കൊണ്ടാക്കും. നീലിമയുടെ അച്ഛൻ അധ്യാപകനായിരുന്നു. അപകടത്തിൽ മരിച്ചു. ക്യാംപിന്റെ അവസാനദിവസം. മിക്ക കുട്ടികളും മടങ്ങി. നീലിമ അമ്മയെ കാത്തിരിക്കുന്നു. പതിവുസമയമായിട്ടും അവർ എത്തിയിട്ടില്ല. ഡയറക്ടറായ അധ്യാപകനും സഹഅധ്യാപകനും നീലിമയ്ക്കൊപ്പമുണ്ട്. അവർ കുട്ടിയെ ആശ്വസിപ്പിച്ചു. 

കുട്ടി പേടിക്കാതിരിക്കൂ, ഞങ്ങൾ ഇവിടെയുണ്ടല്ലോ. 

എടുത്തടിച്ചതുപോലെയായിരുന്നു നീലിമയുടെ മറുപടി: അതാ എന്റെ പേടി. 

നിങ്ങൾ രണ്ടും പേരും ഇവിടെയുണ്ടല്ലോ എന്നതാണെന്റെ പേടിയുടെ കാരണം. ആർക്കും ആരെയും എന്തും....

കുട്ടികൾ ഉണരുന്ന നേരം തിരിച്ചറിയുകയായിരുന്നു ക്യാംപ് ഡയറക്ടറായ അധ്യാപകൻ. ക്യാംപ് നടക്കുമ്പോൾ മനസ്സിലാക്കാതെപോയ കാര്യം. അവസാനം ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ അമ്പെയ്യുന്നതുപോലെയുള്ള വാക്കുകളിലൂടെ തിരിച്ചറിഞ്ഞ സത്യം. അതിന്റെ അലയൊലികൾ മലയാള സാഹിത്യത്തിൽ ഇപ്പോഴും ഓളം തല്ലുന്നു. മികച്ച കഥയുടെ ഓളങ്ങൾ. ഭാവനയുടെ അനന്തമായ ആകാശങ്ങൾ. വർത്തമാന യാഥാർഥ്യത്തെ എങ്ങനെ കഥയാക്കാമെന്നതിന്റെ മികച്ച ഉദാഹരണം. 

തങ്ങളെ പഠിപ്പിച്ചിട്ടില്ലെങ്കിലും വായനക്കാർ അലിവോടെ, ആദരവോടെ, ബഹുമാനത്തോടെ അക്ബർ മാഷെ വിളിക്കുന്നു: 

മാഷേ. ഞങ്ങൾ അങ്ങയുടെ വിദ്യാർഥികൾ. മാഷ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. 

ഒന്നുറപ്പ്: അത്ഭുതത്തോടെ അക്ബർ മാഷ് ഞെട്ടിനിൽക്കില്ല. കുറച്ചുകൂടി കഥകൾ എഴുതാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷാദം മാത്രം കാണും ആ കണ്ണുകളിൽ. ആ വിഷാദം പങ്കുപറ്റാം വയനക്കാർക്കും. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം