Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊബേൽ , അന്നും ഇന്നും തെറ്റുന്ന പ്രതീക്ഷകള്‍

nobel-prize-alfred-nobel-logo

അടക്കാനാകാത്ത അത്ഭുതത്തോടെ ‘കർത്താവേ ഞാനോ...’ എന്നുറക്കെ വിളിച്ചുകൂവിയ ഒരു എഴുത്തുകാരനുണ്ട്. നശിപ്പിക്കാനായേക്കുമെങ്കിലും മനുഷ്യനെ പരാജയപ്പെടുത്താനാവില്ലെന്നു പറഞ്ഞ, കിഴവന്റെയും കടലിന്റെയും കഥ പറഞ്ഞ ഏണസ്റ്റ് ഹെമിങ്‍വേ. 1954–ൽ നൊബേൽ സാഹിത്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത കേട്ടപ്പോഴാണ് ഹെമിങ്‍വേ അടക്കിവയ്ക്കാതെ അത്ഭുതം തുറന്നുപ്രകടിപ്പിച്ചത്. ഏഴുവർഷം കൂടി കഴിഞ്ഞ് 61–ാം വയസ്സിൽ സ്വന്തം ശിരസ്സിലേയ്ക്ക് ഒരു വെടിയുണ്ട പായിച്ച് ഒരിക്കൽക്കൂടി ലോകത്തെ അത്ഭുതപ്പെടുത്തിയ ഹെമിങ്‍വേയെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട് നൊബേൽ പുരസ്കാരം. അതേ  പുരസ്കാരം ഇത്തവണയില്ല എന്ന പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലോകസാഹിത്യരംഗം. 

ഒക്ടോബറിന്റെ നഷ്ടം 

ഒക്ടോബർ പോലെ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മറ്റൊരു മാസമില്ല. കാരണം ഒന്നേയുള്ളൂ– നൊബേൽ സാഹിത്യ പ്രഖ്യാപനം. പുരസ്കാരം ലഭിക്കുന്നതോ നഷ്ടമാകുന്നതോ എഴുത്തിന്റെ മാറ്റ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ലെങ്കിലും ലോകം വീർപ്പടക്കി കാത്തിരിക്കും ആ പേരു കേൾക്കാൻവേണ്ടി മാത്രം. എഴുത്തിലൂടെ സുപരിചിതരായവർക്കു പുരസ്കാരം ലഭിച്ച വർഷങ്ങളുണ്ട്. താരതമ്യേന പുതുമുഖങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതീവരഹസ്യമായി സൂക്ഷിക്കുന്ന പേരുകളിൽനിന്ന് ജേതാവിനെ പ്രഖ്യാപിക്കുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരിക്കും വൻമരങ്ങൾ മുതൽ ഇളമുറക്കാർ വരെ. പിന്നീടു ദിവസങ്ങളോളം മുഖ്യധാരാ മാധ്യമങ്ങളുൾപ്പെടെ ചർച്ചകളും വിശകലനങ്ങളും വിലയിരുത്തലുകളും നിറയും. പുരസ്കാരത്തിന്റെ ന്യായീകരണവും ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങളുമൊക്കെ ചർച്ചയ്ക്കു കൊഴുപ്പുകൂട്ടും. വായിക്കാനും ആസ്വദിക്കാനും വീണ്ടും വീണ്ടും വായിക്കാനും എഴുത്തിന്റെ ഒരു പുതിയ ലോകം കൂടി തുറന്നുകിട്ടുകയാണ്. സാഹിത്യത്തിന്റെ ലോകം കുറേക്കൂടി വിശാലമാകുന്നു. പുതിയ ശൈലി. അനുഭവങ്ങൾ. ഇഷ്ടാനിഷ്ടങ്ങൾ. ഒരോ നൊബേലും ഓരോ കണ്ടെത്തലാകുന്നു. വെളിപ്പെടുത്തലാകുന്നു. പുതിയൊരു ലോകത്തേക്കുള്ള സാഹസിക പര്യടനമാകുന്നു. അനുകൂലിച്ചാലും ഇല്ലെങ്കിലും ഒരു വസ്തുത എടുത്തുപറഞ്ഞേപറ്റൂ – നൊബേൽ സാഹിത്യ പ്രഖ്യാപനത്തിനു ലഭിക്കുന്ന  ലോകവ്യാപക അംഗീകാരം. മറ്റെന്ത് ഉന്നതപുരസ്കാരം ലഭിച്ചാലും നൊബേൽ അതൊന്നു വേറെതന്നെ. ഈ വർഷത്തെ ഒക്ടോബറിലും സാഹിത്യത്തിന്റെ ലോകം വിശാലമാക്കിക്കൊണ്ട് മറ്റൊരു നൊബേൽ പ്രഖ്യാപനത്തിനു ലോകം കാത്തിരിന്നു തുടങ്ങുമ്പോഴാണ് പുരസ്കാരം തന്നെ പ്രഖ്യാപിക്കുന്നില്ല എന്ന വാർ‌ത്ത എത്തുന്നത്. 

തെറ്റുന്ന പ്രതീക്ഷകള്‍

സാധ്യതാ പട്ടികയുണ്ടാക്കി മാധ്യമങ്ങൾ കാത്തിരിക്കുമെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച ചരിത്രമാണ് പലപ്പോഴും നൊബേൽ പ്രഖ്യാപിക്കുന്ന സ്വീഡിഷ് അക്കാദമിയുടേത്. 2016– ലെ പുരസ്കാരം സമ്മാനിച്ചതും വലിയൊരു ഞെട്ടൽ. പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിച്ച എഴുത്തുകാരെയൊക്കെ പിന്തള്ളി പാട്ടെഴുത്തുകാരൻ എന്നതിനേക്കാൾ ഗായകനെന്നു കീർത്തി നേടിയ ബോബ് ഡിലനാണ് സാഹിത്യ പുരസ്കാരം ലഭിച്ചത്. ഡിലന്റെ സംഭാവനകളെ കുറച്ചുകാണാതിരിക്കുമ്പോൾ തന്നെ പുരസ്കാര പ്രഖ്യാപനത്തിനും മുന്നേ പേര് ചോർന്നു എന്ന വാർത്തയാണ് ലോകത്തെ ഞെട്ടിച്ചത്. കഴിഞ്ഞമാസമാണ് നൊബേൽ പട്ടികയിൽ വന്ന ചോർച്ചയെക്കുറിച്ച് ലോകം അറിഞ്ഞത്. അക്കൊല്ലം ഡിലൻ ഉൾപ്പെടെ ഏഴു പുരസ്കാര ജേതാക്കളുടെ പേരു വിവരം നേരത്തേ തന്നെ മാധ്യമങ്ങൾക്കു ലഭിച്ചു. 1996 – മുതൽ ജേതാക്കളുടെ വിവരം ചോർത്തിനൽകുന്നുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തുവന്നു. പ്രതിസ്ഥാനത്തു വന്നതു ഷീൻ ക്ളോഡ് ആർനോ. അക്കാദമിയിലെ സ്ഥിരാംഗവും കവിയുമായ കാതറിന ഫ്രോസ്റ്റൻസണിന്റെ ഭർത്താവാണ് ആർനോ. സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ആർനോയ്ക്കെതിരെ ലൈംഗിക ആരോപണങ്ങൾ നേരത്തെതന്നെ ഉയർന്നിരുന്നു. ലൈംഗിക അടിമത്തത്തിൽനിന്നും ചൂഷണത്തിൽനിന്നുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായ ‘മീ ടൂ’ പ്രചാരണം ചൂടുപിടിക്കുകയും വൻമരങ്ങൾ കടപുഴകുകയും ചെയ്തപ്പോൾ പിടിച്ചുനിൽക്കാനാകാതെ വന്നിരിക്കുന്നു സ്വീഡിഷ് അക്കാദമിക്കും. സസ്പെൻസിന്റെ ചരടുപൊട്ടാതെ സൂക്ഷിക്കുന്ന ഒരു ത്രില്ലർ നോവലിലെന്നപോലെ ആർനോയ്ക്കെതിരായ ആരോപണങ്ങളെത്തുടർന്ന് സ്വീഡിഷ് അക്കാദമയിൽനിന്നു സ്ഥിരാംഗങ്ങൾ പിൻമാറുക കൂടി ചെയ്തപ്പോഴാണ് ഗത്യന്തരമില്ലാതെ ഇത്തവണ പുരസ്കാരം പ്രഖ്യാപിക്കുന്നില്ലെന്ന വാർത്ത എത്തുന്നത്. 

നൊബേൽ സമ്മാനം തനിക്കാണെന്നു കേട്ടപ്പോൾ അത്ഭുതപ്പെട്ട ഹെമിങ്‍വേ പുരസ്കാരത്തിനു തന്നേക്കാൾ അർഹരായവർ വേറെയും ഉണ്ടെന്നു പറഞ്ഞിരുന്നു. കാൾ സാൻഡ് ബർഗ് ഉൾപ്പെടെ മൂന്നുപേരുടെ പേരാണ് അന്നദ്ദേഹം പറഞ്ഞത്. പുരസ്ക്കാരത്തുക തനിക്കു വിലമതിക്കാനാവാത്തതാണെന്നു പറഞ്ഞ ഹെമിങ്‍വേ സ്വീഡനിലെത്താനുള്ള തന്റെ ബുദ്ധിമുട്ടും പറഞ്ഞു. രണ്ടു വിമാനാപകടങ്ങളും രോഗങ്ങളുമായി ശാരീരികമായി ആകെ തളർന്നിരുന്നു അക്കാലത്തു ഹെമിങ്‍വേ. 1954 ഡിസംബർ 10 നു നടന്ന പുരസ്കാരച്ചടങ്ങിൽ ഹെമിങ്‍വേയ്ക്കു വേണ്ടി പുരസ്കാരം സ്വീകരിച്ചതു സ്വീഡനിലെ അമേരിക്കൻ അംബാസർ. ഹെമിങ്‍വേ എഴുതിയ മറുപടി പ്രസംഗവും അദ്ദേഹം വായിച്ചു. പിന്നീടു തന്റെതന്നെ ശബ്ദത്തിൽ ആ പ്രസംഗം ഹെമിങ്‍വേ റെക്കോർഡ് ചെയ്തിട്ടുമുണ്ട്.  

തിരസ്കാരത്തിന്റെ ഒറ്റയാന്‍

ചോര ചൊരിഞ്ഞ വിപ്ലവത്തിന്റെ മറുവശം കാണിച്ചുതന്നെ ‘ഡോക്ടർ ഷിവാഗോ’യിലൂടെ പ്രശസ്തനായ ബോറിസ് പാസ്റ്റർനക്ക് നൊബേൽ പ്രഖ്യാപിച്ചപ്പോൾ സന്തോഷിച്ചുവെങ്കിലും അന്നത്തെ സോവിയറ്റ് യൂണിയന്റെ സമ്മർദത്തെത്തുടർന്ന് പുരസ്കാരത്തിൽനിന്ന് ഒഴിഞ്ഞുമാറി. ലോകമാകെ പടർന്നുപിടിച്ച അസ്തിത്വവാദത്തിന്റെ ആചാര്യനായ ഴാങ് പോൾ സാർത്ര് ആകട്ടെ സാഹിത്യ നൊബേൽ തിരസ്കരിക്കാൻ ധൈര്യം കാട്ടിയ അപൂർവശബ്ദത്തിന്റെ ഉടമയാണ്. 

നൊബേൽ സമ്മാനത്തിനു പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ടു സാർത്ര് അയച്ച കത്ത് അക്കാദമിക്കു കിട്ടിയതു സമ്മാനം തീരുമാനിച്ച ശേഷമാണെന്നു വർഷങ്ങൾക്കു ശേഷം വെളിപ്പെടുകയും ചെയ്തു. 1964– ലാണ് നൊബേൽ പുരസ്‌കാരം സാർത്ര് നിരസിച്ചത്. ഔദ്യോഗിക ബഹുമതികളെ താൻ എന്നും നിരസിച്ചിട്ടുണ്ട് എന്നായിരുന്നു സാർത്രിന്റെ ന്യായീകരണം. പിന്നീട് അരനൂറ്റാണ്ടു കഴിഞ്ഞാണ് മറ്റൊരു പുരസ്കാര ജേതാവ് സമ്മാനം സ്വീകരിക്കുന്നുവെന്നു പറഞ്ഞെങ്കിലും സമ്മാനദാനച്ചടങ്ങ് ഒഴിവാക്കുന്നത്. തിരക്കായതിനാൽ തനിക്കു സമ്മാനദാന ചടങ്ങിൽ എത്താനാകില്ലെന്നു പറഞ്ഞു ചടങ്ങിൽനിന്നു മാറിനിന്നു ഇക്കഴിഞ്ഞ വർഷം ബോബ് ഡിലൻ. 

മലയാളത്തിന്റെ നൊബേല്‍

2011–ൽ മലയാളത്തിന്റെ കവി കെ. സച്ചിദാനന്ദനും രാജസ്‌ഥാനിലെ കഥാകൃത്ത് വിജയ് ദാൻ ദേത്തയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാന സാധ്യതാ പട്ടികയിൽ എത്തിയിരുന്നു. സമ്മാനത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ പതിനെട്ടാം സ്‌ഥാനമായിരുന്നു സച്ചിദാനന്ദന്. അതിനും കാൽനൂറ്റാണ്ടു മുമ്പ് നൊബേൽ പുരസ്കാരവുമായി ബന്ധപ്പെടുത്തി മലയാളത്തിൽനിന്ന് ഒരു എഴുത്തുകാരിയുടെ പേരും പ്രചരിച്ചു– മാധവിക്കുട്ടി എന്ന കമലാദാസ്. 

ഗംഭീരമായി പ്രസംഗിക്കാനോ ഉജ്വലമായ ഒരു പ്രഭാഷണം നടത്താനോ കഴിവില്ലാത്തയാളാണ് താൻ എന്നു പറഞ്ഞുകൊണ്ടാണ് ഹെമിങ്‍വേ  നൊബേൽ പ്രസംഗം തുടങ്ങുന്നത്. എഴുത്താണ് ലോകത്തെ ഏറ്റവും ഏകാന്തമായ ജോലിയെന്നും ഓരോ എഴുത്തുകാരും ഏറ്റവും ഒറ്റപ്പെട്ടവരാണെന്നും പറഞ്ഞു ഹെമിങ്‍വേ. ലോകത്തിന്റെ വിദൂരമായ കോണുകളിലിരുന്ന് ഏകാന്തസങ്കടങ്ങൾക്കും ഒറ്റപ്പെടലുകൾക്കും വിസ്മയം പോലെ ലഭിക്കുന്ന സന്തോഷങ്ങൾക്കും അക്ഷരരൂപം കൊടുക്കുന്നവരെ ലോകത്തിന്റെ അരങ്ങിലെത്തിക്കുന്ന മഹത്തായ വേദിയാണ് നൊബേൽ പ്രഖ്യാപനം. വിവാദത്തെത്തുടർന്ന് ഇത്തവണ മങ്ങലേറ്റെങ്കിലും ശുഭപര്യവസായിയായ ഒരു നോവൽ പോലെ കൂടുതൽ തിളക്കത്തോടെ, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് അടുത്തവർഷം എത്തുന്ന ഇരട്ട നൊബേൽ പുരസ്കാരങ്ങൾക്കായി ഇനി കാത്തിരിക്കാം. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം