Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും അകലേണ്ടിവന്നവർ

Vyloppilli Sreedhara Menon വൈലോപ്പിള്ളി ശ്രീധരമേനോനും ഭാനുമതിയും. ഭാനുമതി ടീച്ചറുടെ ആൽബത്തിലെ അപൂർവ ചിത്രങ്ങളിലൊന്ന്. ചിത്രം: മനോരമ ആർക്കൈവ്സ്

അവസാനമായി മജീദ് സുഹ്റയോട് എന്താണു പറഞ്ഞത്? ബഷീറിന്റെ ബാല്യകാലസഖിയുടെ വായനക്കാരുടെ മനസ്സിൽ ആ ചോദ്യത്തിന്റെ ഉത്തരത്തിനു പകരം ഉയരുന്നത് ഒരു ബസിന്റെ ഇരമ്പം. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. അതു പറയാൻ തുടങ്ങുമ്പോഴേക്കും കേൾക്കുന്നു ഓടിയെത്തുന്ന ബസിന്റെ ഇരമ്പം. പെട്ടെന്നു മജീദ് യാത്രയാകുകയാണ്. അവസാനമായി പറയാൻ ആഗ്രഹിച്ചതു മറ്റൊരിക്കൽ പറയാൻ കാത്തുവച്ച്. പിന്നീട് ഇരുവർക്കും ജീവനോടെ നേരിൽകാണാൻ സാധിച്ചില്ല. അവരുടെ പ്രണയത്തിന്റെ ദുരന്തമാണു ബാല്യകാലസഖിയുടെ ആത്മാവ്. ഒരു ബസിനെ മാത്രം ആശ്രയിച്ചു ജീവിച്ച ഒരു കാലത്തിന്റെ ദുരന്തം കൂടിയാണത്. ബാല്യകാലസഖിയിൽ വില്ലൻ വേഷത്തിലെത്തിയ ബസിന്റെ ദൂരെനിന്നുള്ള ഇരമ്പം കേൾക്കാം കണ്ണീർപ്പാടം എന്ന കവിതയിലും. അറുപതു വർഷം മുമ്പു വൈലോപ്പിള്ളി എഴുതിയ കവിതയിൽ. ആഗ്രഹത്തോടെ ഒരുമിച്ചെങ്കിലും ഒന്നിച്ചുജീവിക്കാനാവാതെ വേർപിരിഞ്ഞുജീവിച്ച ദമ്പതികളുടെ ജീവചരിത്രം കൂടിയാണു കണ്ണീർപ്പാടം. കവിയുടെ ആത്മകഥ തന്നെ. എഴുതിയ കാലത്തിലെന്നപോലെ ഇന്നും പ്രസക്തമാണു കണ്ണീർപ്പാടത്തിലെ കണ്ണുനീർ. വീണ്ടുമൊരു മഴക്കാലത്ത് ആറുകളും തോടുകളും നിറഞ്ഞുകവിയുകയും തടിപ്പാലങ്ങൾ തകരുകയും ചെയ്യുമ്പോൾ യാത്രയായിരിക്കുന്നു കവിതയിലെ നായിക: ഭാനുമതിയമ്മ. കവി വൈലോപ്പിള്ളിയുടെ ഭാര്യ. ബാക്കിയായതു കണ്ണീർ നിറഞ്ഞുകവിഞ്ഞ പാടം. വഴുക്കുന്ന വരമ്പുകളിലൂടെ നിരത്തുകളിലെത്താൻ ബദ്ധപ്പെടുന്ന ദമ്പതികൾ. ലോകത്തിൽനിന്ന് ഒറ്റപ്പെട്ടതിനൊപ്പം പരസ്പരം ആശ്രയമാകാൻ കഴിയാതെ ഒറ്റപ്പെട്ടവരുടെ ഏകാന്തതയും വിരഹവും. 

വളരെക്കുറച്ചുകാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം അകന്നുകഴിഞ്ഞവരാണ് കവി വൈലോപ്പിള്ളിയും ഭാര്യയും. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്ന ഘട്ടത്തിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും വേർപിരിഞ്ഞു ജീവിക്കുന്നവരുടെ കഥകൾ ഇന്നും അതിശയത്തോടെ സ്വീകരിക്കുന്നവർ സൗകര്യപൂർവം വിസ്മരിച്ചു അറുപതു വർഷം മുമ്പു നടന്ന കവിയുടെയും ഭാര്യയുടെയും വേർപിരിയൽ. രണ്ടു വീടുകളിൽ വേറിട്ടു ജീവിച്ചതിനൊപ്പം തന്റെ ദാമ്പത്യത്തിന്റെ തകർച്ചയെ കവിതയ്ക്കു വിഷയമാക്കുകയും ചെയ്തു കാലത്തിനുമുമ്പേ പറന്ന കവി; അതും ഞെട്ടിക്കുന്ന സത്യസന്ധതോടെയും കുറ്റസമ്മതത്തിന്റെ കറ പുരളാത്ത ആത്മാർഥതയോടെയും. 

ഭാര്യാഭർത്താക്കൻമാർക്കിടയിൽ സാധാരണ സംഭവിക്കാവുന്ന ഒരു സൗന്ദര്യപ്പിണക്കത്തിലാണു കണ്ണീർപ്പാടത്തിന്റെ തുടക്കം. ക്ഷേത്രദർശനത്തിനുപോകാൻ കുളിച്ചൊരുങ്ങിനിൽക്കുന്ന ദമ്പതികൾ. അമ്പലത്തിലേക്കു പോകാൻ ഭർത്താവ് തയാറായിക്കഴിഞ്ഞു. ഭാര്യ ഒരുക്കം പൂർത്തിയാക്കിയിട്ടില്ല. അക്ഷമയോടെ കാത്തിരിക്കുകയാണു ഭർത്താവ്. അമ്പലത്തിലേക്കു പോകുമ്പോഴും ഇത്രയ്ക്കൊക്കെ ഒരുങ്ങാനുണ്ടോ എന്നാണയാളുടെ സംശയം. അവർക്കു പോകേണ്ട ബസ് വന്നുപോയി. ബസിന്റെ ഇരമ്പം അങ്ങു ദൂരെനിന്നു കേൾക്കാം. ഒരുക്കം മതിയാക്കി ഇറങ്ങാം എന്നു ധൃതി കൂട്ടുകയാണു ഭർത്താവ്. അക്ഷമയ്ക്കു പുറമേ പരിഹാസവുമുണ്ട് അയാളുടെ വാക്കുകളിൽ. ചമഞ്ഞൊരുങ്ങുന്ന ഭാര്യയോടുള്ള അഭിപ്രായവ്യത്യാസവും. ഒടുവിൽ ആലിൻചോട്ടിൽ വിഷാദത്തോടെ കാത്തുനിൽക്കുകയാണവർ. 

വഴി ലാഭിക്കാൻ വരമ്പു മുറിച്ചുകടക്കാൻ തീരുമാനിച്ചു അവരിരുവരും. കലക്കവെള്ളം നിറഞ്ഞ കർക്കടകപ്പാടം. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൈത. ചിറകനക്കാതെ നിദ്രകൊള്ളുന്ന കൊറ്റി. പച്ചത്തലപ്പുമാത്രം പുറത്തുകാണിച്ചുകൊണ്ട് നീറ്റിൽ ആണ്ടുനിൽക്കുന്ന കുരുന്നു ഞാറ്. 

സൂക്ഷിച്ചുമുന്നോട്ടുപോകണം എന്നോർമിപ്പിച്ചുകൊണ്ട് വഴുക്കുമുറ്റിയ വയൽവരമ്പിലൂടെ അവർ മുന്നോട്ട്. മൗനത്തിലാണിരുവരും. വല്ലപ്പോഴും ഏതാനും വാക്കുകൾ മാത്രം. (നീണ്ട മൗനത്തിലേക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞുവീഴുന്നതും എന്നു ചുള്ളിക്കാട്). പരിഭവവും അസൂയയും സ്വാർഥതയുമാണവരെ നയിക്കുന്നത്. ആ യാത്രയ്ക്കിടെ കടന്നുപോയ ഹേമന്തത്തിലെ ഒരു ചിത്രം കടന്നുവരുന്നു. പനിനീർപ്പൂന്തോട്ടത്തിലെ വിടർന്ന പുഷ്പങ്ങളെപ്പോലെ ദുർഗ്ഗാക്ഷേത്രം ദർശിച്ചു മടങ്ങുന്ന അവരുടെ തന്നെ പോയകാലചിത്രം. അന്ന് ആഹ്ളാദത്തോടെ മുന്നോട്ടു കുതിക്കുന്ന യുവാവും കൂടെയെത്താൻ ധൃതിപ്പെട്ട യുവതിയുമായിരുന്നു അവർ. 

ഇപ്പോൾ ദുഃഖഭാരത്താൽ കുനിഞ്ഞ മുഖവുമായി പിന്നാലെ നടക്കുകയാണു യുവാവ്. സാരി കുറച്ചുയർത്തി നടക്കുന്ന ഭാര്യയുടെ കണങ്കാൽ കണ്ടു പാവം തോന്നുന്നു ഭർത്താവിന്. പൂ വിരിച്ച വഴിയിലൂടെ നടക്കേണ്ട പുണ്യവ്രത ചളിക്കുഴമ്പു പരുവത്തിലായ വരമ്പിലൂടെ നടക്കുന്നതുകാണുമ്പോഴുള്ള അസഹ്യത. 

മുന്നോട്ടുപോകണമെങ്കിൽ അവർക്ക് ഒരു കൈത്തോടു കടക്കണം. വെള്ളപ്പൊക്കത്തിൽ പാലം തകർന്നുവീണു. ഭാര്യയുടെ തടസ്സം വകവയ്ക്കാതെ അയാൾ തോട്ടിലിറങ്ങി നടക്കാൻ ആരംഭിക്കുന്നു. തോടു മുറിച്ചു കടക്കുന്ന അയാൾക്ക് ഒരു ജോലികൂടിയുണ്ട്. ഭാര്യയെ അക്കരെ കടത്തണം, ഇതിനിടെ ഇരുകരകളിലായി നിലകൊള്ളുമ്പോൾ അയാളുടെ മനസ്സിൽ അവർ തമ്മിലുള്ള വിയോജിപ്പിന്റെ കാരണങ്ങൾ ഒന്നൊന്നായി വ്യക്തമാകുന്നു. ഇതിനിടെ, കിഴക്കുനിന്നു വന്ന രണ്ടുപേരെ അവർ കാണുന്നു. വേഗത്തിൽ ദൃഡതയോടെ നടക്കുന്ന ഗ്രാമീണദമ്പതികൾ. അവർ തെല്ലും ബുദ്ധിമുട്ടാതെ തോടു മുറിച്ചുകടന്ന് വരമ്പിൽചെന്നുപറ്റുന്നു. ഭാര്യയുടെ കൈ പിടിച്ച് അക്കരെ കടത്തുന്നതു ഭർത്താവ്. ആ കാഴ്ചയുടെ ഉത്സാഹത്തിൽ അയാൾ കൈ പിടിച്ചു ഭാര്യയെ അക്കരയെത്തിക്കുന്നു. അങ്ങനെ കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്നം എളുപ്പത്തിൽ പരിഹരിക്കുന്നെങ്കിലും യാത്രയിലുടനീളം നിലനിന്ന വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും മാറ്റമില്ലാതെ തുടരുന്നു. അതവരുടെ ഒരിച്ചുള്ള ജീവിതം അസാധ്യമാക്കുന്നു. 

ക്രൂരമൃതിയെ ദഹിപ്പിക്കുന്ന സ്നേഹത്തിന്റെ അഗാധത സഹയാത്രികയുടെ കണ്ണുകളിൽ കാണുന്ന പ്രസന്നഭാവം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും കണ്ണീർപ്പാടം വേർപാടിന്റെ കവിതയാണ്; ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അകന്നുജീവിക്കേണ്ടിവന്ന ദമ്പതികളുടെ അസ്വാരസ്യത്തിന്റെ വ്യാഖ്യാനം. ദാമ്പത്യത്തിൽ പൂത്തുലയേണ്ട പ്രണയം മധുരിക്കുന്ന ഓർമ മാത്രമായതിന്റെ വിഷാദം. 

കവിതയിലെ നായികയുടെ വേർപാടോടെ വീണ്ടും ചർച്ചയാകുന്നു കണ്ണീർപ്പാടം; ഒരുമിച്ചു ജീവിക്കുന്നതിനിടെ ഉയരുന്ന അസ്വാരസ്യങ്ങളും. സമൂഹം സുശക്തമെന്നു കരുതുന്ന ദാമ്പത്യം നിയമത്തിന്റെ നിറവേറൽ മാത്രമാകുകയും നയവും അഭിനയവും മാത്രം അതിജീവിക്കുകയും ചെയ്യുമ്പോൾ. സങ്കൽപവും യാഥാർഥ്യവും പൊരുത്തപ്പെടാതെ സംഘർഷത്തിലേർപ്പെടുമ്പോൾ. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം