Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോവിലന്റെ കൂടെ കള്ളു കുടിച്ച എഴുത്തുകാരി

ശ്രീജിത് പെരുന്തച്ചൻ
kovilan-gracy

ആണുങ്ങളുടെ കൂടെ കള്ളു കുടിച്ചിട്ടുള്ള എത്ര എഴുത്തുകാരികളുണ്ടാകും മലയാളത്തിൽ? എ മൈനസ് ബി സമം ഗ്രേസി എന്നു പറയേണ്ടിവരും. അഥവാ കോവിലനും ഗ്രേസിയുമാണത് എന്ന്. രണ്ടു തവണ അവർ കണ്ടതു കേൾക്കാൻ വേണ്ടിയായിരുന്നു. എന്നുവച്ചാൽ ആകാശവാണിയിൽവച്ച്. തൃശൂർ ആകാശവാണിയിലെ കഥാചർച്ച കഴിഞ്ഞ് കോവിലനും പി. സുരേന്ദ്രനും കാറിൽ മടങ്ങവേ റെയിൽവേ സ്റ്റേഷനിൽ ഇറക്കാമെന്നു പറഞ്ഞപ്പോൾ ഗ്രേസിയും കയറി. ആയിടയ്ക്ക് കോവിലനു കിട്ടിയ ഒരവാർഡിന്റെ ചെലവ് കിട്ടിയില്ല എന്നു സുരേന്ദ്രൻ പറഞ്ഞതോടെ ഗ്രേസിയെ സ്റ്റേഷനിൽ ഇറക്കിയിട്ട് യാത്രിനിവാസിൽ പോകാമെന്നായി കോവിലൻ. ഞാനും കൂടിയുണ്ടെന്നു പറഞ്ഞ് ഗ്രേസി അവർക്കൊപ്പം കൂടി. യുവതിയായ ഗ്രേസി അങ്ങനെ രണ്ടിലകൾക്കു നടുവിലെ ചെമ്പകപ്പൂവായി മദ്യശാലയിൽ ഇരുന്നു. മറ്റുള്ളവരുടെ തുറിച്ചുനോട്ടങ്ങളെ അവഗണിച്ച് ഗ്രേസിയും ബിയർ അകത്താക്കി. അനന്തരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗ്രേസി പ്ലാറ്റ്ഫോമിൽ നല്ല ഫോമിലായിരുന്നു. ഗ്രേസിക്ക് അതേവരെ എങ്ങനെ തീർക്കുമെന്നു പിടികിട്ടാതിരുന്ന ഒരു കഥയുടെ അന്ത്യം കിട്ടിയത് അന്തവും കുന്തവുമില്ലാതെ അവിടെ ഇരുന്നപ്പോഴാണ്. 

ഗ്രേസി ആകാശവാണിയിലെ കഥാചർച്ചയിൽ കോവിലനോട് അധികം സംസാരിച്ചില്ല. ലോകസാഹിത്യം സാഹിത്യകാരന്മാർക്കിടയിൽ താൻ ആരുമല്ല എന്ന പേടി കാരണം. ലോകസാഹിത്യം അരച്ചുകലക്കി കുടിച്ചിട്ടൊന്നുമല്ല എന്ന വിചാരം മനസ്സിലുണ്ട്. പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റ്’ കൊള്ളാം. മറ്റൊന്നും തനിക്ക് രുചിച്ചില്ല. സാർത്ര് തന്നെ ഒന്നുരണ്ടെണ്ണമേ വായിച്ചിട്ടുള്ളൂ എന്ന ചിന്തയൊക്കെയുണ്ട്, അന്നും ഇന്നും. അല്ലെങ്കിലും എഴുത്തുകാരെ കാണുമ്പോൾ താൻ മിണ്ടാട്ടം മുട്ടുന്നവളാകുമെന്നു ഗ്രേസി. എഴുത്തുകാരെന്നല്ല ഏതു മനുഷ്യരെ കണ്ടാലും അവരുടെ ചേഷ്ടകൾ ശ്രദ്ധിച്ച് അദ്ഭുതം കൂറി നിൽക്കുന്നതാണു ശീലം. ബസ്സിൽ കയറിയാലത്തെ കഥ പറയുകയും വേണ്ട. അതുകൊണ്ട് സാഹിത്യത്തിനല്ല ഗ്രേസിക്കാണു നഷ്ടമെന്നു മാത്രം. മൂന്നു തവണ നഷ്ടമുണ്ടായി. തന്റെ കാര്യം ശ്രദ്ധിക്കാതെ പരിസരം മറന്നുള്ള ഈ നിൽപുമൂലം മൂന്നു തവണ ഗ്രേസിയെ പോക്കറ്റടിച്ചു. ഒരു തവണ ട്രഷറിയിൽനിന്നു വരുന്ന വഴിക്കു പെൻഷൻകാശ് മുഴുവൻ ബസ്സിൽവച്ചു പോയി. മറ്റൊരു തവണ ബാങ്കിൽവച്ച് ആരോ കാശെടുത്തു. ബസ്സിനു വരാൻ കാശില്ലാഞ്ഞ് വീട്ടിലേക്കു നടന്നുവന്നിട്ടുണ്ട് ഗ്രേസി. വെറ്റില ചുരുട്ടുന്നതുപോലെ നോട്ട് കയ്യിൽ തിരുകിവച്ചാണ് ഇപ്പോൾ എവിടെയെങ്കിലും പോകുന്നത്. എന്റെ കാശ് എന്നു കരുതി വളരെ ശ്രദ്ധിച്ചാകും താൻ ബസ്സിൽ കയറുക എന്നു ഗ്രേസി. എന്നാലും പോകാനുള്ളതു പോകും. എല്ലാറ്റിനും കാരണം ഈ അന്തംവിട്ടുള്ള നിൽപാണ്. എഴുത്തുകാരെ കാണുമ്പോഴുള്ള കാര്യം പിന്നെ പറയണോ? 

അങ്ങനെയിരിക്കെ കാലടി സർവകലാശാലയിൽ വച്ച് കോവിലനെ ഗ്രേസി വീണ്ടും കണ്ടു. അദ്ദേഹത്തിന് തീരെ വയ്യാത്തതായി തോന്നി. കണ്ണിനു മുകളിൽ കൈ പിടിച്ച് അദ്ദേഹം ചോദിച്ചു, ഇത് ഗ്രേസിയല്ലേ എന്ന്. ചിരിച്ചുചിരിച്ചു നിന്നതല്ലാതെ ഗ്രേസി ഒരക്ഷരം മിണ്ടിയില്ല. ഗ്രേസി ചിലപ്പോൾ അങ്ങനെയാണ്. ആരെങ്കിലും ചോദിച്ചാൽ തിരിച്ചൊന്നും പറയാതെ വെറുതെ ചിരിച്ചുകൊണ്ടു നിൽക്കും. കാരണം എല്ലാ വാക്കുകൾക്കും മീതെയാണ് തന്റെ ഈ ചിരി എന്നു ഗ്രേസിക്കു തോന്നാറുണ്ട് എന്നതുതന്നെ. ‘ഈ തിരമാലകൾ എവിടെനിന്നു വരുന്നു, കടലിനറിഞ്ഞുകൂടാ. ഒടുങ്ങാത്ത പൂങ്കുലകൾ എവിടെനിന്നു വരുന്നു? മരങ്ങൾക്ക് അറിഞ്ഞുകൂടാ’ എന്നു മഹാകവി പി. എഴുതിയതുപോലെ ചില േനരങ്ങളിൽ തന്റെ നിർത്താത്ത ഈ ചിരി എവിടെ നിന്നു വരുന്നു  എന്ന് ഗ്രേസിക്ക് അറിഞ്ഞുകൂടാ. കോവിലൻ അതു പറഞ്ഞിട്ട് നടന്നുപോയി. പിന്നെ അധികം വൈകാതെ, അദ്ദേഹം മരിച്ചു എന്നു കേട്ടപ്പോഴാണ് ഗ്രേസി ചിന്തിച്ചത്, എന്നെ നോക്കാനായി കണ്ണിന്റെ മുകളിൽ വച്ച ആ കയ്യെടുത്ത് തന്റെ തലയിൽ വച്ച് അനുഗ്രഹം വാങ്ങുകയായിരുന്നില്ലേ വേണ്ടത്, ഒരു വാക്കെങ്കിലും പറയാമായിരുന്നില്ലേ എന്ന്. അന്തംവിട്ട് മനുഷ്യരെ നോക്കിനിന്നപ്പോൾ സംഭവിക്കാറുള്ളതുതന്നെ കോവിലന്റെ മരണം അറിഞ്ഞ് ഗ്രേസിക്കും സംഭവിച്ചു. ആരോ പോക്കറ്റടിച്ചതുപോലെ. എന്നുവച്ചാൽ വിലപ്പെട്ടതെന്തോ നഷ്ടമായതുപോലെ...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം