Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാത്മരാമായണം കിളിപ്പാട്ട്– മലയാളത്തിലെ മികച്ച കൃതികളിൽ ഒന്ന്

Ravi-Varma-Thampuran.jpg.image.784.410

അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോഴാവണം കഥകൾ എഴുതിത്തുടങ്ങിയത്. കഥകൾ മാത്രമല്ല, കവിതകളും അന്ന് എഴുതുമായിരുന്നു. സ്കൂളിൽ സമ്മാനമൊക്കെ കിട്ടിയിരുന്നെങ്കിലും ഒരിടത്തും അച്ചടിച്ചു വന്നിട്ടൊന്നുമില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ യാത്രാവിവരണ മൽസരത്തിൽ പ്രോൽസാഹന സമ്മാനം കിട്ടിയതിന് പൂമ്പാറ്റയിൽ പേരും മേൽവിലാസവും അച്ചടിച്ചുവന്നു. പക്ഷേ യാത്രാവിവരണം അപ്പോഴും കടലാസിൽ നിന്ന് അച്ചടിയിലേക്കു വന്നില്ല. പത്താം ക്ലാസ് മുതൽ കഥകൾ അയച്ചുകൊടുക്കാൻ തുടങ്ങിയതാണ്. ആഴ്ചപ്പതിപ്പുകളിലെ ബാലപംക്തിയിലേക്കാണ് അയപ്പെല്ലാം. 

ഓരോ കഥ അയച്ചുകൊടുക്കുമ്പോഴും പോസ്റ്റൽ കാർഡിൽ ഒരു മറുപടി വരും, കഥ അച്ചടിക്കാൻ പാകത്തിലായിട്ടില്ല. എഴുതിത്തെളിയണം. എഴുത്ത് നന്നാവാൻ വായിക്കണം. ആദ്യം അധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കുക. കുട്ടേട്ടൻ എന്ന് പേരെഴുതി ഒപ്പിട്ടതായിരുന്നു ഓരോ കാർഡും. കുഞ്ഞുണ്ണി മാഷ് ആണ് കുട്ടേട്ടൻ എന്ന് അന്ന് അറിയില്ലായിരുന്നു. പ്രി ഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു ചേർന്ന ശേഷവും ബാലപംക്തിക്കു കഥകൾ അയച്ചു കൊണ്ടിരുന്നു. കഥ പാകമായില്ല. എഴുത്ത് നന്നാക്കാൻ വായിക്കുക എന്നു പറഞ്ഞു കൊണ്ട് കുട്ടേട്ടന്റെ കാർഡുകൾ മറുപടിയായി വന്നുകൊണ്ടിരുന്നു. ആദ്യം അധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കുക എന്ന് പല കാർഡിലും എഴുതിയിട്ടുണ്ടായിരുന്നെങ്കിലും എന്റെ കൊക്കിലൊതുങ്ങുമോ എന്ന ഭയം കാരണം അന്നൊന്നും രാമായണം വായിച്ചില്ല. 

ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് യുക്തിവാദിയും ജാതി, മത വിരുദ്ധനുമായത്. അതോടെ രാമായണം വായിക്കാതിരിക്കാൻ മതിയായ ഒരു കാരണവും കിട്ടി. ഡിഗ്രി പഠന കാലത്ത് ബാലപംക്തിയിൽ ആദ്യമായി കഥ അച്ചടിച്ചുവന്നു. പൂതനാമോക്ഷം. പേര് അങ്ങനെയായിരുന്നെങ്കിലും കഥ പുരാണം ഒന്നുമായിരുന്നില്ല. പൂതനാമോക്ഷത്തിനു ശേഷം ബാലപംക്തിയിലും കഥ മാസികയിലും മനോരമ ഞായറാഴ്ചപ്പതിപ്പിലുമൊക്കെ കഥ അച്ചടിച്ചു വന്നിട്ടുണ്ടെങ്കിലും എന്തോ ഒരു തൃപ്തിക്കുറവ് എനിക്ക് സ്വയം തോന്നിയിരുന്നു. 

89 ഏപ്രിലിൽ മനോരമയിൽ പത്രപ്രവർത്തകനായി ചേർന്നതോടെ ആ ജോലിയിൽ ഹരം കയറി മെല്ലെ സാഹിത്യമെഴുത്ത് നിർത്തി. 2005 ൽ സാഹിത്യമെഴുത്ത് പുനരാരംഭിക്കുമ്പോഴേക്കും നിരീശ്വര ചിന്തയുടെ വഴിയിൽ നിന്ന് തിരിച്ചു നടന്നു തുടങ്ങിയിരുന്നു. രണ്ടാം വരവിലെ ആദ്യ കഥ ഒരു ദുർബല നിമിഷത്തിൽ എഴുതിപ്പോയതാണ്. അത് എഴുതിക്കഴിഞ്ഞപ്പോഴാണ് കുട്ടേട്ടന്റെ പഴയ കത്ത് ഓർമ വന്നതും അധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കാൻ ആരംഭിച്ചതും. മുപ്പത്തെട്ടാമത്തെ വയസ്സിൽ ഏതാണ്ട് മൂന്നു മാസം കൊണ്ട് അധ്യാത്മരാമായണം കിളിപ്പാട്ട് വായിച്ചു കഴിഞ്ഞപ്പോഴാണ് എത്ര വലിയ നിധിയാണ് അത്രയും കാലം എന്റെ ഉദാസീനത കൊണ്ട് എനിക്ക് നഷ്ടപ്പെട്ടു കിടന്നതെന്ന് മനസ്സിലായത്. കുട്ടേട്ടൻ എത്ര വലിയ മനുഷ്യനാണെന്നും പിന്നീട് ഞാൻ ആലോചിച്ചു. കാരണം അധ്യാത്മരാമായണം വായിച്ച ശേഷമാണ് എന്റെ എഴുത്തുകൾക്ക് തെളിച്ചവും വെളിച്ചവും വന്നത്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ പറയാൻ തോന്നുന്നത് ഇതാണ്. ഓരോ മലയാളിയും പത്താം ക്ലാസ് കഴിയും മുമ്പ് നിർബന്ധമായും വായിച്ചിരിക്കണ്ട പുസ്തകമാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ഭക്തിയുള്ളവർക്ക് അത് ഒരു പ്രാർഥനാ പുസ്തകമായിരിക്കും. പക്ഷേ, അതിനപ്പുറം അത് മലയാളത്തിൽ ഇന്നേവരെയിറങ്ങിയ സാഹിത്യ കൃതികളിൽ ഏറ്റവും മികച്ചവയിൽ ഒന്നാണ്. ഭാഷയുടെയും ഭാവനയുടെയും ഔന്നത്യത്തിന്റെ തെളിവാണത്. വ്യക്തിപരമായ മൂല്യബോധത്തിനും അതിനപ്പുറം രാഷ്ട്രതന്ത്രങ്ങളുടെ മാനദണ്ഡങ്ങൾക്കും ഉറ്റുനോക്കാവുന്ന ധാർമിക നിഘണ്ടുവാണത്. സർവോപരി ഒരു ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന്റെ കൈപ്പുസ്തകമാണത്. രാമായണത്തെ എല്ലാ മനുഷ്യരിലേക്കും എത്തിക്കാൻ രാമായണ മാസം സഹായിക്കും.സമൂഹത്തിന്റെയും നാടിന്റെയും നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും ആശംസകൾ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം