Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ തരൂരിന്റെ കടുംകട്ടി പ്രയോഗം; അർഥം തേടി നെട്ടോട്ടം

floccinaucinihilipilification-how-tharoor-introduced-his-new-book-on-modi

ശശി തരൂർ എം.പി.യുടെ വിദേശച്ചുവയുള്ള ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് തുറന്നു പറഞ്ഞവരുടെ കൂട്ടത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയൽ വരെയുണ്ട്. സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യംവിടുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള ബില്ലുമായി ബന്ധപ്പെട്ടുനടന്ന ചർച്ചയ്ക്ക്‌ ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു ഗോയൽ. ഗോയലിനും ധനമന്ത്രാലയത്തിനും ശശി തരൂരിനെ മനസിലാകുന്നില്ലെങ്കിൽ രാജ്യത്തെ സാധാരണക്കാരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനൽ പുറത്തുവിട്ട വാർത്തയും അതിനോടു ശശി തരൂർ പ്രതികരിച്ച രീതിയും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചാനലിന്റെ കണ്ടെത്തലിനോടുള്ള പ്രതികരണത്തിന് തരൂർ ഉപയോഗിച്ച ഇംഗ്ലിഷ് വാക്കുകളായിരുന്നു ഇതിനു കാരണം. Exasperating farrago of distortions, misrepresentations&outright lies being broadcast by an unprincipled showman masquerading as a journalst. എന്നായിരുന്നു പ്രയോഗം. തരൂരിന്റെ farrago എന്ന പ്രയോഗം വൻ വാർത്താ പ്രാധാന്യം നേടി. മലയാളത്തിൽ 'ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം' എന്നൊക്കെയായിരുന്നു അർത്ഥം.

അതിനുശേഷവും നിരവധി പുതിയ വാക്കുകൾ തരൂർ ഇന്ത്യക്കാർക്ക് സംഭാവന ചെയ്തു. ഇതിൽ ഏറ്റവും ഒടുവിലത്തെ പ്രയോഗമാണ് floccinaucinihilipilification’. നിമിഷങ്ങൾക്കകം പുതിയ പ്രയോഗം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും അർഥം തേടി ഇന്ത്യക്കാർ പായുകയും ചെയ്തു. 

2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള വാക്ക് ശശി തരൂർ ഉപയോഗിച്ചത്.

മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ‘മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്’ എന്നാണ് തരൂരിന്റെ ട്വീറ്റ്. ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹന്‍സാഡില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് എന്ന റെക്കോര്‍ഡ് ഈ 29 അക്ഷര വാക്കിനാണ്.  ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ നീതിന്യായ കോടതിയിലെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ തന്നെ ഈ വാക്ക് സഹായിച്ചുവെന്ന് ജേക്കബ് റീസ് പിന്നീട് പറയുകയും ചെയ്തിരുന്നു.