Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...

husband-and-wife Representative Image

ദൈവമേ ഇന്നു പകൽ മുഴുവൻ എന്നെ കരുതിയതിനു നിനക്കു ഞാൻ നന്ദി അറിയിക്കുന്നു, ഇന്ന് ഈ രാവും എന്നെയും കുടുംബത്തെയും അവിടുന്നു കാക്കണേ...

പകൽ മുഴുവൻ ഉള്ള അധ്വാനവും കഴിഞ്ഞു കിടക്കുന്ന എനിക്കു വേറെ ഒന്നും പ്രാർഥിക്കാൻ ഇല്ലല്ലോ, അതും സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുമ്പോൾ... 

ഈ അടുത്ത് കല്ല്യാണം കഴിച്ചതു കൊണ്ടു തന്നെ തലയ്ക്കു മുകളിൽ കടവും. എല്ലാരും പറഞ്ഞതാണ് ഇപ്പഴേ കെട്ടെണ്ടാ അതിനുള്ള സമയം ആയിട്ടില്ല എന്നെല്ലാം, പക്ഷേ ഇനിയും താമസിച്ചാൽ ഞാൻ സ്നേഹിച്ച കൊച്ചിനെ കിട്ടില്ലല്ലോ അത് കൊണ്ടങ്ങു കെട്ടി... 

"ചേട്ടാ" മധുര സ്മരണകൾക്കിടയിലേക്ക് ഊളിയിടും മുമ്പെ അവൾ വിളിച്ചു എന്റെ ഭാര്യ... അവളെ ഒന്ന് ഇരുത്തി നോക്കി അപ്പോൾ മനസ്സ് പറയുന്നതു പോലെ "ഇവൾ നിന്റെ കാമുകിയായിട്ടു തന്നെ അങ്ങ് ഇരുന്നാൽ മതിയാരുന്നു"

പൊടുന്നനെ അവളുടെ ചോദ്യം "നിങ്ങൾ എന്താ ഇങ്ങനെ ആദ്യം കാണുന്ന പോലെ" 

"നിന്നെ എത്ര കണ്ടാലും മതിയാവില്ല" എന്നു പറഞ്ഞ് ആ രംഗം ഞാൻ അവസാനിപ്പിച്ചു... 

പിന്നെ അവളും എന്നെ നോക്കി... അപ്പോൾ ഇതേ ചോദ്യം എനിക്കും ചോദിക്കാവല്ലോ, ഞാനും ചോദിച്ചു... "നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ?" 

അതിന് അവൾ എന്നോട് ഉത്തരം ആയി ഒരു ചോദ്യം പറഞ്ഞു "ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?"....

മരുത്വാമല എടുക്കാൻ തയാറായി നിൽക്കുന്ന ഹനുമാനെ പോലെ ഞാൻ അവളോട് പറഞ്ഞു "നീ ചോദിച്ചോടി"

അവൾ പറഞ്ഞു "ചേട്ടാ കല്ല്യാണം കഴിഞ്ഞ് നിങ്ങൾ ലോക്കറിൽ വെച്ച ആ നെക്​ലേസ് ഒന്ന് എടുത്തു തരുവോ എനിക്ക് ചിറ്റയുടെ മോളുടെ കല്യാണത്തിന് ഇടാന..."

കിടന്ന കട്ടിൽ ഒരു ശരശയ്യ ആയിരുന്നോ എന്നു പോലും ഞാൻ സംശയിച്ച് പോയ നിമിഷം...

വീട്ടിൽ ആരും സപ്പോർട്ട് ചെയ്യാത്തതു കൊണ്ട് കിട്ടാവുന്നിടത്തുന്നെല്ലാം കടം വാങ്ങി ആണ് കല്യാണം നടത്തിയത്, നിൽക്കകള്ളി ഇല്ലാതെ വന്നപ്പോൾ ഇവിടെ മുഴുവൻ കള്ളന്മാരുടെ ശല്ല്യം ആണെന്നും പറഞ്ഞ് നെക്​ലേസ് നിനക്ക് എപ്പോഴും അത്യാവശ്യം ഇല്ലല്ലോ അത് ഞാൻ ലോക്കറിൽ വെക്കാം എന്നൊക്കെ പറഞ്ഞാണ് അവളുടെ അടുത്തുനിന്ന് അതു വാങ്ങി പണയം വെച്ചത്, അത്യാവശ്യ കടങ്ങൾ ഒക്കെ വീട്ടണോല്ലോ...

"ചേട്ടാ" പെട്ടന്നുള്ള വിളിയിൽ ഞെട്ടി തെറിച്ച ഞാൻ പറഞ്ഞു "ഏറ്റു"... 

ഇപ്പോൾ മനസ്സിൽ ഉള്ള ചിന്ത "ഈശ്വരാ നേരം വെളുക്കരുതെ എന്നായതു പോലെ..."

"ചേട്ടാ ചായ" വീണ്ടും പ്രിയതമയുടെ ശബ്ദം,

പ്രതീക്ഷ തെറ്റി നേരം വെളുത്തു, ഇനി അടുത്ത വഴി നോക്കണം എങ്ങനെ എങ്കിലും അതു കൊടുത്തില്ലങ്കിൽ ഈ ആയുസ്സു മുഴുവനും, മക്കളുടെയും കോച്ച് മക്കളുടെയും ഇനി എന്നിട്ടും ആയുസ്സ്‌ തീർന്നില്ലെങ്കിൽ അവരുടെ മക്കളുടെ മുന്നിലും ഞാൻ എന്നും നെക്​ലേസ് കള്ളൻ ആയിരിക്കും... ഓർത്തിട്ട് തന്നെ തല ചുറ്റുന്നു... എവിടുന്ന് ഒപ്പിക്കും ഇത്രയും പൈസ... ഇച്ചിരി നാണം കെട്ടാലും സാരമില്ല അവളോട് പറയാൻ തന്നെ തീരുമാനിച്ചു...

"ഡീ" 

"എന്താ ചേട്ടാ"

"ഇന്ന് നെക്​ലേസ് എടുക്കാൻ ഒരു ചെറിയ പ്രശ്നം ഉണ്ട്"

"എനിക്ക് മനസ്സിലായി ചേട്ടാ" - അവൾ

ഹോ മനസ്സിൽ, എന്നെ മനസ്സിലാക്കുന്ന എന്റെ ഭാര്യ എന്ന് ഊറ്റം കൊള്ളുന്നതിനു മുന്നേ അവൾ

"ഇന്നു ഞായറാഴ്ച ആണെന്ന് എനിക്ക് അറിയാല്ലോ, നാളെ മതി"

അല്ലെടി ഞാൻ ബാങ്ക് കുത്തിത്തുറന്ന് എടുത്തോണ്ട് വരാം എന്നു മനസ്സിൽ കിടന്ന് നിലവിളിച്ച് പുറത്ത് സൗമ്യം ആയി അവളോട് പറഞ്ഞു "കണ്ട് പിടിച്ചു അല്ലേ" 

ഇത് കേട്ടോണ്ടിരുന്ന അച്ഛൻ വന്നിട്ടു പറഞ്ഞു നാളെ നീ ടൗണിൽ പോവുന്നുണ്ടേൽ എന്നേം കൂടി ഒന്നു വിളിക്കണം എന്ന് "ശരി" എന്നും പറഞ്ഞ് ഞാൻ ഇറങ്ങി നടന്നു... ആരോട് ചോദിക്കും എന്ന് അറിയാതെ... എനിക്കു പരിചയം ഉള്ളവരെല്ലാം എന്നെക്കാളും വല്ല്യ പ്രശ്‌നത്തിൽ ഉള്ളവരും. എന്തായാലും കറങ്ങി കറങ്ങി നേരം സന്ധ്യ ആയി... അവളോട് തുറന്ന് പറഞ്ഞാലോ എന്ന് ആലോചിച്ച് ഉറപ്പിച്ചുകൊണ്ട് വീട്ടിൽ തിരിച്ചെത്തി, വീട്ടിൽ എത്തുമ്പോൾ അവളെ കണ്ടതും തീരുമാനം മാറ്റി, കുളിച്ചു, കഴിച്ചു, കിടക്കാൻ തീരുമാനിച്ചു അതിന് മുമ്പ് ഫോണിലെ കോണ്ടാക്ട് മുഴുവൻ A മുതൽ Z വരെ ഒന്നൂടെ നോക്കി ആരെങ്കിലും ഉണ്ടാകുമോ സഹായിക്കാൻ പറ്റിയ ആൾ എന്ന്, നിരാശ തന്നേ ഫലം... 

കിടക്കാൻ പോവാന്ന് പറഞ്ഞ് തിണ്ണയിൽ നിന്ന് എണീറ്റ് പോവുമ്പോൾ അച്ഛൻ പറഞ്ഞു രാവിലെ പോവുമ്പോൾ എന്നേം കൂടി കൂട്ടണെ എന്ന്...

പോയി അതേ ശരശയ്യയിൽ കിടന്നു നെക്​ലേസ് കള്ളൻ എന്ന ആജീവനാന്ത വിളിയും മനസ്സിൽ ഏന്തി... കിടക്കുന്നതിനു മുമ്പ് പ്രിയതമയുടെ വക മറ്റൊരു ഒർമപ്പെടുത്തലും "നാളെ നെക്​ലേസ് മറക്കരുത്"

നാളെ എങ്കിലും നേരം വെളുക്കരുതെ എന്ന് പ്രാർഥിച്ച് വീണ്ടും കിടന്നു... 

"ചേട്ടാ ചായ" വീണ്ടും അതേ ശബ്ദം, 

മനസ്സ് പറഞ്ഞു "രക്ഷ ഇല്ല"... 

എണീറ്റു, കുളിച്ചു, കഴിച്ചു പോവാൻ ഡ്രസ്സ് ചെയ്തു തികച്ചും യാന്ത്രികം ആയി, പോവാൻ ഇറങ്ങിയപ്പോൾ ആണ് പത്രം കണ്ടത്. അതു കണ്ടപ്പോൾ നേരത്തെ എടുത്ത ലോട്ടറിയും ഓർമ വന്നു, വേഗം തന്നെ പത്രം എടുത്ത് ലോട്ടറി റിസൾട്ട് നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല, ആദ്യമായിട്ട് ലോട്ടറി അടിച്ചിരിക്കുന്നു,100 രൂപ..

ഉള്ളതും കൊണ്ട് പോവാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ആക്കി പോയി തിരിച്ച് വരുമ്പോൾ ഉള്ള "നെക്​ലേസ് കള്ളൻ" എന്ന വിളിയും പ്രതീക്ഷിച്ച്... ഓഫീസിൽ ഇരുന്ന് നെക്​ലേസ് കള്ളൻ എന്ന വിളി എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിച്ച എന്റെ മനസ്സിൽ വന്നത് "മറന്ന് പോയി" എന്ന ഉത്തരമാണ്, ചിന്തിച്ചു തീരും മുന്നേ ഫോൺ അടിച്ചു വീട്ടിൽ നിന്നും "ചേട്ട നെക്​ലേസ് മറക്കരുതു കേട്ടോ" എന്നും പറഞ്ഞ് അവൾ... ഒരു നിമിഷം മൊബൈൽ ഫോൺ കണ്ടു പിടിച്ചവന്റെ വീട്ടുകാരെ സ്മരിച്ചിരിക്കുമ്പോൾ.... അതാ റിസപ്ഷനിൽ നിന്ന് ഫോൺ "ഒരാൾ കാണാൻ വന്നിരിക്കുന്നു" എന്ന്, 

ഇതിപ്പോ ആരാ എന്ന് ആലോചിച്ചു റിസപ്ഷനിൽ എത്തി, നോക്കുമ്പോൾ അച്ഛൻ...

മനസ്സിൽ ഒരു വെള്ളിടി വെട്ടി... 

പണ്ട് എന്നെ എല്ലായിടത്തും കൊണ്ടുപോവുന്ന, അച്ഛൻ ഇന്ന് ഒന്നു ടൗൺ വരെ കൊണ്ടുപോകാമോ എന്ന് ചോദിച്ചിട്ട് ഞാൻ അതു ചെയ്തില്ല... സത്യത്തിൽ മറന്നു... 

എന്റെ മനസ്സിൽ എന്തോ ഒരു വലിയ ഭാരം കൂടാൻ തുടങ്ങി... മാപ്പു ചോദിക്കും പോലെ ഞാൻ പറഞ്ഞു "അച്ഛാ ഞാൻ മറന്നു പോയി..."

അച്ഛൻ അതിന് "നീ അവളുടെ നെക്​ലേസ് പണയം വെച്ചു അല്ലേ" എന്നു ചോദിച്ചു.

ആ ചോദ്യത്തിൽ ഞാൻ ശരിക്കും അച്ഛന്റെ മുന്നിൽ ഒരു അഞ്ചാം ക്ലാസുകാരന്റെ നിസ്സഹായ അവസ്ഥയിൽ എത്തിയ പോലെ 

തല കുനിച്ച് നിന്നു.

ഉത്തരം പറയും മുന്നേ അച്ഛൻ ഒരു പൊതി തന്നിട്ട് പറഞ്ഞു "ഇതിൽ ഒരു ലക്ഷം രൂപയുണ്ട് ഇത് മതിയാകുവോ" ഒരു മൂളലിൽ എന്റെ ഉത്തരം ഞാൻ നിർത്തി. പോവാൻ ഇറങ്ങിയ അച്ഛനോട് പറഞ്ഞു "ഞാൻ കൊണ്ട് വിടാം"

"വേണ്ടടാ ഞാൻ പൊക്കോളാം" എന്ന് അച്ഛനും.

പിന്നെ പറഞ്ഞു "അല്ലങ്കിൽ നീ എന്നെ സ്റ്റാൻഡ് വരെ ഒന്ന് വിട്ടേക്ക്" സ്റ്റാൻഡിൽ പോവുന്ന വഴി അച്ഛൻ പറഞ്ഞു "പണ്ട് കല്ല്യാണം കഴിഞ്ഞ ഉടനെ നിന്റെ അമ്മയുടെ വളയും ഞാൻ ഒന്ന് ലോക്കറിൽ വച്ചതാ അതിന്റെ ചീത്തപ്പേര് ഈ അടുത്ത ഇടയ്ക്കാണ് ഒന്നു മാറിയത്" ഞാനും അച്ഛനും കൂടി ഒരുപാടു നാളുകൾക്കു ശേഷം ഒരുമിച്ച് പൊട്ടിച്ചിരിച്ച ഒരു നാളായിരുന്നു അത്...

അങ്ങനെ അച്ഛനെ ബസ് കയറ്റിവിട്ട്, നേരെ ബാങ്കിൽ പോയി പണയം വെച്ച നെക്​ലേസ് എടുത്ത് വൈകിട്ട് വീട്ടിൽ എത്തിയ ഞാൻ ഇത് വരെ അനുഭവിക്കാത്ത ഒരു മനസന്തോഷത്തിന് ഉടമ ആയിരുന്നു... 

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോൾ അമ്മയുടെ മുഖത്തെ ചിരിയിൽ നിന്നു മനസ്സിലായി അച്ഛനും അമ്മയും അറിഞ്ഞോണ്ടാണ് ഈ "നെക്​ലേസ് കള്ളൻ" എന്ന പദവി ഒഴിവാക്കി തന്നതെന്ന്...

എന്തായാലും എല്ലാം കഴിഞ്ഞു പതിവു പോലെ ദൈവമേ ഇന്നു പകൽ മുഴുവൻ എന്നെ കരുതിയതിന് നിനക്കു ഞാൻ നന്ദി അറിയിക്കുന്നു, ഇന്ന് ഈ രാവും എന്നേയും, എന്റെ കുടുംബത്തെയും, എന്ന പ്രാർഥന ചൊല്ലി ശരശയ്യയിൽ നിന്ന് മാറി പൂമെത്തയിൽകിടക്കുമ്പോൾ എന്റെ പ്രിയതമ അടുത്ത് വന്നു... എന്നിട്ട് സ്നേഹത്തോടെ എന്നോട് 

"ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ".....