Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി

അവൻ വാച്ചിലേക്കു നോക്കി. സമയം അഞ്ചു മണി. ഹോ.. ഇനിയുമുണ്ട് ഡ്യൂട്ടി കഴിയാൻ മണിക്കൂറുകൾ. സാധാരണ ദിവസങ്ങളിൽ ഇങ്ങനെയല്ല, പക്ഷേ നാളെ നാട്ടിലേക്കു പോകുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവരെ കാണാൻ. എന്റെ പേര് ഉണ്ണികൃഷ്ണൻ. കണ്ണൻ എന്നു വിളിക്കും. കേരളത്തിലെ പാലക്കാടു ജില്ലയിലെ ഒരു കൊച്ചു ഗ്രാമം അതാണ് എന്റെ സ്വദേശം. ഒരു കൊച്ചുകുടുംബം.

അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണലിലാണ് ഞാൻ വളർന്നത്. പക്ഷേ അതിലേറെ സ്നേഹത്തോടെ ഞാൻ എന്റെ കുഞ്ചിയെ വരവേറ്റു. ഞങ്ങൾ തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്. എന്നാലും അവൾ അന്നും ഇന്നും എന്നും എനിക്കു മോളെ പോലെയാണ്... അവളുടെ എന്ത് ആവശ്യത്തിനും ഞാൻ മുന്നിൽ ആയിരുന്നു. പതിനെട്ടാം വയസിൽ അച്ഛൻ ഞങ്ങളെ വിട്ടു പിരിയുന്നതിനു മുമ്പേ ഒന്നേ പറഞ്ഞിട്ടുള്ളു. "മോനെ, കുഞ്ചിയെ പൊന്നുപോലെ നോക്കണേ. ഒരു കഷ്ടപ്പാടും അറിയിക്കരുത് ". അതിനു ശേഷം ഞാൻ ശരിക്കും അവളുടെ രക്ഷിതാവാണ്‌. ഈ മരുഭൂമിയിലേക്ക് എത്തുന്നതിനു മുമ്പു വരെ എന്റെ പിറകെ തന്നെ ആയിരുന്നു അവൾ. ഓണവും, വിഷുവും, തിരുവാതിരയും അങ്ങനെ എല്ലാ ആഘോഷവും സന്തോഷത്തിന്റെ മാത്രം ആയിരുന്നു. എല്ലാ കഷ്ടപ്പാടുകളുടെ ഇടയിലും അവളുടെ സന്തോഷത്തിനായിരുന്നു മുൻഗണന. കുറച്ചൊന്നും അല്ല അമ്മ എന്നെ ചീത്ത പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ കുഞ്ചിക്ക് എന്നും ചെറിയ ആഗ്രഹങ്ങളെ ഉണ്ടായിരുന്നുള്ളു നിറമാർന്ന കുപ്പിവളകളും, ചാന്തുപൊട്ടും പിന്നെ കണ്മഷിയും. ഇതൊന്നും ഇല്ലെങ്കിലും എന്റെ കുഞ്ചി സുന്ദരിയാണൂട്ടോ.

ഓർമകളിൽ നിന്നും ഞാൻ ഒന്നു ഞെട്ടി. ഹേയ് വേറെ ഒന്നുമല്ല. പള്ളിയിൽ നിന്നും ബാങ്കുവിളിക്കുന്നതാണ്. നാട്ടിൽ തേവരുടെ അമ്പലത്തിലെ മണി മുഴക്കമെങ്കിൽ ഇവിടെ സുബഹി ആണു നമ്മളെ ഉണർത്തുന്നത്. അല്ലെങ്കിലും നാടും വീടും വിട്ട് ഇവിടെ കഴിയുമ്പോൾ എന്തൊക്കെ മധുരിക്കുന്ന ഓർമകളാണ്. 

മൊബൈലിന്റെ ശബ്ദം ചെവിയിൽ എത്തി. അഹ്‌മീദിക്ക ആണ്.

"ഹലോ, ഇക്കാ.. ഡ്യൂട്ടി കഴിഞ്ഞു. എപ്പഴാ വരിക?"

"ഡാ മോനെ, നീ വാ. ഞാൻ പാർക്കിങ്ങിലുണ്ട്. ലിസ്റ്റ് എടുത്തോ നീയ്?"

"ഇല്ല ഇക്ക, കുഞ്ചിക്കു വേണ്ടി മേടിക്കാനാ."

ഫോൺ കട്ടാക്കി. വേഗം റെഡിയായി, എല്ലാവരോടും പ്രത്യേകിച്ചു സൂപ്പർവൈസറോട് യാത്ര പറഞ്ഞ് വേഗം ഇറങ്ങി. അഹ്‌മീദിക്കടെ കാറിന്റെ അടുത്തേക്ക് ഓടിയെത്തി. ഇരുന്നു സീറ്റ്ബെൽറ്റ് ഇട്ടതും കാറു സ്റ്റാർട്ടാക്കി.

" എടാ, നീയ് പാക്കിങ് ഒകെ ആക്കിയ?"

" ഇല്ല ഇക്ക. ഉസ്മാൻ ഒരു പെട്ടി രാത്രി കൊണ്ടുത്തരും. എന്നിട്ട് ആക്കാംന്നു വെച്ച്."

"നീയേ അവസാനം എല്ലാം കൊണ്ട് തിരക്ക് ആക്കല്ലേ. അനക്ക് എന്നോട് പറയാറുന്നിലെ? ഞാൻ രണ്ടു ദിവസം മുന്നേ പാക്ക് ആക്കിയേനേലോ. അല്ലേലും അനക്ക് പെങ്ങൾക്ക് മേടിച്ചു തീരില്ലലോ.. പിന്നെ എങ്ങനെയാ ".

" ഒന്ന് പോ എന്റെ ഇക്ക. ഞാൻ അല്ലെ ഉള്ളു അവൾക്കു മേടിച്ചു കൊടുക്കാൻ".

" എടാ മോനെ, എനക്ക് പെങ്ങള് നാലു പേര് ആണ്. നിന്നെ പോലെ ആയിരുന്നേൽ ഓളുമാരുടെ നിക്കാഹ് നടത്താൻ ഒരു ജന്മം കൂടി പടച്ചോൻ തരേണ്ടി വന്നേനെ. പക്ഷേ ഓളുമാർക്കു എന്നെ ജീവൻ ആണ് ഇപ്പോഴും."

" അല്ല ഇക്ക, നിങ്ങൾ ഇനി എപ്പോഴാ നാട്ടിലേക്കു പെരുന്നാളിനും പോയില്ലലോ ".

" ഇനി ഒരു തിരിച്ചുപോക്ക് ഉണ്ട്. എപ്പോഴാ അറിയില്ല. സമയാസമയങ്ങളിൽ കാര്യങ്ങൾ നടത്താൻ പടോച്ചൻ നമുക്ക് കായ തരുന്നുണ്ട്, ഇനി മതി പോണം മോനെ."

"ഡാ. ഇതാ എത്തി. നീ വേഗം പോയിട്ടുവാ. തിരക്ക് നല്ല പോലെയുണ്ട് എല്ലാം കഴിയാറാവുമ്പോ നീ വിളിക്ക്, ഞാൻ വരാം."

ചെറിയ ചില്ലു വാതിൽ കടന്നതും ശീതികരിച്ച മുറിയിലെ കാറ്റ് എന്നെ തഴുകി. ഇവിടുത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റാണ്. ഓണം അടുത്തതു കൊണ്ട് മൊത്തത്തിൽ ആഢംബരമാക്കിയിട്ടുണ്ട്. നാട്ടിലേക്കു പോകുന്ന എല്ലാ പ്രവാസിയെയും ഇവിടെ കണ്ടുമുട്ടാം. മിഠായി, സോപ്പ്, പെർഫ്യൂം, വലിയ പെട്ടി, അംബാസിഡർ കാറ് ഇതൊന്നും ഇല്ലാതെ എന്തു പ്രവാസി അല്ലെ?

ബ്യൂട്ടി സാധനങ്ങളുടെ ഇടയിൽ നിന്നും ഒരു നെയിൽപോളിഷ് എടുക്കാൻ കഷ്ടപ്പെട്ടു. നീണ്ട വിരലുകളാണ് എന്റെ കുട്ടിക്ക്. അതു കൊണ്ട് തന്നെ നെയ്‌ൽപോളിഷിന്റെ കാര്യം എടുത്തു പറഞ്ഞു. അവസാനം ഇഷ്ടപെട്ട ആറെണ്ണം മേടിച്ചു. പിന്നെ, പെർഫ്യൂം, പുതിയ തരം കണ്മഷി , സോപ്പ്, ഒന്നും ഒട്ടും കുറച്ചില്ല, നാലു കൊല്ലം കഴിഞ്ഞു കാണാൻ പോകുവാണേ. എത്ര മേടിച്ചിട്ടും മതിയാവുന്നില്ല.

പുതിയ തരം പെൻസിൽ ബോക്സ് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. കുഞ്ചി സ്കൂളിൽ പഠിക്കുന്ന കാലം, അവളുടെ ക്ലാസ്സിലുള്ള ഫാത്തിമ കൊണ്ടു വരുന്ന പോലത്തെ പെൻസിൽ ബോക്സ് വേണമെന്ന് വലിയ ആഗ്രഹം. ഫാത്തിമേടെ കുടുംബക്കാർ തലമുറകളായി ഗൾഫിലാണ്, അവൾക്കു കിട്ടുന്നത് ഗമയോടെ കൊണ്ടു വരും. ഇതു വല്ലതും കൃഷിക്കാരനായ ഗോവിന്ദേട്ടന്റെ പുന്നാര മോൾക്ക്‌ പറഞ്ഞാൽ മനസ്സിലാകുമോ? പാവം അതിന്റെ പേരിൽ അവൾക്കു ശരിക്കും സങ്കടമായിരുന്നു. അതിനേക്കാൾ കഷ്ടം അച്ഛന്റെ നിസ്സഹായാവസ്ഥ ആയിരുന്നു. ആ പാവം വേറെ എന്തു ചെയ്യാനാ. പക്ഷെ വർഷങ്ങൾക്ക് അപ്പുറം ഫാത്തിയും കുഞ്ചിയും ഉറ്റ സുഹൃത്തുക്കളായി. അവളുടെ വാപ്പ അറിഞ്ഞു സഹായിച്ചിട്ടാ ഇവിടെ എത്തിയത്. അല്ലെ, ഒരു പെൻസിൽ ബോക്സ് ഉണ്ടാക്കിയ ഓരോ കഥകളെ?

ബില്ലിങ് കൗണ്ടറിൽ എത്തിയപ്പോ തന്നെ ഇക്കയെ വിളിച്ചു. ആ പാവം എന്റെ വിളി കാത്തിരിക്കുകയിരുന്നു. ആ കവറുകൾ ഡിക്കിയിൽ വെച്ച് റൂമിലേക്ക്‌ യാത്രയായി.

വാതിൽക്കൽ എത്തിയപ്പോ തന്നെ നല്ല ബിരിയാണി മണം.കുബൂസ് കഴിച്ച മടുത്ത നാവു ചാടി എണീറ്റു.

റഫീഖ് ഭായ്, കോഴിക്കോടുകാരൻ, പാട്ടുകാരൻ, ബിരിയാണി ഉണ്ടാക്കാൻ മൂപ്പരെ കഴിഞ്ഞേ വേറെ ആളുള്ളൂ.

"ഡാ, എല്ലാം കഴിഞ്ഞോ? വേഗം കുളിച്ചു വാ, കഴിക്കാം"

"എന്റെ പൊന്നു ഭായ്, ബിരിയാണിടെ മണം ഈ മരുഭൂമി മൊത്തം പരന്നിട്ടുണ്ട്. ഞാൻ ദേ പോയി.. ദാ വന്നു."

കുളി കഴിഞ്ഞ് എത്തിയതും, എല്ലാവരും റെഡിയായി. ബിരിയാണി ചെമ്പു റൂമിന്റെ നടുക്ക് വെച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിൽ ഞങ്ങൾ എട്ടു പേരുണ്ട്. ഞാൻ, അഹമ്മദ് ഇക്ക, റഫീഖ് ഭായ്, ഉസ്മാൻ, ജോസഫ് ചേട്ടായി, സുനിൽ, സുബ്രമണ്യൻ, പിന്നെ പ്രകാശൻ. റഫീഖ് ഭായ് യും, ഉസ്മാനും ബന്ധുക്കളാണ്. പ്രായത്തിൽ ചെറുത് പ്രകാശൻ ആണ്. അതുകൊണ്ട് എല്ലാ കാര്യത്തിലും അവനു കുറച്ചു ഇളവുണ്ട്.

ഭക്ഷണം കഴിച്ച ഉടൻ തന്നെ പാക്കിങ് തുടങ്ങി. എല്ലാരും കൂടി ഉത്സാഹിച്ചു ഒരു അരമണിക്കൂറിൽ എല്ലാം റെഡി. അപ്പോഴാണ് വീട്ടിലേക്കു വിളിക്കുന്ന കാര്യം ഓർത്തത്. ഉടൻ തന്നെ വിളിച്ചു. പക്ഷേ ആരും എടുത്തില്ല,

"ശേ.. എല്ലാരും എവിടെ പോയി?"

ശങ്കുവിന്റെ ഫോണിലേക്കു വിളിച്ചു. എന്റെ ആത്മമിത്രമാണ്. ഓട്ടോ ഡ്രൈവർ ആണ് കക്ഷി. അവനും എടുത്തില്ല. അഞ്ചു മിനുറ്റ് കഴിഞ്ഞ് അവൻ ഇങ്ങോട്ടു  വിളിച്ചു. കട്ടാക്കി ഞാൻ അങ്ങോട്ട് വിളിച്ചു.

"ഡാ, വീട്ടിൽ ആരും ഫോൺ എടുക്കുന്നില്ലലോ?"

"ഓ. അതോ, ഡാ, അമ്മയും കുഞ്ചിയും ചെറിയതോന്നി വരെ പോയിരിക്കുവാ. അമ്മേടെ അമ്മാവൻ ഇല്ലേ? ആ പുള്ളി ഇന്നു രാവിലെ പോയി. നാളൊ ചടങ്ങ്. നീ നാളെ എത്തില്ലെടാ ?"

"ഓ. ഞാൻ പേടിച്ചു.. ഇരുട്ടും മുമ്പ് എത്തും. നീ വരില്ലേ ഡാ സ്റ്റേഷനിലേക്കു്?"

"ഉണ്ടാവും, നീ ട്രെയിനിൽ കേറുമ്പോ ഒന്ന് വിളിക്കണേടാ"

"വിളിക്കാം. എന്നാൽ നാളെ കാണാം"

ഫോൺ വെച്ചപ്പോളാണ് ഓർത്തത്, അവന്റെ ശബ്ദം ഇടറിയോ? ഹേയ്.. ഇല്ല... എനിക്കു തോന്നിയതാ.. നാട്ടിൽ ചെന്നിട്ടു നേരിട്ട് ചോദിക്കാം.

കിടന്നിട്ടും ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക് മൊബൈൽ എടുത്തു നോക്കി." എന്റെ തേവരെ.. എന്താ സമയം ഒന്നു പോകാത്തെ "

രാവിലെ അഹമ്മദ് ഇക്കയാണ് വിളിച്ചു ഉണർത്തിയത്. പിന്നെ വേഗം റെഡിയായി എയർപോർട്ടിലേക്ക്. എന്റെ മുഖത്തെ സന്തോഷം കണ്ടു അഹമ്മദ് ഇക്കാന്റെ കണ്ണു നിറഞ്ഞു.

"ഇയ്യ .. പോയി ആഘോഷിച്ചു വാ മോനെ.. സന്തോഷിച്ചു വാ.."

ഫ്ലൈറ്റിൽ ജനൽ അരികിൽ ആയിരുന്നു സീറ്റ്, പറന്നുയർന്നപ്പോൾ മരുഭൂമിയും എന്നെ നോക്കി ചിരിച്ചുവോ? ഒരുപാടു പേരുടെ സ്വപ്നങ്ങൾ പൂവണിയിച്ച സ്വർഗ്ഗമേ... ഞാൻ ഒന്നു സന്തോഷിച്ചിട്ടു വരാം.. എന്നെ കാത്തിരിക്കണേ..

മൊബൈൽ എടുത്തു ഹെഡ്ഫോൺ കണക്ട് ചെയ്തു. എല്ലാ പ്രവാസിയുടെയും ഇഷ്ട ഗാനം കേട്ടു കണ്ണടച്ചു.. സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞൊഴുക്കി.

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടല്ലോ....