Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പി നാരായണൻ കുറ്റവിമുക്തനാകുമ്പോൾ ഓർമിക്കപ്പെടേണ്ട ആ രണ്ടു വനിതകൾ

nambi-narayanan

വീട്ടിൽ വലിയൊരു ആഘാതമായി മരണമുണ്ടായപ്പോഴും സന്തോഷകരമായി ഒരു കല്യാണം നടന്നപ്പോഴും നിങ്ങൾ ലീവ് എടുക്കുന്നില്ല. എന്താ നിങ്ങൾ ഇങ്ങനെ? മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുൽ കലാമിന്റേതാണു ചോദ്യം. നമ്പി നാരായണനോട്. ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയാക്കപ്പെടുകയും കോടതി ഇടപെടലിലൂടെ നിരപരാധിയെന്നു തെളിയിക്കപ്പെടുകയും ചെയ്ത അതേ നമ്പി നാരായണനോട്. ആത്മാഭിമാനം തിരിച്ചുപിടിക്കാൻവേണ്ടി വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിൽ നമ്പി നാരായണന് അനുകൂലമായി വിധി പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സുപ്രിം കോടതി. ജീവിതത്തിൽ മറ്റെന്തിനേക്കാളും അദ്ദേഹം വിലകൊടുത്തത് ജോലി ചെയ്ത സ്ഥാപനത്തോട്. സമർപ്പണം പൂർണമായും ജോലിയോട്. എന്നിട്ടും അപമാനിക്കപ്പെടുകയും തിരസ്ക‍ൃനായി മർദനങ്ങൾ ഏറ്റുവാങ്ങി ജയിൽമുറികളിൽ കഴിയേണ്ടിവരികയും ചെയ്ത മനുഷ്യൻ. പരമോന്നത നീതിപീഠം നമ്പി നാരായണനെ കുറ്റവിമുക്തനാക്കി അർഹമായ നഷ്ടപരിഹാരവും നീതിയും ലഭ്യമാക്കുമ്പോൾ തീർച്ചയായും ഓർമിക്കപ്പെടേണ്ട രണ്ടു വനിതകളുണ്ട്; നമ്പി നാരായണന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ രണ്ടുപേർ. അമ്മയും ഭാര്യയും. 

അണയാത്ത വിളക്ക്: നമ്പി നാരായണൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞ ജീവിതത്തിലെ ഏറ്റവും വലിയ പ്രകാശമായിരുന്നു അദ്ദേഹത്തിന്റെ അമ്മ. എല്ലാം സഹിച്ച് വേദനകൾ മാത്രം നെഞ്ചേറ്റി നടന്ന  സ്ത്രീ. 

1965, പ്രിൻസ്റ്റൻ സർവകലാശാലയിൽ നമ്പി നാരായണനു പ്രവേശനം ലഭിക്കുന്നു. കടൽ കടന്ന് അദ്ദേഹം ഒരുപാടു ദൂരം പോകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല അമ്മ. കാരണം മകന്റെ സാന്നിധ്യം അവർക്ക് എപ്പോഴും വേണമായിരുന്നു. വിദേശത്തുപോകാനുള്ള താൽപര്യം പറയുമ്പോഴെല്ലാം അമ്മ മരണത്തെക്കുറിച്ചു പറയും: നീ പോയാൽ ആ നിമിഷം എന്റെ മരണമുണ്ടാകും. എന്റെ ജീവൻ നിലനിൽക്കുന്നത് നീ അടുത്തുണ്ടെന്നുള്ള പ്രതീക്ഷയിലാണ്. വലിയൊരു അവസരമായിട്ടും അത്തവണ അദ്ദേഹം വിദേശത്തു പോകുന്നില്ലെന്നു തീരുമാനിച്ചു. അമ്മയോടൊപ്പം കൂടി. 1966–ൽ സ്കോളർഷിപ്പോടെ വീണ്ടും വിദേശ സർവകലാശാലയിൽ അവസരം. വിവരം അമ്മയോടു പറഞ്ഞില്ലെങ്കിലും അവർ വിലപിച്ചു. എല്ലാ അമ്മമാരും മക്കളുടെ പുരോഗതി ആഗ്രഹിക്കുന്നവരാണ്. താൻ മാത്രം എന്തേ മകനെ പിന്നോട്ടു വലിക്കുന്നു എന്ന വേദനയിലായിരുന്നു വിലാപം. 

Nambi-Narayanan-Cover

1966 നവംബർ 23, പുലർച്ചെ അമ്മയ്ക്കു നെഞ്ചുവേദന. രാത്രിയിൽ വേദന ഉണ്ടായിരുന്നെങ്കിലും ആരോടും പറയാതെ സഹിക്കുകയായിരുന്നു അവർ. അമ്മയെ തിരുവനനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. ഡോക്ടർമാർ വന്നു. ആരോഗ്യം സാധാരണഗതിയിലായി. 

ജോലിക്കു പൊയ്ക്കൊള്ളാൻ ഡോക്ടർമാർ തന്നെയാണ് നമ്പി നാരായണന്  അനുവാദം കൊടുത്തത്. അദ്ദേഹം ഓഫിസിലേക്കു പോയി. പക്ഷേ, സുരക്ഷാ ജീവനക്കാരൻ കാത്തുനിൽപുണ്ടായിരുന്നു. അമ്മയ്ക്കു സീരിയസ് ആണ്. വേഗം ആശുപത്രിയിലെത്തണമെന്നു സന്ദേശം, മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും അമ്മ യാത്ര പറഞ്ഞിരുന്നു. സ്നേഹത്തിന്റെ പെരുമഴ പെട്ടെന്നു നിലച്ചതുപോലെ. അമ്മ മരിച്ചു മൂന്നാം നാൾ നമ്പി ഓഫിസിലെത്തി. അന്ന് അത്ഭുതത്തോടെ കലാം ചോദിച്ചു: 

എന്താ രണ്ടു ദിവസം കൂടി ലീവ് എടുക്കാത്തത് ? 

ലീവ് എടുത്തിരുന്നത് പലപ്പോഴും അമ്മയ്ക്കൊപ്പം ഇരിക്കാനാണ്. ഇപ്പോൾ അമ്മയില്ല. അവരില്ലാത്ത വീട്ടിൽ ഒരുനിമിഷം പോലും തങ്ങാൻ എനിക്കാവില്ല. ഇനി എന്റെ ലോകം ഇവിടമാണ്– നമ്പി പറഞ്ഞു. 

1967 സെപ്റ്റംബർ 8, വിവാഹം. ഒരു വെള്ളിയാഴ്ച. ശനിയും ഞായറും വീട്ടിൽനിന്നു. തിങ്കളാഴ്ച വീണ്ടും ഓഫിസിൽ എത്തിയപ്പോഴാണ് വീണ്ടും കലാം ഇടപെട്ടത്. സന്തോഷം വന്നാലും ദുഃഖം വന്നാലും അവധിയെടുക്കാതെ ജോലിക്കു വരുന്നയാൾ എന്നു വിശേഷിപ്പിച്ചത്. 

ജീവിതം ജോലിക്കുവേണ്ടി മാറ്റിവച്ചെങ്കിലും 1994 നവംബർ 30 ന് അപ്രതീക്ഷിതമായി എത്തിയ പൊലീസ് ജീപ്പിൽ കയറി അപമാനത്തിന്റെ യാത്ര തുടങ്ങേണ്ടിവന്നു അദ്ദേഹത്തിന്. അന്നു വീട്ടിൽനിന്ന് പൊലീസുകാർക്കു പിന്നാലെ നമ്പി ജീപ്പിലേക്കു നടക്കുമ്പോൾ തളർന്ന കണ്ണുകളുമായി പിന്നിൽ നിന്നിരുന്നു ഭാര്യ മീന. 

ഓർമകളുടെ ഭ്രമണപഥം എന്ന ആത്മകഥയിൽ അദ്ദേഹം എഴുതുന്നു: പിന്നിൽ തളർന്ന കണ്ണുകളുമായി നിന്ന മീന ഒരുനിമിഷം നിലത്തൂർന്നു വീണു. ഞാൻ തിരിഞ്ഞുനോക്കിയില്ല. ജീപ്പിനരികിലെത്തി. പൊലിസുകാർ പുറത്തു കാത്തുനിൽക്കുകയായിരുന്നു. തന്റെ ജീവിതകഥയുടെ സമർപ്പണത്തിൽ നമ്പി നാരായണൻ എഴുതി: ഞാനൊരു നല്ല ഭർത്താവല്ല. നല്ലൊരച്ഛനും. ആ എന്നെ സ്നേഹിച്ച ഭാര്യ മീനയ്ക്കും മക്കൾ ശങ്കറിനും ഗീതയ്ക്കും.