Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ...

Mother and kid Representative Image

പുറത്ത് കോഴി കൂവി, പതിവുപോലെ അവൾ എഴുന്നേറ്റു. മുഖത്തേക്ക് വീണു കിടക്കുന്ന മുടി വരിഞ്ഞുകെട്ടി ഉമ്മറ വാതിൽ തുറന്നു. തെല്ലൊരു പരിഭവത്തോടെ വാതിൽ തുറക്കപ്പെട്ടു, മഴ രാവിലെ തന്നെ പ്രകൃതിയെ വാരി പുണർന്നിരുന്നു, മുറ്റത്തെ മുല്ലയും തെച്ചിയും അരളിയും മഴയിൽ കുളിച്ചിരിക്കുകയാണ്, കിഴക്കുണർന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല, അരണ്ട വെളിച്ചം, ഇന്നലെയും ഇങ്ങിനെയായിരുന്നു മഴ...

ആറു മാസം മുമ്പാണ് മെഡിക്കൽ റിപ്പോർട്ട് വന്നത്, തണുപ്പുള്ളൊരു സന്ധ്യയിൽ, പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു ഫലം ഒന്നുകിൽ ഒരു സ്ത്രീ ആയിതന്നെ മരിക്കാം, ഇല്ലെങ്കിൽ താൻ സ്വപ്നം കണ്ട മകളേയും മകനേയും സ്വപ്നത്തിനു തന്നെ തിരിച്ചു കൊടുക്കാം, ഉറക്കമില്ലാത്ത രാത്രികൾ, വേദനയും ഭാരവും പേറി കുറേ ഏറെ ദിവസങ്ങൾ, അവസാനം അവളുടെ വാക്കു കേൾക്കാതെ തന്നിഷ്ടത്തിന് കോശങ്ങളെ വിഭജിച്ചു കൊണ്ടിരുന്ന ഗർഭപാത്രത്തെ ശാസ്ത്രക്രിയാ മുറിയിൽ ഉപേക്ഷിച്ച് താൻകണ്ട സ്വപ്നങ്ങളെ മറവിക്ക് ഉപേക്ഷിച്ച് അവൾ ജീവിക്കാൻ തീരുമാനിച്ചു.

ഒരുമാസ കാലത്തെ ആശുപത്രി വാസം രണ്ടു മാസത്തെ ബെഡ് റെസ്റ്റ് എല്ലാം അവളെ പാടെ തളർത്തി, പുതുമഴ പെയ്തു തോർന്നൊരു സന്ധ്യയിലാണ് നാളുകൾക്കു ശേഷം അവൾ പുറത്തിറങ്ങിയത്.

ഇന്ന് ജോലിയിൽ വീണ്ടും പ്രവേശിക്കുകയാണ് അമ്പലത്തിൽ പോണം, അമ്മയ്ക്ക് കാപ്പി തിളപ്പിച്ചു വച്ച് കുളിക്കാൻ കയറി, മഴ ഒന്നു ശമിച്ചിരിക്കുന്നു, സാരി വാരിവലിച്ചുടുത്ത് അമ്മയോട് പറഞ്ഞ് അവൾ മുറ്റത്തിറങ്ങി. പടിഞ്ഞാറ് കാറുണ്ട്. പക്ഷേ, പെയ്യാൻ സാധ്യത ഇല്ല, ഇറങ്ങിയപ്പോഴാണ് ഓർത്തത് കുട എടുക്കാൻ മറന്നു. കരിയില വിരിച്ച ഇടവഴിയിലൂടെ, ഇലയിൽ നിന്നും ഊർന്നു വീഴുന്ന മഴയുടെ താളവും കേട്ട് അവൾ നടന്നു, അമ്പലത്തിൽ പരിചയക്കാർ കുറവായിരുന്നു, കേട്ടു മടുത്തിരിക്കുന്ന ഉപചാര വാക്കുകളിൽ നിന്നും രക്ഷ.

ദേവി പതിവിൽ കൂടുതൽ സുന്ദരിയായിരുന്നു. ചുറ്റുവിളക്കിന്റെ പ്രൗഡി കൂടി ആയപ്പോൾ താൻ ഏതോ മായലോകത്ത് അകപ്പെട്ട പോലെ തോന്നി അവൾക്ക്, നനഞ്ഞ തിരികൾ ചൂടു കൊണ്ട് പൊട്ടിയപ്പോളാണ് സ്ഥലകാല ബോധമുണ്ടായത്, ഉള്ളിലെ പരിഭവം കാരണം ദേവിയോട് ഒന്നും പറയാതെ അവൾ തിരിച്ച് വീട്ടിലേക്ക് നടന്നു.

ഗുളികയുടെ കാലാവധി ഇനിയും തീർന്നിട്ടില്ല, ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും ഗുളിക പൊതിയും എടുത്ത് അവൾ ഇറങ്ങി, വേപ്പിലയുടെ നിറമുള്ള ഒരു ബസ്സ് അവൾക്കായ് കാത്തു നിന്നിരുന്നു, കയറി ഇരുന്നു ഷട്ടറുകൾ തുറന്നുവെച്ച് പുറത്തേക്ക് നോക്കിയിരുന്നു, ക്ഷണനേരം കഴിഞ്ഞില്ല, ബസ്സെടുത്തു പരിചിതമായ വഴികൾ. 

ആറു മാസക്കാലമായ് ഒരേ ഒരു ചിന്തയായിരുന്നു, തനിക്ക് നഷ്ടപെടാൻ പോവുന്ന കുടുംബ ജീവിതത്തെ പറ്റി, ഗർഭപാത്രമില്ലാത്ത പെണ്ണിനെ ആരു വേൾക്കാൻ, അതെല്ലാം ഓർക്കുമ്പോൾ കണ്ണുകൾ താനെ നിറഞ്ഞു. സാരി തലപ്പുകൊണ്ട് കണ്ണുതൂക്കുമ്പോൾ മനസ്സിന്റെ തേങ്ങൽ തീർന്നിരുന്നില്ല, പുറത്ത് നഗരം ഉണരുകയാണ് ബസ്സിൽ സ്കൂൾ കുട്ടികൾ നിറഞ്ഞു കഴിഞ്ഞു, ആരുടെ മുഖത്തും നോക്കാൻ വയ്യ, വെളിയിലേക്ക് കണ്ണോടിച്ചു കൈയിൽ മാറാപ്പും ഒക്കത്ത് ഒരു ചോര കുഞ്ഞുമായ് ഒരു സ്ത്രീ നടന്നു പോവുന്നു, അടുത്തത് അവളുടെ സ്റ്റോപ്പാണ് ഇടങ്ങി നടന്നു, മഴ ചാറുന്നുണ്ട്, ഓഫീസിന്റെ പടികൾ കയറുമ്പോൾ തന്നെ ക്ഷീണിച്ചിരിക്കുന്നു, തനിക്ക് പെട്ടെന്ന് ജരാനരകൾ ബാധിച്ചുവെന്നവൾക്ക് തോന്നി,

ഓഫീസിൽ എങ്ങും അടക്കിപിടിച്ച സംസാരങ്ങൾ, മിന്നി മറയുന്ന മുഖഭാവങ്ങൾ, അവൾ പെട്ടെന്നു തന്നെ തളർന്നു. ജീവിതം മടുത്തതായി തോന്നി. 5 മണി ഒരു യുഗം അകലെയാണെന്ന് തോന്നി അവൾക്ക്, ഓഫീസുവിട്ട് ഓടുകയായിരുന്നു അവൾ. താനീ ലോകത്തിനു ചേർന്നവളല്ല. എനിക്കൊരു കുടുംബമുണ്ടാവില്ല അവളുടെ മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു. മരണമായിരുന്നു ഇതിലും നല്ലതെന്നു വരെ തോന്നി, പക്ഷേ അമ്മ, അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ അമ്മയുടെ കാലം കഴിഞ്ഞാൽ !

പടികൾ ഇറങ്ങി ബസ്​സ്റ്റോപ്പിന്റെ അടുത്തെത്തി, മഴ തൂങ്ങി നിൽക്കുന്നുണ്ട്, മിന്നൽ പിണരുകൾ ഇടയ്ക്കിടെ വന്ന് ഭൂമിയുടെ കാതിൽ സ്വകാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. കിളികളും മനുഷ്യരും കൂടണയാൻ പരക്കം പായുകയാണ്, അപ്പോളാണവൾ, ബേക്കറിയുടെ മുന്നിൽ ഒരാൾക്കൂട്ടം കണ്ടത്, ഒരുൾവിളി നിമിത്തം അവളുടെ കാലുകൾ അങ്ങോട്ട് നീങ്ങി, ആൾക്കാരെ വകഞ്ഞു മാറ്റി അവൾ ഉള്ളിൽ കടന്നു, രാവിലെ തെരുവിൽ കണ്ട സ്ത്രീയും കുഞ്ഞും. പക്ഷേ ഒരു വ്യത്യാസം മാത്രം, അമ്മയുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു, അമ്മയുടെ ചോരയിൽ കിടന്ന്, ലോകത്തെ നോക്കുന്ന പാതി അടഞ്ഞ കുഞ്ഞിന്റെ കണ്ണിൽ അവളുടെ കണ്ണുടക്കി, ആരും തിരിഞ്ഞു നോക്കുന്നില്ല, അപ്പോഴേക്കും തന്റെ ഇരയെ പിടിക്കാൻ ഓടി വരുന്ന ഭൂതത്താനെ പോലെ പടിഞ്ഞാറു നിന്നും മഴ പാഞ്ഞെത്തി, അവൾക്ക് വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, അമ്മയുടെ ചുടുചോരയിൽ നിന്നും അവൾ കുഞ്ഞിനെ അടർത്തി എടുത്തു. മഴ അവർക്കിടയിലെ ബന്ധം മായ്ച്ചു കളഞ്ഞു.

ഇത് നിന്റെ പുതു ജന്മമാണ് ഇനി നീ എന്റെ മകളാണ്, ഞാൻ നിന്റെ അമ്മയും കഴിഞ്ഞ ജന്മത്തിന്റെ പൊക്കിൾ കൊടി ബന്ധം ഇതാ ഈ തെരുവിൽ ഈ മഴയെ സാക്ഷിയാക്കി നീ ഉപേക്ഷിക്കുന്നു . അവളുടെ മാറിൽ ഒട്ടിചേർന്നു കൊണ്ട്, കുഞ്ഞ് മാതൃത്തത്തിൻ്റെ ചൂടിൽ മയങ്ങി

തെരുവിൽ ചോരകൊണ്ട് നേർത്ത ചിത്രങ്ങൾ വരച്ച് മഴ പെയ്തു കൊണ്ടിരുന്നു...