ഈ റിസ്ക് വേണ്ടിയിരുന്നോ; മറുപടി ഷംന പറയും

സിനിമയിൽ തല മൊട്ടയടിക്കാതെ മൊട്ടയാവാൻ പലതുണ്ടു മാർഗം. ആ ഒട്ടിപ്പുവിദ്യകളെല്ലാം ഉണ്ടായിട്ടും ‘കൊടി വീരൻ’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി യഥാർഥത്തിൽ മൊട്ടയടിച്ചു ഷംന കാസിം. ഈ റിസ്ക് വേണ്ടിയിരുന്നോ എന്ന ചോദ്യങ്ങൾക്കു നടുവിലാണു ഷംനയുടെ തലയിൽ വീണ്ടും മുടി കിളിർത്തുകൊണ്ടിരിക്കുന്നത്. പക്ഷേ മറുനാട്ടുകാർ പൂർണ എന്നു വിളിക്കുന്ന ഷംനയ്ക്കു സംശയമേതുമില്ല.

‘എന്റെ സിനിമാജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും തന്ന രണ്ടു കഥാപാത്രങ്ങളിലൊന്നാണിത്. തമിഴിൽത്തന്നെ പൂർത്തിയാക്കിയ ‘ശവരകത്തി’ എന്ന സിനിമയിലെ ബധിരയായ ഗർഭിണിയുടെ വേഷമാണു മറ്റൊന്ന്. ഒരു അഭിനേതാവ് എന്ന നിലയിൽ വലിയ ആത്മവിശ്വാസവും ഇനിയും അഭിനയിക്കാനുള്ള പ്രചോദനവുമൊക്കെയാണ് ഈ രണ്ടു കഥാപാത്രങ്ങളും സമ്മാനിച്ചത്.

കൺഫ്യൂഷൻ

മിഷ്കിൻ സംവിധാനം ചെയ്യുന്ന ശവരക്കത്തി എന്ന സിനിമയിൽ രണ്ടു കുട്ടികളുടെ അമ്മയും ഒൻപതു മാസം ഗർഭിണിയുമായ ഒരു ബധിരയായിട്ടാണ് അഭിനയിച്ചത്. ഒരു ഗ്ലാമറുമില്ലാത്ത കഥാപാത്രം. അതിന്റെ ടീസർ കണ്ടിട്ടാണു കൊടിവീരനിലേക്ക് സംവിധായകനായ മുത്തയ്യയും നായകൻ ശശി കുമാറും എന്നെ പരിഗണിക്കുന്നത്. എന്നാൽ മൊട്ടയടിക്കേണ്ടി വരുമെന്നു പറഞ്ഞതോടെ പറ്റില്ലെന്നു പറ‍ഞ്ഞു. തിരക്കഥ കേട്ട് തീരുമാനിച്ചാൽ മതിയെന്നായി അവർ. തിരക്കഥ കേട്ടതോടെ മനസ്സു മാറി. കുറേവർഷമായി സിനിമയിൽ വന്നിട്ട്. വെറുതെ കുറേ സിനിമ ചെയ്യുന്നതിനെക്കാൾ ഇങ്ങനെ ചില റോളുകൾ ചെയ്യുന്നതിലല്ലേ ത്രിൽ. എന്നാലും മൊട്ടയടിക്കണോ എന്ന കാര്യത്തിൽ രണ്ടു ദിവസം ശരിക്കും കൺഫ്യൂഷനായിരുന്നു.

വളരെ സ്വാഭാവികമായി ചിത്രീകരിക്കുന്ന സിനിമയിൽ ആ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നു. മധുരയിൽ ഷൂട്ടിങ് സെറ്റിലായിരുന്നു മുടി വടിച്ചത്. ആ സീനും ചിത്രത്തിലുണ്ട്. വളരെ നിർണായകമായ ഒരു സീനാണത്. അത് എത്രത്തോളം അനിവാര്യമായിരുന്നു എന്നു പിന്നീടു സ്ക്രീനിൽ കണ്ടപ്പോൾ ബോധ്യപ്പെട്ടു. ഞാനാണത് എന്നു തോന്നിയതേയില്ല. പൂർണമായും മൊട്ടയായല്ല ആ സിനിമയിൽ. സിനിമയിൽ മൂന്നു നായികമാരും മലയാളികളാണ്. സനൂഷയും മഹിമ നമ്പ്യാരുമാണ് മറ്റു രണ്ടു കഥാപാത്രങ്ങൾ ചെയ്യുന്നത്. അവാർഡിനു വേണ്ടിയുള്ള ശ്രമമാണോയെന്നു പലരും ചോദിച്ചു. അങ്ങനെ ചിന്തിച്ചിട്ടില്ല.

 മൊട്ടയടിച്ച്  സ്റ്റേജിലും

നർത്തകി എന്ന നിലയിൽ സ്റ്റേജ് പ്രോഗ്രാം ഏറെയുള്ളതിനാൽ മൊട്ടയടി പ്രശ്നമാവുമോ എന്നാണ് ആദ്യം ചിന്തിച്ചത്. മൂന്നാഴ്ച മുൻപാണു മൊട്ടയടിച്ചത്. അതിനുശേഷം അഞ്ച് സ്റ്റേജ് പ്രോഗ്രാം വിഗ് വച്ചു ചെയ്തു. സാധാരണ സിനിമയിലെ വേഷമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ടെങ്കിലും മൊട്ടയടിച്ച ചിത്രം സ്വയം കണ്ട് ആനന്ദിക്കുകയല്ലാതെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റർ ഇറങ്ങിയിട്ടേ ചിത്രം പുറത്തുവിടാവൂ എന്നാണു സിനിമയുടെ അണിയറക്കാർ പറഞ്ഞിരിക്കുന്നത്. 

പക്ഷേ പുറത്തു പോകുമ്പോൾ ക്യാപ് ഒന്നും വയ്ക്കാറില്ല. ഞാനാണെന്നു പലർക്കും പെട്ടെന്നു മനസ്സിലാവാറുമില്ല. കോഴിക്കോട്ട് സംവിധായകൻ ഹരിഹരൻ സാറിന്റെ സിനിമാ സുവർണ ജൂബിലി പരിപാടിയിൽ എത്തിയപ്പോൾ കെ.എസ്.ചിത്ര ചേച്ചി ഉൾപ്പെടെയുള്ളവർക്കു കണ്ടിട്ടു മനസ്സിലായില്ല.