15 വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ പ്രാർഥിക്കാനെത്തി തിരിച്ചു പോകവേ യാദൃശ്ചികമായി ഇവിടെ കുടുങ്ങുന്ന ഷാഹിദയെന്ന കുഞ്ഞുമിണ്ടാക്കുട്ടിയുടെയും അവളെ സംരക്ഷിക്കുന്ന പവൻകുമാർ എന്ന ഇന്ത്യക്കാരന്റെയും കഥയാണ് ബജ്‌രംഗി ഭായിജാൻ പറഞ്ഞത്.

എന്നാല്‍ സിനിമയെ വെല്ലുന്ന കഥയാണ് സംസാരശേഷിയും കേള്‍വിശക്‌തിയും ഇല്ലാത്ത 22 വയസുകാരി ഗീതയ്ക്ക് പറയാനുള്ളത്. 15 വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിയ എന്ന ഇന്ത്യക്കാരിയെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാര്‍. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഭാര്യയെയും കൂട്ടി കറാച്ചിയില്‍ചെന്ന് കുട്ടിയെ കാണാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ട് കഴിഞ്ഞു.

മൂകയും ബധിരയുമായ ഇരുപത്തിമൂന്നുകാരിക്ക് ഇന്ത്യയിലെ തന്റെ ബന്ധുക്കളുടെ അടുത്തേക്കു മടങ്ങാൻ ഒരു ‘ബജ്‌രംഗി ഭായിജാനെ’ പ്രതീക്ഷിക്കുന്നു എല്ലാവരും. ഇന്ത്യയിൽ എങ്ങനെയോ എത്തിപ്പെട്ട പാക്കിസ്ഥാൻ ബാലികയെ വീട്ടിലേക്കു മടങ്ങാൻ സഹായിക്കുന്ന സൽമാൻ കഥാപാത്രത്തിന്റെ ഓമനപ്പേരാണ് ‘ബജ്‌രംഗി ഭായിജാൻ’.

നമ്മുടെ ഭാഷയിൽ പറഞ്ഞാൽ തടിമിടുക്കുള്ള പൊന്നാങ്ങള എന്നർഥം. പത്താം വയസിലാണ് ഗീത പാക്കിസ്ഥാനിലെത്തിപ്പെട്ടത്. അറിയാതെ അതിർത്തി കടന്നതാകാം. ഗീതയുടെ ബന്ധുക്കൾക്കായി അന്വേഷണങ്ങളേറെ നടന്നു. ഫലവുമുണ്ടായില്ല. പതിമൂന്നു വർഷങ്ങൾ കടന്നുപോയി. ഗീത ഇപ്പോഴും അനാഥ തന്നെ.

ലഹോറിലെ ഏഥി സെന്റർ അഭയകേന്ദ്രത്തിലാണ് ഗീതയുടെ താമസം. തനിക്ക് ഏഴ് സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്നാണ് ആംഗ്യഭാഷയിലൂടെ ഗീത സൂചിപ്പിക്കുന്നത്. എഴുതുന്നതൊന്നും ആർക്കും പിടികിട്ടുന്നില്ല. എന്തെഴുതിയാലും 193 എന്ന സംഖ്യ പതിവായി ഉണ്ടാകും. ഇത് അവളുടെ ഇന്ത്യയിലെ വീട്ടുനമ്പരാകാം.

ഓർമയിൽ ബാക്കിയുള്ള ഒരേയൊരു നമ്പർ. ഇന്ത്യയുടെ ഭൂപടം കണ്ടാൽ തിരിച്ചറിയും, ആവേശത്തോടെ ചില സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടും. എന്തോ പറയാൻ അവൾ പരിശ്രമിക്കുന്നു, പക്ഷേ, പറ്റുന്നില്ല. ഹിന്ദുവാണെന്നു മനസിലായതോടെ അഭയകേന്ദ്രത്തിൽ അവൾക്കുവേണ്ടി പ്രത്യേക പ്രാർഥനാ മുറിയൊരുക്കി നൽകി. ദേവീദേവന്മാരുടെ ചിത്രങ്ങളും രൂപങ്ങളും സമ്മാനിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് ഉദ്യോഗസ്ഥരെത്തി ഗീതയെ കണ്ടതാണ്. പെൺകുട്ടിയുടെ പടവുമെടുത്ത് രേഖകളുമായി മടങ്ങിയ അവരിൽനിന്ന് പിന്നീടു ഒരു വിവരവുമില്ല. സുഷമ സ്വരാജിന്‍റെ നിര്‍ദ്ദേശം ഗീതയ്ക്ക് തുണയാകുമെന്ന് കരുതാം.

പതിനഞ്ചു വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ നിന്ന് ലാഹോറിലേക്കെത്തിയ ട്രെയിനിലാണ് ഗീത പാക്കിസ്ഥാനിലെത്തുന്നത്. പൊലീസാണ് ഗീതയെ കണ്ടെത്തി അവിടെയുള്ള ഒരു കാരുണ്യസംഘടനയില്‍ ഏല്‍പ്പിക്കുന്നത്. എന്നാല്‍ ആശയവിനിമയം നടത്താനുള്ള ശേഷിക്കുറവു പലയിടത്തും ഗീത പ്രശ്‌നങ്ങളുണ്ടാക്കി. അവള്‍ പലപ്പോഴും അധികൃതരോടു വഴക്കിട്ടു. പലകുറി ഷെല്‍ട്ടര്‍ ഹോമുകള്‍ മാറി. ഒടുവില്‍ കറാച്ചിയിലെത്തി. പിന്നെയാണ്‌ എദ്ദി ഫൗണ്ടേഷന്‍ ഗീതയെ ഏറ്റെടുക്കുന്നത്. മനുഷ്യാവകാശപ്രവർത്തകനും മുൻമന്ത്രിയുമായ അൻസാർ ബേണി ഗീതയുടെ ബന്ധുക്കളെ കണ്ടെത്താൻ ഫെയ്സ്ബുക്കിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.