സൽമാന്റെ തെറ്റിന് ബജ്‌രംഗിയെ കല്ലെറിയരുത്

‘ഇന്ത്യയിൽ നിന്നൊരു ചാരൻ പാകിസ്ഥാനിലേക്ക് കടന്നിട്ടുണ്ട്. അവനെ ഇവിടെ എവിടെയെങ്കിലും കണ്ടോ..?’ അകത്തേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ ആ പഴയകാല പള്ളിയുടെ കുഞ്ഞൻവാതിലിനു മുന്നിൽ മതിലു പോലെ നിന്നെങ്കിലും മൗലാന അന്നേരം ഒരു തമാശ പോലെയാണ് ആ പൊലീസുകാരനോട് തിരിച്ചു ചോദിച്ചത്:

‘ചാരനെന്തിനാണ് സുഹൃത്തേ എന്നെ കാണാൻ വരുന്നത്? ഞാനെന്താ വല്ല ആറ്റംബോംബിന്റെ രഹസ്യഫോർമുലയും സൂക്ഷിച്ചു വച്ചിട്ടുണ്ടോ...?’

ബജ്‌രംഗി ഭായിജാൻ എന്ന ചിത്രത്തിലെ ഈ ഒരൊറ്റ ഡയലോഗ് മതി നമ്മുടെ സിനിമ എങ്ങനെയാണ് ഇന്നേവരെ ഇന്ത്യ–പാക് ബന്ധത്തെ ചിത്രീകരിച്ചിരുന്നതെന്ന് തിരിച്ചറിയാൻ. മലയാളത്തിൽ ഉൾപ്പെടെ ഇന്നുവരെ കണ്ട ഭൂരിപക്ഷം സിനിമകളിലും പാകിസ്ഥാനിലേക്കു പോകുന്ന ഇന്ത്യൻ നായകന്റെ ലക്ഷ്യം അവിടത്തെ വില്ലന്റെ കയ്യിലുള്ള നശീകരണ ആയുധത്തിന്റെ രഹസ്യങ്ങളറിയാനോ അത് തകർക്കാനോ അവരെ കൊലപ്പെടുത്താനോ ആയിട്ടാണ് ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നവരെല്ലാവരും ഭീകരവാദികളും. ബജ്‌രംഗി ഭായിജാന്റെ സംവിധായകൻ കബീർഖാന്റെ തന്നെ ഏക് ദ് ടൈഗർ എന്ന ചിത്രത്തിലെ നായകന്റെ ലക്ഷ്യവും ഇതുതന്നെ. അതിനൊരു പ്രായശ്ചിത്തമായിട്ടായിരിക്കണം.

കബീർ ഇത്തരമൊരു ചിത്രം തയാറാക്കിയതു തന്നെ. കാരണം, ഈ സിനിമ ബോംബുകളും തോക്കുകളുമുപയോഗിച്ച് ബന്ധങ്ങൾ തകർക്കുന്നതിനെപ്പറ്റിയില്ല. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്നേഹബന്ധം കണ്ണിചേർക്കുന്നതിനെപ്പറ്റിയാണ്.

ഇന്ത്യ–പാക് ബന്ധം പറയുന്ന സിനിമകൾ പുറത്തിറങ്ങുമ്പോഴെല്ലാം ഒന്നുകിൽ അത് തിയേറ്റർകത്തിക്കലിനും അല്ലെങ്കിൽ നിരോധനത്തിനുമെല്ലാം വിധേയമാകുന്നത് പതിവാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ നിഷ്കളങ്കത കൊണ്ടോ എന്തോ ബജ്‌രംഗി ഭായിജാനെങ്കിലും ഇതിൽ നിന്നു രക്ഷപ്പെടുമെന്നു കരുതിയതാണ്. പക്ഷേ ഇരുരാജ്യങ്ങളിലും സൂപ്പർ ഹിറ്റായിട്ടും ഈ ചിത്രവും വിവാദങ്ങളിൽ നിന്നു രക്ഷപ്പെട്ടില്ല. ബോളിവുഡ് പാകിസ്ഥാനെ വിഷമയമാക്കുകയാണെന്ന സന്ദേശവുമായി #BollywoodPoisoningPak എന്ന ഹാഷ്ടാഗോടെ ബജ്‌രംഗിക്കെതിരെ ട്വിറ്ററിൽ ഒളിയാക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബജ്‌രംഗിക്ക് പാകിസ്ഥാനിൽ പ്രദർശനാനുമതി നൽകിയതിന്റെ പേരിൽ സെൻസർ ബോർഡ് ചെയർമാൻ ഫാഖ്ർ–ഇ–അലാമിനെതിരെ വധഭീഷണികളും ശക്തം. ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി ഇദ്ദേഹത്തെ ട്വിറ്റർ പോരാളികൾ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ്. ഫാഖ്റിനെപ്പോലെയുള്ളവരെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലണമെന്നു വരെ ആവശ്യപ്പെടുന്നവരുണ്ട്. ഇതിനെത്തുടർന്ന് ബജ്‌രംഗി പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലെ സുരക്ഷ ശക്തമാക്കണമെന്ന് ഫാഖ്ർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

തന്നെ ചാരനെന്നു വിളിച്ചവർക്കുമുണ്ട് അദ്ദേഹത്തിന്റെ മറുപടി. താൻ ചാരനെങ്കിൽ ടിക്കറ്റെടുത്ത് ബജ്‌രംഗി ഭായിജാനു കയറിയ ഓരോ പാകിസ്ഥാനികളും ചാരന്മാരാണെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. അങ്ങനെ നോക്കിയാൽ ചാരന്മാരുടെ എണ്ണം ലക്ഷക്കണക്കിനുണ്ടാകും. കാരണം കറാച്ചിയിലും ഇസ്‌ലാമാബാദിലും റിലീസ് ചെയ്ത് ഒരാഴ്ചക്കകം ബജ്‌രംഗി സ്വന്തമാക്കിയത് 38 കോടി രൂപയുടെ തിയേറ്റർ കലക്‌ഷനായിരുന്നു. പാകിസ്ഥാനെതിരെയാണ് ഈ സിനിമയെങ്കിൽ പിന്നെ പാക് ജനം ഇതെന്തിന് ഏറ്റെടുത്തുവെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. മാത്രവുമല്ല ട്വിറ്ററിൽ ബജ്‌രംഗിക്കും ഇന്ത്യയ്ക്കുമെതിരെ വിഷം തുപ്പുന്നത് പാകിസ്ഥാനിലെ സാധാരണക്കാരല്ല മറിച്ച് വ്യാജപേരുകളിലുള്ള നൂറുകണക്കിന് പ്രൊഫൈലുകളിൽ നിന്നാണ്.

വിവാദങ്ങളിൽ ഇന്ത്യക്കാരും മോശക്കാരല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങൾ തെളിയിച്ചു. പൊതുവെ ശുഷ്കമായ പാക് സിനിമയിൽ വർഷങ്ങൾക്കു ശേഷമാണ് ഒരു ബിഗ് ബജറ്റ് റൊമാന്റിക് ചിത്രം റമസാന് പുറത്തിറങ്ങിയത്. ബിൻ രോയെ..എന്ന ഈ ചിത്രം ഇന്ത്യയിലും പ്രദർശനത്തിനെത്തിച്ചിരുന്നു. എന്നാൽ പ്രദർശിപ്പിച്ചാൽ തിയേറ്ററുകളെല്ലാം കത്തിക്കുമെന്ന മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണി വന്നതോടെ സംസ്ഥാനത്തെ തിയേറ്ററുകളിൽ നിന്ന് ഈ ചിത്രം പിൻവലിക്കപ്പെട്ടു. മറ്റിടങ്ങളിലേക്കും വിവാദം കത്തിപ്പടർന്നതോടെ അവിടെയും ബിൻ രോയെ..പെട്ടിയിൽത്തന്നെ പെട്ടു പോയി. അതോടെ പാകിസ്ഥാനിലെ ചില പ്രാദേശിക വിതരണക്കാർ പ്രതികാരം ചെയ്തത് ബജ്‌രംഗി ഭായിജാനും തിയേറ്ററുകളിൽ നിന്നു പിൻവലിച്ചായിരുന്നു. ഇവിടെ ആർക്കാണു നഷ്ടമുണ്ടായത്? ഇരുരാജ്യങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തെ ശക്തിപ്പെടുത്തുന്ന സന്ദേശവുമായെത്തിയ ഒരു ചിത്രം അവിടത്തെ ജനങ്ങൾ കാണാതിരിക്കുന്നതിലൂടെ വിജയിച്ചത് രാഷ്ട്രീയ ശക്തികളും ചില പിന്തിരിപ്പൻ സംഘടനകളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരും തന്നെയാണ്.

യാക്കൂബ് മേമനെ പിന്തുണച്ച് സൽമാൻ ഖാൻ നടത്തിയ ട്വീറ്റിനു മറുപടിയായി ബജ്‌രംഗി ഭായിജാൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അടിച്ചുതകർക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. ഈ സംഘടിത ആക്രമണത്തിലൂടെ അവർ ഒരു അവസരം കാത്തിരിക്കുകയായിരുന്നുവെന്നു തന്നെ വേണം കരുതാൻ. പികെയ്ക്കു പിന്നാലെ ബജ്‌രംഗിയും കല്ലേറിനിരയാകുമ്പോൾ നമ്മുടെ രാജ്യത്തിന്റെ മതേതരത്വ വിശ്വാസത്തിലും വിള്ളലുകള്‍ ശക്തമാവുകയാണ്.

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ പ്രാർഥിക്കാനെത്തി തിരിച്ചു പോകവേ യാദൃശ്ചികമായി ഇവിടെ കുടുങ്ങുന്ന ഷാഹിദയെന്ന കുഞ്ഞുമിണ്ടാക്കുട്ടിയുടെയും അവളെ സംരക്ഷിക്കുന്ന പവൻകുമാർ എന്ന ഇന്ത്യക്കാരന്റെയും കഥയാണ് ബജ്‌രംഗി ഭായിജാൻ പറഞ്ഞത്. ട്രെയിൻ പാകിസ്ഥാന്റെ അതിർത്തി കടന്നുപ്പോഴാണ് ഉമ്മ അറിയുന്നത് ഷാഹിദയെ കാണാനില്ലെന്ന്. നിലവിളിയോടെ ഓടിയെത്തിയ അവരെ അതിർത്തിക്കപ്പുറത്തേക്ക് കടക്കാൻ നിർവാഹമില്ലെന്നു പറഞ്ഞ് തടയുകയാണ് അധികൃതർ. അങ്ങനെ പോകണമെങ്കിൽ വീണ്ടും വീസയെടുക്കേണ്ടി വരുമെന്നാണ് അതിനു പറയുന്ന ന്യായം. പെറ്റവയറിന്റെ നോവ് അന്നേരം വാക്കുകളായി പുറത്തുവരുന്നുണ്ട്–

‘അവിടെ നിന്ന് അഞ്ചുമിനിറ്റ് സഞ്ചരിച്ചാൽ എത്താവുന്ന ദൂരത്ത് എന്റെ മകളുണ്ട്. അതിനു വേണ്ടിയാണോ ഇനി ദിവസങ്ങളോളം ഞാൻ വീസയ്ക്കു വേണ്ടി അലയേണ്ടത്...!’ ആ അമ്മയ്ക്കറിയില്ലല്ലോ, പകയും വിദ്വേഷവും വെറുപ്പും കൊണ്ടാണ് ഇരുരാജ്യങ്ങൾക്കിടയിൽ ആ മുൾവേലി കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന്. മിണ്ടാൻ പോലുമാകാത്ത ആ കുഞ്ഞ് അപരിചിതമായ നാട്ടിൽ എന്തു ചെയ്യും? അതും ഇന്ത്യയിൽ. ടിവിക്കു മുന്നിൽ പോലും ‘പാകിസ്ഥാൻ മൂർദാബാദ്’ എന്നു വിളിക്കുന്നവരുടെ രാജ്യത്ത്. തങ്ങളെ തകർക്കാൻ നോക്കുന്ന ഒരു രാജ്യത്ത്...ഷാഹിദയെ എന്നന്നേക്കുമായി നഷ്ടമായെന്നു തന്നെ ആ അമ്മ കരുതി. പക്ഷേ പാകിസ്ഥാനിലുള്ള ചിലരെങ്കിലും പ്രാർഥിച്ചു, പ്രതീക്ഷിച്ചു–ഇന്ത്യക്കാർ നല്ലവരാണ്, ഷാഹിദ തിരിച്ചു വരും.

അവർക്കുറപ്പുണ്ടായിരുന്നു ഇന്ത്യ–പാക് ക്രിക്കറ്റ് മാച്ച് നടക്കുന്ന ടെലിവിഷനു മുന്നിൽ മാത്രമേ പാകിസ്ഥാനിലായാലും ഇന്ത്യയിലായാലും ജനം ശത്രുത കാണിക്കുന്നത്. ആ ശത്രുത സൃഷ്ടിച്ചെടുത്തത് പക്ഷേ ആരാണ്? സച്ചിനോ ധോണിയോ അല്ലെങ്കിൽ അഫ്രീദിയോ ഇൻസമാമോ ആണോ? അതോ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണക്കാരോ? അല്ല. അത് സൃഷ്ടിച്ചത് ഭരണകൂടമാണ്. ബജ്‌രംഗി ഭായിജാനിലെ നിർണായക നിമിഷങ്ങളിലൊന്നിൽ നായകന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന പാക് ഉദ്യോഗസ്ഥനെ കാണാം. ഭരണത്തിന്റെ തലപ്പത്തുള്ളവരുടെ പാവയായ ഈ ഉദ്യോഗസ്ഥൻ പാകിസ്ഥാന്റെ മാത്രമല്ല, ഇന്ത്യയുടെയും പ്രതിനിധിയാണ്.

ശത്രുക്കളിൽ നിന്ന് രാജ്യത്തെ കാക്കുന്നവരെന്ന പ്രതീതിയുണ്ടാക്കിയാലേ ഏതൊരു രാഷ്ട്രീയപാർട്ടിക്കും വോട്ട് കിട്ടൂവെന്ന ചിന്ത വിഭജനകാലം മുതലേ ഓരോ പാർട്ടിയും സൃഷ്ടിച്ചു വിജയകരമായി പിന്തുടർന്നിട്ടുണ്ട്. അതിന് പാകിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവായിരുന്നേ മതിയാകൂ. ജനാധിപത്യവും പട്ടാളഭരണവും പരസ്പരം പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്താകട്ടെ പലരുടെയും നിലനിൽപിന് ഇന്ത്യയെന്ന ശത്രു ഉണ്ടായേ പറ്റൂ. അതിനിടയിൽ കോടികൾ മറയുന്ന ആയുധക്കടത്ത് നടക്കണമെങ്കിലാകട്ടെ ഭീകരവാദത്തെ വളമിട്ട് വളർത്തുകയും വേണം. അങ്ങനെ നുഴഞ്ഞുകയറ്റവും അധിനിവേശവുമെല്ലാം അനിവാര്യമാക്കുകയാണവർ. അതിനെല്ലാം ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളായിരുന്നേ മതിയാകൂ. പക്ഷേ ഈ ഉദ്യോഗസ്ഥർക്കു കീഴിൽ അടിമകളായിരിക്കുന്നവർ ശബ്ദമുയർത്തിയാൽ എന്തു സംഭവിക്കും?

അതിർത്തികളെ ഭേദിക്കും വിധത്തിൽ മുഴങ്ങും ആ ശബ്ദമെന്നതുറപ്പ്. ബജ്‌രംഗിയിൽ കണ്ടു ആ മനോഹ കാഴ്ച. കുഞ്ഞുമുന്നി ആ സാധാരണക്കാരന്റെ പ്രതീകമായിരുന്നു. കണ്ണുകളിൽ സ്നേഹം മാത്രം നിറച്ച ഒരു പാവം പാവക്കുട്ടി. പക്ഷേ അഫ്രീദി സിക്സറടിച്ച് പാകിസ്ഥാനെ ജയിക്കുമ്പോൾ അവൾ കയ്യടിക്കുന്നത് ആരെ പ്രലോഭിപ്പിക്കാനാണ്? അവൾക്കറിയാമോ മുഹമ്മദലി ജിന്നയെയും മുഷാറാഫിനെയുമൊക്കെ.? അവളുടെ നാട്ടിൽ അവളുടെ അച്ഛനും അമ്മയുമൊക്കെ സന്തോഷിക്കാറുണ്ട് അഫ്രീദി ക്രീസിലെത്തുമ്പോൾ. നമ്മുടെ ഹൃദയം സച്ചിനു വേണ്ടി തുടിക്കുന്നതു പോലെത്തന്നെയാണ് അതും. എന്നിട്ടും നമ്മൾ ഇടയ്ക്കെങ്കിലും പാകിസ്ഥാനു നേരെ ശാപവാക്കുകളെറിയുന്നു. ആ രാജ്യക്കാർ തിരിച്ചും. അവിടെ വിജയിച്ചത് ഈ ശത്രുതാകവചം തീർത്ത രാഷ്ട്രീയക്കാരും സങ്കുചിത മനസ്കരും സ്വാർഥതത്പരരുമായ ഏതാനും ചില നേതാക്കളും മാത്രമാണ്.

മുന്നിയെപ്പോലുള്ള കോടിക്കണക്കിന് കുട്ടികളുടെ മുഖത്തേക്കൊന്നു നോക്കൂ. കണ്മുന്നിലെ വലിയവരുടെ അക്രമവും യുദ്ധവുമെല്ലാം നിശബ്ദരായിരുന്നു കാണാനേ അവർക്കാകൂ. തിരിച്ചൊന്നും പറയാൻ പോലും പറ്റാത്ത വിധം അവർ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു. മുതിർന്നവരെ കണ്ടാണ് അവർ പഠിക്കുന്നത്. അഫ്രീദിക്കു വേണ്ടി അച്ഛനും അമ്മയും കയ്യടിച്ചപ്പോൾ ഷാഹിദയും കൂടെക്കൂടിയെന്നേയുള്ളൂ. പക്ഷേ അവളുടെ ശത്രുവല്ല ഒരിക്കലും ഇന്ത്യക്കാർ.

ഓർക്കുക, നമ്മുടെ ചുറ്റിലും കുഞ്ഞുകാലുകൾ പിച്ചവച്ചു വളരുന്നുണ്ട്. അവരോടെങ്കിലും പറയുക. പാകിസ്ഥാൻ നമ്മുടെ അയൽരാജ്യം മാത്രമാണെന്നും ശത്രുരാജ്യമല്ലെന്നും.. അവിടെയും മനുഷ്യരാണെന്നും ശത്രുക്കളല്ലെന്നും. അവരെങ്കിലും വളരട്ടെ, യുദ്ധവും ഭീകരവാദവും ഭീഷണി തീർക്കാത്ത ഒരു ലോകത്ത്. ഒരുപക്ഷേ അതു നടക്കാത്ത സ്വപ്നമായിരിക്കാം. എന്നിരുന്നാലും ഇടയ്ക്കെങ്കിലും ബജ്‌രംഗി ഭായിജാനെപ്പോലുള്ള ചില ഓർമപ്പെടുത്തലുകൾ നല്ലതാണ്. സമാധാനത്തിന്റെ സന്ദേശവുമായി മുന്നിക്കുട്ടിക്കൊപ്പം പാകിസ്ഥാനിലേക്കു നടന്ന ബജ്‌രംഗിക്കും അവരെ അവസാന നിമിഷം വരെ കള്ളന്മാർക്കും പൊലീസിനും കൊടുക്കാതെ കാത്തുരക്ഷിച്ച പാകിസ്ഥാൻകാർക്കും പിന്നെ പവൻ കുമാറിനു കിട്ടിയ ആ വലിയ ഇന്ത്യൻ സല്യൂട്ടിനും മുന്നിൽ, ജയ് ശ്രീറാം അല്ലെങ്കിൽ അള്ളാ ഹഫിസ്.

രണ്ടു വാക്കുകളായാലെന്താ, അവ രണ്ടും ആഗ്രഹിക്കുന്നത് സ്നേഹമെന്ന ഒരൊറ്റ അർഥമല്ലേ...