കോടതി വിധികേട്ട സൽമാൻ തളർന്നുവീണു

കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് സൽമാൻ. വിധി കേട്ട് സൽമാൻ തളർന്നു. സൽമാനൊപ്പം വർഷങ്ങളായുള്ള ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് സൽമാൻ വേച്ച് വീണത്. താരത്തെ എടുത്ത് ഉയർത്തിയ ശേഷം കണ്ണുകൾ തുടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘എല്ലാ വിനയത്തോടെയും ഞാൻ കോടതി വിധിയെ അംഗീകരിക്കുന്നു. കൂടെ നിന്ന് പിന്തുണച്ച എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. സല്‍മാൻ പറഞ്ഞു.

2002ലെ മുംബൈ വാഹനാപകടക്കേസിൽ നിന്നും ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. അഞ്ചുവർഷം തടവെന്ന കീഴ്ക്കോടതി വിധിയാണ് റദ്ദാക്കിയത്. മുംബൈ ഹൈക്കോടതിയാണ് 2002ലെ വാഹനാപകടക്കേസില്‍ നിന്നും സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയത്.

കഴിഞ്ഞ മേയിൽ കേസ് പരിഗണിച്ച സെഷൻസ് കോടതി സൽമാൻ ഖാന് അഞ്ചുവർഷം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരയാണ് സൽമാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംഭവ സമയം സൽമാനാണ് വാഹനമോടിച്ചതെന്ന ദൃക്സാക്ഷി മൊഴി പൂർണമായും വിശ്വസിക്കാനാകില്ലെന്ന് ഹർജി പരിഗണിക്കവേ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സൽമാൻ ഖാന്റെ സുരക്ഷാ ഭടൻ രവീന്ദ്ര പാട്ടീലിന്റെ മൊഴി ഭാഗികമായി മാത്രമേ വിശ്വസിക്കാനാകൂ. പൂർണ വിശ്വാസത്തിലെടുക്കാവുന്ന സാക്ഷിയല്ല രവീന്ദ്ര പാട്ടീൽ. മദ്യപിച്ച് വാഹനമോടിച്ച സൽമാൻ ഖാൻ അങ്ങനെ ചെയ്യരുതെന്ന തന്റെ വാക്കുകൾ കേൾക്കാൻ തയാറായില്ലെന്ന പാട്ടീലിന്റെ മൊഴി പൂർണമായും കണക്കിലെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2007 ഒക്ടോബറിൽ പാട്ടീൽ ടിബിയെത്തുടർന്ന് മരണമടഞ്ഞിരുന്നു.

2002 സെപ്റ്റംബർ 28ന് ബാന്ദ്ര ഹിൽ റോഡിലെ അമേരിക്കൻ ബേക്കറിക്കു മുന്നിലെ നടപ്പാതയിൽ കിടുന്നുറങ്ങിയവർക്കുമേലാണ് സൽമാൻ ഖാന്റെ ലാൻഡ് ക്രൂസർ കാർ പാഞ്ഞുകയറിയത്. പുലർച്ചെ 2.45നുണ്ടായ അപകടത്തിൽ നൂറുളള ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്.

മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനും നാലു പേർക്കു പരുക്കേൽക്കാനും കാരണമായ കേസിൽ സെഷൻസ് കോടതി ജഡ്ജി ഡി.ഡബ്ള്യു. ദേശ്പാണ്ഡെയാണ് സൽമാന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചത്. സൽമാനെതിരെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ചും ലൈസൻസ് ഇല്ലാതെയും വാഹനമോടിക്കൽ, അപകടകരമായും അശ്രദ്ധമായും വാഹനമോടിക്കൽ എന്നിവയുൾപെടെയുള്ള കുറ്റങ്ങൾക്കായിരുന്നു ശിക്ഷ. ഈ വിധിയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞ് സൽമാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.