യുഎഇ രാഷ്ട്രപിതാവിനെക്കുറിച്ച് ഹോളിവുഡ് സിനിമ; സംവിധാനം ശേഖർ കപൂർ

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ച് ഹോളിവുഡിലെ പ്രശസ്തമായ എസ്ടിഎക്സ് ഫിലിംസ് സിനിമ നിർമിക്കുന്നു. ചരിത്രത്തിലിടം പിടിച്ചേക്കാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ ശേഖർ കപൂര്‍. ഷെയ്ഖ് സായിദിന്റെ നൂറാം ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം.

ചരിത്രം മാറ്റിമറിച്ച ഉജ്വല വ്യക്തിത്വമായിരുന്നു 1918 മേയ് ആറിനു ജനിച്ച ഷെയ്ഖ് സായിദ്. അദ്ദേഹത്തിൻ്റെ ഭരണകാലം  രാജ്യത്തിനു സമ്മാനിച്ചത് നേട്ടങ്ങളുടെ 'സപ്ത' വർണങ്ങൾ.  മീൻപിടിത്തവും മുത്തുവാരലുമായി കഴിഞ്ഞിരുന്ന അവികസിത രാജ്യത്തെ സൌഭാഗ്യങ്ങളുടെയും അദ്ഭുതങ്ങളുടെയും മടിത്തട്ടാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു.  അബുദാബിയുടെ ഭരണസാരഥ്യമേറ്റെടുത്ത 1966 ഓഗസ്റ്റ് ആറിനാണ് രാജ്യത്തിന്റെ  സുവര്‍ണചരിത്രത്തിനു തുടക്കം കുറിച്ചത്. 

അബുദാബിയിലെ  കിഴക്കന്‍ മേഖലയില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി 1946    മുതല്‍ 1966 വരെ പ്രവര്‍ത്തിച്ച ഷെയ്ഖ് സായിദിന്റെ ഭരണവൈദഗ്ധ്യമാണ്   തുടര്‍ന്നുള്ള പദവികളിലേക്ക് ആദ്ദേഹത്തെ നയിച്ചത്. 1971-2004 കാലഘട്ടത്തില്‍ യുഎഇയുടെ  പ്രസിഡന്റ് പദവി അലങ്കരിച്ചതോടെ സുവര്‍ണപാതയില്‍ രാജ്യം ബഹുദൂരം മുന്നേറി. അറബ് രാജ്യങ്ങള്‍ തമ്മില്‍ നിലനിന്ന ശത്രുത അവസാനിപ്പിക്കാനും ബന്ധങ്ങള്‍ ഊഷ്മളമാക്കാനും വികസനപദ്ധതികളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാനും അദ്ദേഹം മുൻകൈയെടുത്തു. 

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 1971ല്‍ അബുദാബി ഫണ്ട് ഫൊര്‍ ഡവലപ്‌മെന്റ് രൂപീകരിച്ചു. 1992ല്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനും നിലവില്‍ വന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കും മറ്റു ദുരിതബാധിതര്‍ക്കും യുഎഇയില്‍ നിന്ന് ഇന്നും സഹായം പ്രവഹിക്കുകയാണ്. ആധുനികതയ്‌ക്കൊപ്പം  ഹരിത പദ്ധതികളെയും   പ്രോല്‍സാഹിപ്പിച്ചു.  

ലോകരാജ്യങ്ങൾക്കു മുന്നിൽ വികസനത്തിന്റെ മാതൃകയാകാൻ യുഎഇക്കു കഴിഞ്ഞു. യുഎഇ മോഡൽ വികസനമാണ് വിവിധ അറബ് രാജ്യങ്ങൾ  യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. 

ഇൗ മഹാ വ്യക്തിത്വത്തെ ലോകത്തിന് കൂടുതൽ പരിചയപ്പെടുത്തുക എന്നതാണ് ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫീൽ പ്രറ്റി, അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട മോളീസ് ഗെയിംസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളാണീ കമ്പനി. ചമ്പൽ റാണി ഫൂലൻ ദേവിയുടെ ജീവിതകഥ പറഞ്ഞ ബണ്ടിറ്റ് ക്യൂൻ എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ സംവിധായകനാണ് ശേഖർ കപൂർ. എലിസബത്: ദ് ഗോൾഡൻ ഏജ് എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. ക്ലിഫ് ഡോഫ്മാനായിരിക്കും തിരക്കഥ ഒരുക്കുക. ഗാന്ധി, സെൽമ, ഡാർക് ഔവർ എന്നീ ചരിത്ര സിനിമകളുടെ ചുവടുപിടിച്ചുള്ളതായിരിക്കും ഇൗ ചിത്രമെന്ന്  എസ് ടിഎക്സ് ഫിലിംസ് ചെയർമാൻ ആദം ഫോഗൽസൺ പറഞ്ഞു.

ആരായിരിക്കും ഷെയ്ഖ് സായിദിനെ അവതരിപ്പിക്കുക, മറ്റു താരങ്ങളാരൊക്കെ, എവിടെയായിരിക്കും ചിത്രീകരണം തുടങ്ങിയ കാര്യങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇ സാംസ്കാരിക–വിജ്ഞാന വികസന മന്ത്രി നൂർ അൽ കഅബിയാണ് ചിത്രത്തേക്കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്.