പേടിക്കരുത്, ടീസര്‍ അവസാനം വരെ കാണണം; ദ് നൺ

ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും ഹിറ്റായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്. അതിഭീകരമായ മേക്ക്അപ്പും അഭിനയവും പ്രേക്ഷകരെ കൂടുതൽ പേടിപ്പിച്ചു.

കൺജറിങ് 2 വിലെ ഈ കന്യാസ്ത്രീയെ ആസ്പദമാക്കി ഹോളിവുഡിൽ പുതിയ ചിത്രം വരുന്നു. ദ് നൺ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ദയവ് ചെയ്ത് കണ്ണടയ്ക്കാതെ ടീസർ മുഴുവനായി കാണണമെന്നാണ് അണിയറപ്രവർത്തകരുടെ പരസ്യം.

കൺജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയിൽ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം.

ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് പ്രേതമായി വേഷമിടുന്നത് കൺജറിങ് 2വിലും ഇവർ തന്നെയായിരുന്നു. ടൈസ ഫർമിഗ, ഡെമിയൻ ബിചിർ, ഇൻഗ്രിഡ് ബിസു എന്നിവരാണ് മറ്റുതാരങ്ങൾ.കോറിൻ ഹാർഡിയാണ് സംവിധാനം.