മികച്ച നടനുൾപ്പടെ 12 നോമിനേഷനുമായി റെവെനന്റ്

ഡികാപ്രിയോ

മികച്ച ചിത്രത്തിനുള്ള മൽസരത്തിൽ മുൻനിരയിൽ. മികച്ച സംവിധായകൻ, മികച്ച നടൻ എന്നിവയ്ക്കായി ആഞ്ഞു ശ്രമം. ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബിൽ മൂന്നു പുരസ്കാരങ്ങളുമായി കത്തി നിന്ന ‘ദ് റെവെനന്റ്’ ഇതാ ഓസ്കർ പോരിനു തയാർ!

ഗോൾഡൻ ഗ്ലോബ് നേടിയ സംവിധായകൻ അലെയാന്ദ്രോ ഇനാരിറ്റുവും നായകൻ ലിയനഡോ ഡികാപ്രിയോയും ഓസ്കർ കൂടി സ്വന്തമാക്കിയാൽ ലോകം ഞെട്ടില്ല. അടിച്ചെടുത്താൽ, ഡികാപ്രിയോയുടെ അഭിനയജീവിതത്തിലെ ആദ്യത്തെ ഓസ്ർ കൂടിയാകുമത്.

‘മാഡ് മാക്സ്: ഫ്യൂറി റോഡ്’ പത്തു നാമനിർദേശങ്ങളുമായി തൊട്ടുപിന്നിലുണ്ട്. ഈ രണ്ടു ചിത്രങ്ങളും തമ്മിലാകും കനത്ത പോരാട്ടമെങ്കിലും മൽസരത്തിനുള്ള മറ്റ് ആറു ചിത്രങ്ങളെയും കണ്ടില്ലെന്നു നടിക്കാൻ വയ്യ– ദ് ബിഗ് ഷോർട്ട്, ബ്രിജ് ഓഫ് സ്പൈസ്, ബ്രൂക്ക്‌ലിൻ, ദ് മാർഷൻ, റൂം, സ്പോട്ട്‌ലൈറ്റ്. നാമനിർദേശപ്പട്ടികയിൽ പത്തു ചിത്രങ്ങൾക്കു വരെ ഇടമുണ്ടെങ്കിലും ഇത്തവണ എട്ടെണ്ണമേയുള്ളൂ.

പുതിയ സ്റ്റാർ വാർസ് പടം വരെ പുറത്തായി. റെവെനന്റിലെ പ്രകടനത്തിന് ടോം ഹാർഡിക്ക് മികച്ച സഹനടനുള്ള നാമനിർദേശമുണ്ട്. മികച്ച നടനുള്ള ഓസ്കറിനായി ഡികാപ്രിയോ മൽസരിക്കുന്നത് ബ്രയൻ ക്രാൻസ്റ്റൻ (ചിത്രം – ട്രംബോ), മാറ്റ് ഡാമൻ (ദ് മാർഷൻ), മൈക്കൽ ഫാസ്ബെൻഡർ (സ്റ്റീവ് ജോബ്സ്), എഡി റെഡ്മെയ്ൻ (ദ് ഗാനിഷ് ഗേൾ) എന്നിവരോടാണ്. ഗോൾഡൻ ഗ്ലോബ് നേട്ടത്തിന്റെ താരപ്രഭയിലുള്ള ബ്രീ ലാർസൺ മികച്ച നടിക്കുള്ള ഓസ്കറിനായി മൽസരിക്കുന്നത് കെയ്റ്റ് ബ്ലാൻഷെറ്റ് (ചിത്രം– കാരൾ), ജെനിഫർ ലോറെൻസ് (ജോയ്), ഷാർലറ്റ് റാംപ്ലിങ് (45 ഇയേഴ്സ്) സവോയിർസ് റൊനാൻ (ബ്രൂക്ക്‌ലിൻ) എന്നിവരോടും.

ഫെബ്രുവരി 28നാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാര പ്രഖ്യാപനം. ഹോളിവുഡി‍ൽ നടക്കുന്ന ചടങ്ങിൽ അവതാരകനാകുന്നത് നടൻ ക്രിസ് റോക്ക്.