നായ്ക്കളെ വിമാനത്തിൽ കടത്തിയ ഹോളിവുഡ് സുന്ദരി നിയമക്കുരുക്കിൽ

ആംപെർ ഹിയേർഡ്

നിയമം തെറ്റിച്ച് വളർത്തുനായ്ക്കളെ കടത്തിയതിന് കോടതി കയറേണ്ടി വന്നിരിക്കുകയാണ് നടൻ ജോണി ഡെപ്പിന്റെ ഭാര്യയും ഹോളിവുഡ് സുന്ദരിയുമായ ആംപെർ ഹിയേർഡിന്. ആസ്ട്രേലിയന്‍ സര്‍ക്കാരാണ് താരത്തിനെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.

ആംപെർ വളര്‍ത്തുന്ന രണ്ട് നായ്ക്കളെ നിയമംതെറ്റിച്ച് ആസ്ട്രേലിയയില്‍ കൊണ്ടു പോയ സംഭവമാണ് വിവാദമാകുന്നത്. കേസ് തെളിഞ്ഞാല്‍ താരത്തിന് 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

ഈ വർഷം ആദ്യമാണ് സംഭവം. ആംപെറിന്റെ പ്രൈവറ്റ് ജറ്റില്‍ ആണ് വളര്‍ത്തുനായ്ക്കളെ ആസ്ട്രേലിയയില്‍ കൊണ്ടു പോയത്. എന്നാല്‍ ഇതിനെക്കുറിച്ച് രാജ്യത്തെ അധികൃതരോട് വ്യക്തമാക്കാതിരുന്നതിനാലാണ് താരത്തിനെതിരെ നിയമപടിക്കൊരുങ്ങുന്നത്. ജോണി ഡെപ്പിന്റെ പുതിയ ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയൻ: ഡെഡ്മെൻ ടെൽ നോ ടെയ്ൽസിന്റെ ചിത്രീകരണം കാണാൻ എത്തിയതായിരുന്നു ആംപെർ.

ഈ കേസ് കോടതയില്‍ എത്തി കഴിഞ്ഞു. കേസിൽ ആംപെറിനെ വിചാരണക്ക് വിളിച്ചിട്ടുണ്ട്. കുറ്റംതെളിഞ്ഞാൽ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നാണ് ആസ്ട്രേലിയന്‍ സെനറ്റ് കമ്മിറ്റി അറിയിച്ചത്. അല്ലെങ്കില്‍ 172,000 ഡോളര്‍ പിഴയായി അടക്കേണ്ടി വരും. ആംപെറിന്റെ പൈലറ്റിനും രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചേക്കാം.