ഡി കാപ്രിയോയെ പിടിച്ചത് 51 വയസ്സുള്ള കരടി !

ഗ്ലെൻ എന്നിസ് കരടി വേഷത്തിൽ

കരടി കടിച്ചാൽ എന്തു കിട്ടും? ‘പണി കിട്ടും’ എന്നു തമാശയായി പറയാം. പക്ഷേ ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോയ്ക്ക് ഒരു കരടിക്കടി വഴി കിട്ടിയത് മികച്ച നടനുള്ള ഓസ്കർ പുരസ്കാരമാണ്.

‘ദ് റെവനന്റ്’ എന്ന ചിത്രത്തിൽ കണ്ട കൂറ്റനൊരു കരടിയുമൊത്തുള്ള ലിയനാഡോയുടെ സംഘട്ടനത്തിന്റെ ഞെട്ടൽ ഇപ്പോഴും പ്രേക്ഷകരിൽനിന്നു വിട്ടുമാറിയിട്ടുണ്ടാകില്ല. ലിയോയുടെ കഥാപാത്രമായ ഹ്യൂഗ് ഗ്ലാസിനെ ഒരു അമ്മക്കരടി ആക്രമിക്കുന്നതാണ് സംഭവം. തോക്കുമായി കാട്ടിൽ ചുറ്റിയടിക്കുന്ന ഹ്യൂഗ് തന്റെ മക്കളെ കൊല്ലാൻ വന്നതാണെന്ന ധാരണയിലായിരുന്നു ആക്രമണം. അപ്രതീക്ഷിതമായതിനാൽ ഒന്നു തിരിച്ചടിക്കാൻ പോലും ഹ്യൂഗ് ഗ്ലാസിന് പറ്റിയില്ല. തലങ്ങും വിലങ്ങും കരടി ആക്രമിച്ചു. അതിനിടെ മരിച്ചപോലെ കിടന്നുനോക്കി. അന്നേരം ഒന്നു മണത്തുനോക്കി കരടി തിരികെ പോയി. പക്ഷേ എന്തോ തോന്നി അതിനു നേരെ ഹ്യൂഗ് വെടിവച്ചു, അതോടെ ആ ഭീമൻ പൂർവാധികം ശക്തിയോടെ ആക്രമിച്ചു.

ഒടുവിൽ ഒരുവിധത്തിൽ രക്ഷപ്പെടുമ്പോൾ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലായിരുന്നു ഹ്യൂഗ്. വെറും രണ്ട് മിനിറ്റു നേരമേ ദൈർഘ്യമുള്ളൂവെങ്കിലും ‘ദ് റെവനന്റി’ന്റെ കഥാഗതിതന്നെ മാറ്റിമറിക്കുന്നത് ഈ രംഗമാണ്. കാനഡയിലെ കൊടുംകാടുകളിലൊന്നിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ രാജ്യത്താകട്ടെ വളർത്തുമൃഗങ്ങളെ ദ്രോഹിച്ചാൽത്തന്നെ ക്രിമിനൽ കുറ്റമാണ്. പിന്നെങ്ങനെ ഈ കരടിയെ ഷൂട്ടിങ്ങിനു കിട്ടി? ഉത്തരം ഒന്നേയുള്ളൂ– ആ കരടി ഒരു സങ്കൽപം മാത്രമായിരുന്നു...

കരടിക്കടി ‘ഒറിജിനൽ’ േവണം...

സ്റ്റാർവാർസ്, സ്പൈഡർമാൻ, ഹാരിപോട്ടർ, അവതാർ തുടങ്ങിയ ചിത്രങ്ങൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ അമേരിക്കൻ കമ്പനി ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കിന് (ഐഎൽഎം) ആയിരുന്നു റെവനന്റിന്റെ വിഎഫ്എക്സ് ചുമതല. സംവിധായകൻ അലഹാന്ദ്രോ ഇനാരിറ്റു ആദ്യമേ പറഞ്ഞു–സ്റ്റുഡിയോയിലല്ല, ഒറിജിനൽ കൊടുംകാട്ടിലാണ് ഷൂട്ടിങ്. മരങ്ങൾക്കിടയിൽവച്ച് ഒരു മനുഷ്യനെ കരടി ആക്രമിക്കുന്നത് എങ്ങനെയാണോ അത് അതേപടി കിട്ടിയേ പറ്റൂ...

കരടിയെ പിടിക്കാൻ...

റിച്ചാർഡ് മക്ബ്രൈഡിന്റെ നേതൃത്വത്തിലുള്ള വിഎഫ്എക്സ് സംഘം ആദ്യം പോയത് യഥാർഥ കരടിയാക്രമണങ്ങളെക്കുറിച്ചുള്ള പുസ്തകമെഴുതി പ്രശസ്തനായ സ്കോട്ട് മക്മില്യൻ എന്ന എഴുത്തുകാരന്റെ അടുത്തേക്ക്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം വിശദീകരിച്ചുകൊടുത്തു. തൊട്ടടുത്ത ലക്ഷ്യം സ്വിറ്റ്സർലൻഡിലെ ബേണിലുള്ള കരടിപ്പാർക്കിലേക്ക് അതിക്രമിച്ചുകയറിയ ആളെ കരടി ആക്രമിക്കുന്ന ഒറിജിനൽ വിഡിയോയായിരുന്നു (ഇത് ഇന്റർനെറ്റിൽ ലഭ്യമാണ്). ഒരൊറ്റ ഷോട്ടിലെടുത്ത ആ കാഴ്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഇമ്മാനുവൽ ലുബെസ്കിക്കൊപ്പമിരുന്നായിരുന്നു സംഘം കണ്ടത്.

ദേ, ഇതാണാ കരടി...

ലിയോയെ ആക്രമിച്ച കരടിയെ കണ്ടാൽ പേടിച്ചുനിലവിളിക്കുമെങ്കിലും ആ കരടിയായി വേഷമിട്ട കക്ഷിയെ കണ്ടാൽ ചിരിച്ചുപോകും. വലിയൊരു നീല കരടിക്കുപ്പായവുമിട്ട്, കരടിയുടെ മുഖംമൂടിയുംവച്ച് ലിയോയെ ‘ആക്രമിച്ചത്’ ഗ്ലെൻ എന്നിസ് എന്ന സ്റ്റണ്ട് ആക്ടറാണ്. അൻപത്തിയൊന്നുകാരനായ ഗ്ലെന്നിന് നേരത്തേ ഒരു ചിത്രത്തിനുവേണ്ടി തീയുടെ ഉള്ളിൽവരെ കയറിനിൽക്കേണ്ടി വന്നിട്ടുണ്ട്. കാട്ടിൽ, കനത്ത മഞ്ഞിൽ കൂറ്റൻ ഉടുപ്പുമിട്ട് ഒട്ടേറെ റിഹേഴ്സലുകളും റീടേക്കുകളുമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

കരടി വലിച്ചുനീക്കുന്ന ഇഫക്ടിനു വേണ്ടി ലിയോയുടെ തലയിലും കാലിലുമെല്ലാം ചരടുകൾ കെട്ടിയിരുന്നു. അതിൽ പിടിച്ചു തലങ്ങും വിലങ്ങും വലിച്ചു നീക്കുകയായിരുന്നു ഗ്ലെൻ. ഗ്ലെന്നാകട്ടെ നേരത്തേതന്നെ ഒറിജിനൽ കരടിയാക്രമണങ്ങളുടെ വിഡിയോ കണ്ടുപഠിച്ചിരുന്നു. കുറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവിൽ കരടിയാക്രമണം കസറിയെന്നുപറഞ്ഞ് ഇനാരിറ്റു കൈകൊടുത്തപ്പോൾ ഗ്ലെന്നിന്റെയും മനസ്സുനിറഞ്ഞു. ഗ്ലെന്നിന്റെ നീലക്കരടിയുടെ സ്ഥാനത്ത് വിഎഫ്എക്സ് സംഘം തയാറാക്കിയ സിജിഐ കരടിയെ (കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറി) വരച്ചുചേർത്തതോടെ ഒറിജിനലിനെയും വെല്ലുന്ന മനുഷ്യ–മൃഗ സംഘട്ടനമാണ് സ്ക്രീനിലെത്തിയത്. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കർ നോമിനേഷനും ചിത്രത്തിനു ലഭിച്ചു.