തിക്കിലും തിരക്കിലുംപെട്ട ആറ് വയസുകാരിയെ രക്ഷിച്ച ബ്രാഡ് പിറ്റ്

സിനിമാചിത്രീകരണം നടക്കുമ്പോൾ താരങ്ങളെ കാണാൻ ആരാധകർ തടിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്. ചില താരങ്ങൾ കാണികളെ കൈ വീശികാണിക്കും മറ്റുചിലര്‍ അടുത്തെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യും വേറെ ചിലർ ഇവരെ കണ്ടില്ലെന്ന് നടിക്കും.

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റിന്റെ പുതിയ സിനിമയുടെ ചിത്രീകരണം സ്പെയ്നിൽ നടക്കുന്നു. അലൈഡ് എന്ന സിനിമയുടെ ചിത്രീകരണമാണ് ലാസ് പാമാസില്‍ നടക്കുന്നത്. ഇഷ്ടതാരത്തെ കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.

ചിത്രീകരണത്തിന്റെ ഇടവേളിയിൽ ആരാധകരെ കാണാനും ബ്രാഡ് പിറ്റ് സമയം കണ്ടെത്തി. എന്നാൽ പെട്ടന്നാണ് ആരാധകരുടെ ഇടയിൽ വിഷമിച്ച് നിൽക്കുന്ന കൊച്ചുപെൺകുട്ടിയെ താരം കാണാനിടയായത്. തിക്കിലും തിരക്കിലും ആ പെണ്‍കുട്ടി വിഷമിച്ചിരിക്കുകയാണ്. തുടര്‍ന്ന് പെണ്‍കുട്ടിയെ ബാരിക്കേഡിന് ഇപ്പുറത്ത് എത്തിക്കാന്‍ അദ്ദേഹം തന്റെ ബോഡി ഗാര്‍ഡുകളോട് ആവശ്യപ്പെട്ടു.

നടനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് മാതാപിതാക്കളെ കാണാതെ വിഷമിക്കുകയായിരുന്നു ആ കൊച്ചുകുട്ടി. നടന്റെ നേതൃത്വത്തിൽ തിരക്കില്‍നിന്ന് രക്ഷിതാക്കളെ കണ്ടെത്തി പിന്നീട് കുട്ടിയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.