പരമ്പരക്കൊലയാളിയുടെ കഥയുമായി സ്കോർസസും ഡി കാപ്രിയോയും വീണ്ടും

മാർട്ടിൻ സ്കോർസസും ലിയനാർഡോ ഡി കാപ്രിയോയും വീണ്ടും ഒരുമിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയെ നടുക്കിയ ഒരു പരമ്പരക്കൊലയാളിയുടെ ഞെട്ടിപ്പിക്കുന്ന കഥയാണ് ഇരുവരും ചേർന്നു സാഷാത്കരിക്കുക. സിനിമയുടെ പേര് ദ് ഡെവിൾ ഇൻ ദ് വൈറ്റ് സിറ്റി.

എറിക് ലാർസനിന്റെ ബെസ്റ്റ് സെല്ലറായ ദ് ഡെവിൾ ഇൻ ദ് വൈറ്റ് സിറ്റി: മർഡർ, മാജിക്, മാഡ്നസ് അറ്റ് ദ് ഫെയർ ദാറ്റ് ചെയ്ഞ്ചഡ് അമേരിക്ക എന്ന കൃതിയെ ആധാരമാക്കിയാണു സിനിമയെടുക്കുക. 2003ലിറങ്ങിയ പുസ്തകം സിനിമയാക്കാൻ കഴിഞ്ഞ ഒരു ദശകമായി പലരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടോം ക്രൂസ് പുസ്തകത്തിന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഡി കാപ്രിയ അഞ്ചുവർഷം മുൻപ് അതു സ്വന്തമാക്കുകയായിരുന്നു. കാപ്രിയയെ വച്ചു സിനിമ നിർമിക്കാനുള്ള അവകാശത്തിനായി മുന്നിട്ടിറങ്ങിയതു അഞ്ചു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളാണ്. ഒടുവിൽ പാരമൗണ്ടിനാണ് അവസരം ലഭിച്ചത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പരമ്പരക്കൊലയാളി ഡോ. എച്ച്.എച്ച്.ഹോംസാണു കഥാനായകൻ. മിഷിഗാൻ മെഡിക്കൽ സ്കൂളിൽ നിന്നും ബിരുദം നേടിയ ഹോംസ് ഷിക്കാഗോയിലെ വേൾഡ്സ് ഫെയർ ഹോട്ടൽ ഒരു കശാപ്പുശാലയാക്കി മാറ്റി. ഹോട്ടലിലേക്ക് ആകർഷിച്ചുകൊണ്ടു വരുന്ന പെൺകുട്ടികളെ വെട്ടിനുറുക്കലായിരുന്നു ഡോക്ടറുടെ വിനോദം. ഇരുന്നൂറോളം പേർ ഇങ്ങനെ കൊല്ലപ്പെട്ടതായാണു കണക്ക്. മൃതദേഹങ്ങൾ നശിപ്പിക്കാൻ ഒരു ഗ്യാസ് ചേംബറും ഹോട്ടലിനകം ഒരുക്കിയിരുന്നു.

ഈ ഭീകരകൊലയാളിയുടെ വേഷത്തിലാണു ഡി കാപ്രിയോ അഭിനയിക്കുക. ക്യാപ്റ്റൻ ഫിലിപ്സ് സിനിമയ്ക്കു തിരക്കഥയെഴുതിയ ബില്ലി റേയാണ് ഈ സിനിമയ്ക്കും എഴുതുക. അഞ്ചു മാർട്ടിൻ സ്കോർസസ് പടങ്ങളിൽ ഡി കാപ്രിയോ അഭിനയിച്ചിട്ടുണ്ട്. ദ് വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് ഓസ്കർ നാമനിർദേശം നേടിയിരുന്നു.