താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടൻ

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ. എന്നാല്‍ താനൊരു ഗേ അല്ലെന്നും അങ്ങനെ ആർക്കൊപ്പവും അന്തിയുറങ്ങിയിട്ടില്ലെന്നും ജെയിംസ് പറയുന്നു. ന്യൂയോര്‍ക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസിന്റെ വെളിപ്പെടുത്തല്‍. ഒട്ടനവധി ചിത്രങ്ങളിൽ ജെയിംസ് ഗേ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകളില്‍ അധികവും അവതരിപ്പിച്ചത് ഗേ കഥാപാത്രങ്ങളെയാണ്. ഒരു പക്ഷേ ആ കഥാപാത്രങ്ങള്‍ തന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ടാകാം. ഗേ ചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ടുതന്നെ പലര്‍ക്കും അറിയേണ്ടത് തന്റെ ലൈംഗികതയെക്കുറിച്ചാണ്. ചിലര്‍ അത് തന്നോട് തുറന്നു ചോദിക്കാറുമുണ്ട്. താന്‍ ആരുടെ കൂടെയാണ് അന്തിയുറങ്ങുന്നത് തുടങ്ങിയ കാര്യങ്ങളാണ് പലര്‍ക്കും അറിയേണ്ടത്.

സെലിബ്രിറ്റിയായതുകൊണ്ടാവാം വിഷയത്തെ ഇത്രയും പ്രാധാന്യത്തോടെ മറ്റുള്ളവർ നോക്കി കാണുന്നത്. താന്‍ തുറന്ന മനസോടെയാണ് ചോദ്യങ്ങളെ നേരിടുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലെന്നും ജെയിംസ് പറഞ്ഞു.

ജെയിംസ് ഫ്രാങ്കോ ഗേയായി വേഷമിട്ട ‘മില്‍ക്ക് ആന്റ് ഐ ആം മൈക്കിള്‍’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016 ല്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം കിങ് കോബ്രയുടെ പ്രേമയവും ഗേ വിഷയം തന്നെയാണ്.