ഇത്തവണ നമ്മള്‍ ആദ്യം കാണും; ജംഗിൾബുക്ക്

ദൂരദർശൻ മാത്രമുള്ള കാലത്തു കുട്ടികൾ കാത്തിരുന്നു കണ്ട പരമ്പരയായിരുന്നു ജംഗിൾ ബുക്ക്. ഒരു തലമുറയിലെ കുട്ടികളുടെ പ്രിയഗാനങ്ങളിലൊന്നായിരുന്നു ജംഗിൾബുക്കിന്റെ അവതരണ ഗാനം.

‘ചെപ്പടി കുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ... ചെന്നായ മമ്മി അങ്കിൾ ബഗീരേം തേടുന്നു നിന്നെ കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു ...എന്ന വരികൾ അന്നു കുട്ടികൾക്കു കാണാപാഠമായിരുന്നു.

ചെറുപ്പത്തിന്റെ ഹാങ്ഒാവറില്‍ നില്‍ക്കുന്ന തലമുറയുടെ നൊസ്റ്റാള്‍ജിയക്ക് ഹരം പകരുന്ന ചില ഓര്‍മകള്‍. അതിലൊന്നാണ് ദൂരദര്‍ശന്‍ ടിവിയില്‍ കണ്ടിരുന്ന ജംഗിള്‍ ബുക്ക്. മൌഗി, ബഗീര, ബാലു, അകേല തുടങ്ങി ദുഷ്ടനായ ഷേര്‍ഖാനെ വരെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.

ഇതാ മൗഗ്ളിയും ബഗീരയും ഷേർഖാനും ബാലു കരടിയുമെല്ലാം ബിഗ് സ്ക്രീനിലെത്തുന്നു. മൗഗ്ളിയായി വേഷമിടുന്നതു ഇന്ത്യയിൽ കുടുംബവേരുകളുള്ള നീൽ സേഥിയാണ്. രണ്ടായിരം പേരിൽ നിന്നാണു 12 വയസുകാരനായ നീലിനെ മൗഗ്ളിയുടെ വേഷത്തിലേക്കു തിരഞ്ഞെടുത്തത്.

1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്. വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്. വാള്‍ട് ഡിസ്നി അനിമേഷന്‍ സീരീസിലെ 19ാമത്തെ ചിത്രമായിരുന്നു ഇത്. അതു മാത്രമല്ല വാള്‍ട് ഡിസ്നിയുടെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്.

അന്ന് ആ ചിത്രം വന്‍വിജയമായിരുന്നു. കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൌഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നല്‍കി ആ കുഞ്ഞിനെ വളര്‍ത്തിയത്. കാട്ടിലെ നിയമവും വേട്ടയാടലും പഠിച്ചു. മൃഗങ്ങളുടെ പോരാട്ടത്തിന്റെയും പകയുടെയും കഥ പറയുകയാണ് ജംഗിള്‍ബുക്ക്. ഇന്ത്യയിലെ കാടുകളായിരുന്നു പശ്ചാത്തലം

ആ ചിത്രത്തിലെ മൗഗ്ളിയോടു ഏറെ സാമ്യമുള്ള ബാലനെ തേടിയുള്ള അന്വേഷണമാണു നീലിൽ അവസാനിച്ചത്. ലോക റിലീസിനു മുൻപാണ് ഇത്തവണ ജംഗിൾ ബുക്ക് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ന്യൂയോര്‍ക്കില്‍ ജനിച്ച ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് മൗഗ്ലിയായി എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവര്‍ പ്രശസ്തരാണ്. ഇഡ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കുക. ബഗീരക്കരടിയായി ശബ്ദം നല്‍കി ബെന്‍ കിങ്ങ്സിലിയും കാ പെരുന്പാന്പിന് സ്കാര്‍ലറ്റ് ജൊഹാന്‍സണും സിനിമയ്ക്ക് മാറ്റുകൂട്ടും.

സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിള്‍ ബുക്ക്. ബ്രിട്ടീഷുകാരന്‍ ലോക്വുഡ് കിപ്ളിംഗിന്റെയും ആലീസ് മക്ഡൊണാള്‍ഡിന്റെയും മകനായി 1865-ല്‍ ബോംബെയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്ളിംഗ് ആണ് ജംഗിള്‍ ബുക്ക് എന്ന പേരില്‍ മൌഗിയുടെ അമ്പരപ്പിക്കുന്ന ജീവിതം എഴുതിയത്.

അവതാറിനു ശേഷം ഫോട്ടോ റിയലിസ്റ്റിക് അനിമേഷൻ സങ്കേതം ഉപയോഗിക്കുന്ന ചിത്രമാണു ജംഗിൾ ബുക്ക്. ചിത്രത്തിന്റെ നിലവാരം ഉറപ്പാക്കാൻ കേരളത്തിൽ ടു കെ പ്രൊജക്‌ഷൻ സംവിധാനമുള്ള തിയറ്ററുകളിൽ മാത്രമായിരിക്കും ജംഗിൾ ബുക്ക് റിലീസ് ചെയ്യുക. ഏപ്രിൽ എട്ടിന് ചിത്രം റിലീസിനെത്തും.