ശവങ്ങൾക്കൊപ്പം ഉറങ്ങി ഡി കാപ്രിയോ

ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡി കാപ്രിയോ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽവച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമാണ് ദ് റെവണന്റ് എന്ന ചിത്രത്തിലേത്. സിനിമയിലെ കഥാപാത്രത്തിന് പൂർണത ലഭിക്കുന്നതിന് ചത്ത മൃഗങ്ങൾക്കൊപ്പം വരെ അദ്ദേഹം കിടന്നുറങ്ങി.

മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ബേഡ് മാന്‍ എന്ന ചിത്രത്തിന് ശേഷം അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് റെവണന്‍റ്. 19ാം നൂറ്റാണ്ടിലെ ഒരു യഥാർഥകഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. 1820കളിലെ അമേരിക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം പറയുന്ന ചിത്രം ലിയനാര്‍ഡോക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.

ഒരു നായാട്ടിനിടെ കരടിയുടെ ആക്രമത്തിനിരയായി പരുക്കേൽക്കുകയും പിന്നീട് മരം കോച്ചുന്ന തണുപ്പില്‍ കൂട്ടുകാരാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു മനുഷ്യന്റെ അതിജീവനമാണ് ചിത്രം പറയുന്നത്.

അതി കഠിനമായ തണുപ്പുള്ള കാടുകളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയിലെ 30, 40 സീക്വൻസുകൾ തന്റെ സിനിമാജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് കാണിച്ചുതരുമെന്ന് കാപ്രിയോ പറയുന്നു.

ജീര്‍ണ്ണിച്ചുതുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉറങ്ങിയും കാട്ടുപോത്തിന്റെ മാംസവും കരളും പച്ചക്കു കഴിച്ചും മഞ്ഞുറഞ്ഞുകിടക്കുന്ന നദികളിലൂടെ നീന്തിയുമൊക്കെയാണ് ലിയനാര്‍ഡോ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

കൊടുംകാടുകളില്‍ ദുഷ്കരമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. വളരെ അപകടം നിറഞ്ഞതായതിനാൽ പലരും ഇടക്ക് വെച്ച് പണി നിര്‍ത്തി പോയി. നാല്‍പ്പതുകാരനായ ഡി കാപ്രിയോക്ക് ഈ ചിത്രത്തിലൂടെ ആദ്യ ഓസ്‌കര്‍ പുരസ്ക്കാരം ലഭിക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

ടോം ഹാര്‍ഡി മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. വെസ്റ്റേണ്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം മൈക്കല്‍ പങ്ക് ഇതേപേരില്‍ എഴുതിയ നോവലിനെ ആധാരമാക്കി എടുത്തിരിക്കുന്നതാണ്. ഗ്രാവിറ്റി , ബേഡ്മാന്‍ തുടങ്ങിയ ഇനാരിറ്റൊ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഇമ്മാനുവല്‍ ലുബെസ്കി തന്നെയാണ് റെവണന്‍റിന്‍റെയും ഛായാഗ്രാഹകന്‍.

ദ് വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന മാര്‍ട്ടിന്‍ സ്കോര്‍സസെ ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായി എത്തുന്ന ചിത്രം. ദ് വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു. നഷ്ടമായ ഓസ്കര്‍ റെവണന്‍റിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.