കൺജറിങ് 2 കണ്ട് ഞെട്ടാത്തവർക്കായി ലൈറ്റ്സ് ഔട്ട്

ഹോളിവുഡിൽ നിന്ന് പുതിയൊരു പ്രേതചിത്രം കൂടി തിയറ്ററുകളിലെത്തിയിരിക്കുന്നു. ലൈറ്റ്സ് ഔട്ട് എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തകാലത്തിറങ്ങി ഏറ്റവും കൂടുതൽ പേടിപ്പിച്ച കൺജറിങ് പരമ്പരയിലെ രണ്ടാം ഭാഗം പ്രേക്ഷകരിൽ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്.

കൺജറിങ് 2 കണ്ട് പേടിക്കാത്തവർ ലൈറ്റ്സ് ഔട്ട് കണ്ടാൽ ഞെട്ടിവിറക്കുമെന്നാണ് റിപ്പോർട്ട്. പ്രകാശത്തിൽ പ്രത്യക്ഷപ്പെടാതെ ഇരുട്ടിൽ മാത്രം വരുന്ന ദുരാത്മാവ് ആണ് ലൈറ്റ്സ് ഔട്ടിലെ പ്രേതം.

വാര്‍ണര്‍ സഹോദരങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ഡേവിഡ് എഫ് സാന്‍ഡ്ബര്‍ഗാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അവതരണരീതിയാണ് മറ്റു ഹൊറർ ചിത്രങ്ങളിൽ നിന്ന് ലൈറ്റ്സ് ഔട്ടിനെ വ്യത്യസ്തമാക്കുന്നത്.

2014ൽ പുറത്തിറങ്ങിയ ലൈറ്റ്സ് ഔട്ട് എന്ന രണ്ടുമിനിട്ട് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് ഈ സിനിമയ്ക്ക് ആധാരം. ഡേവിഡ് തന്നെയാണ് ഈ ഹ്രസ്വചിത്രവും സംവിധാനം ചെയ്തത്. തെരേസ പാല്‍മര്‍, ഗബ്രിയേല്‍ ബാറ്റ്സ്മേന്‍, അലക്‌സാണ്ടര്‍ ഡി. പെര്‍ഡിയ, ബില്ലി ബ്യൂറക്, മരിയാ ബെല്ലോ, ഇല്ലൈലേ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.