ജേസൺ ബോൺ കിടിലൻ ടീസർ

മാട്ട് ഡാമണ്‍ നായകനായി എത്തുന്ന ബോൺ സീരീസിലെ അഞ്ചാമത്തെ ചിത്രം ടീസർ പുറത്തിറങ്ങി. ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളുടെ കണക്കെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ബോൺ സീരീസിലെ ബോൺ ഐഡന്റിറ്റി (2002), ബോൺ സൂപ്രമസി (2004), ബോൺ അൾട്ടിമേറ്റം (2007). മാട്ട് ഡാമൺ നായകനായെത്തിയ ഈ മൂന്ന് ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രത്തെ പോലും വെല്ലുന്നതായിരുന്നു മാട്ട് ഡാമൺ അവതരിപ്പിച്ച ജേസൺ ബോൺ എന്ന നായകവേഷം.

2012ൽ ബോൺ ലെഗസി എന്ന പേരിൽ ചിത്രത്തിന്റെ നാലാം ഭാഗവും പുറത്തിറങ്ങിയപ്പോൾ ജേസൺ ബോണിനെമാറ്റി ആരോൺ ക്രോസ് എന്ന കഥാപാത്രത്തെയാണ് അണിയറപ്രവർത്തകർ നായകനാക്കിയത്. ജെറമി റെന്നർ ആണ് ചിത്രത്തിൽ ആരോൺ ക്രോസിനെ അവതരിപ്പിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ജേസൺ ബോണില്ലാതെ എന്ത് ബോൺ സീരീസ്... ഈ വീണ്ടുവിചാരം യൂണിവേഴ്സൽ സ്റ്റുഡിയോ അംഗങ്ങൾക്ക് ഉണ്ടായതു കൊണ്ടാവാം മാട്ട് ഡാമണെ ഇവർ വീണ്ടും തിരികെ കൊണ്ടുവന്നത്. ബോൺ സീരീസിന്റെ പുതിയ ഭാഗം പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്തതുകൊണ്ടു മാത്രമാണ് ഡാമൺ തിരിച്ചെത്തിയത്. ടോമി ലീ ജോൺസ് ആണ് ചിത്രത്തിലെ പുതിയ അംഗം.

ബോൺ സൂപ്രമസി, ബോൺ അൾട്ടിമേറ്റം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് പോൾ ഗ്രീൻഗ്രാസ്സ് ആണ്. കൂടാതെ മാട്ട് ഡാമണെ തന്നെ നായകനാക്കി 2010ൽ ഗ്രീൻ സോൺ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.

വാൽക്കഷ്ണം: റോബർട്ട് ലുഡ്ലം 1980 ൽ എഴുതിയ അമേരിക്കൻ സ്പൈ ഫിക്ഷൻ ത്രില്ലർ നോവലാണ് ബോൺ സീരീസ്. നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1989ൽ ഉലകാനായകൻ കമൽ ഹാസൻ ഇതിന്റെ ചലച്ചിത്രാവിഷ്കാരം പുറത്തിറക്കി. വെട്രി വിഴ എന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. പിന്നീട് 13 വർഷങ്ങൾക്ക് ശേഷമാണ് ഹോളിവുഡ് ബിഗ് സ്ക്രീനിൽ ബോൺ ഐഡന്റിറ്റി എത്തുന്നത്.