ലിംഗവിവേചനത്തിനെതിരെ നടിമാർ രംഗത്ത്

മെറിൽ സ്ട്രീപ്

ഹോളിവുഡിൽ തുല്യപ്രതിഫലത്തിനായി ശബ്ദമുയർത്തി നടികൾ രംഗത്ത്. ലോകത്തെമ്പാടും സിനിമാ–വിനോദവ്യവസായരംഗത്തു നടനു കൊടുക്കുന്ന പ്രതിഫലത്തിന്റ നാലിലൊന്നുപോലും നടിക്കു കൊടുക്കാറില്ല. ഹോളിവുഡിലും ഇതു തന്നെ സ്ഥിതി. ഇത് വിവേചനമാണെന്ന് അറിയാമെങ്കിലും സാരമില്ല പോട്ടെ എന്നായിരുന്നു ഇത്രകാലം. എന്നാൽ എല്ലാ കാലവും നടിമാർ വായ് മൂടി നടക്കുമെന്നു കരുതിയോ? കഴിഞ്ഞദിവസം ഒരു പൊതുചടങ്ങിൽ ഹോളിവുഡിലെ മുതിർന്ന നടിയായ മെറിൽ സ്ട്രീപ് തുറന്നടിച്ചു: ഒരേ പ്രതിഭയും കഴിവുമുള്ളവർ ഒരേ ജോലി ചെയ്യുമ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിലെ ലിംഗവിവേചനം ക്രിമിനൽ കുറ്റമാണ്. വെറൈറ്റി മാഗസിൻ സംഘടിപ്പിച്ച സ്ത്രീ ശക്തി പരിപാടിയിലാണു മെറിൽ സ്ട്രീപ് തുല്യാവകാശത്തിനു വേണ്ടി വാദിച്ചത്. ഓപ്ര വിൻഫ്രി, അന്ന കെന്ദ്രിക്, യൂ ട്യൂബ് സിഇഒ സൂസൻ വോജിസ്കി എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ ചർച്ച ലിംഗസമത്വത്തിലേക്ക് എത്തുകയായിരുന്നു. അറുപത്തിയാറുകാരിയായ മെറിൽ സ്ട്രീപിനു പിന്തുണയുമായി ഹോളിവുഡിലെ മറ്റ് നടിമാർ കൂടി രംഗത്തെത്തിയതോടെ ചർച്ച ചൂടായി.

‘സ്ത്രീയും പുരുഷനും തുല്യരാണ്. ഇത് സിനിമാവ്യവസായത്തിലും പ്രതിഫലിക്കണം. ഹോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആദ്യത്തെ അഞ്ചുപേരിൽ ഒരു സ്ത്രീ പോലുമില്ല. പ്രതിഫലത്തിലുള്ള വിവേചനം മൂലമാണിത്. അതിനാൽ തുല്യതയ്ക്കായുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്ന് മെറിൽ സ്ട്രീപ് നടിമാരെ ആഹ്വാനം ചെയ്തു, 2007-2014നുമിടയിലിറങ്ങിയ ഹിറ്റ്സിനിമകളെ സംബന്ധിച്ചു യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോണിയ നടത്തിയ പഠനത്തിൽ ലിംഗവിവേചനത്തിന്റെ കണക്കുകൾ പുറത്തുകൊണ്ടുവന്നു. പണം മുടക്കി സിനിമ കാണുന്നവരിൽ പകുതിയിലേറെയും സ്ത്രീകളാണെങ്കിലും സിനിമ വ്യവസായത്തിൽ സ്ത്രീപ്രാതിനിധ്യം നിസാരം. സിനിമയിലാകട്ടെ കൂടുതൽ വേഷങ്ങളും രംഗങ്ങളും വെളളക്കാരായ നടൻമാർക്കു മാത്രം. ക്ലോസപ് ദൃശ്യങ്ങളിൽപോലും പുരുഷൻമാർക്കാണു മുൻഗണന. ആകെ സംഭാഷണങ്ങളിൽ സ്ത്രീകൾക്കു ലഭിക്കുന്നതു മൂന്നിലൊന്നു മാത്രം. 2014ൽ സാമ്പത്തികവിജയം നേടിയ 100 സിനിമകളിൽ സ്ത്രീകൾ മുഖ്യവേഷത്തിലെത്തിയ സിനിമകൾ 21 മാത്രം. 45 വയസിനു മുകളിലുള്ള നടിമാർ എത്ര മികച്ചവരായാലും വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞവർഷം 45 വയസ് കഴിഞ്ഞ നടിമാർ മുഖ്യവേഷത്തിലെത്തിയ ഒരു സിനിമ പോലുമിറങ്ങിയില്ല. 2014ൽ വനിത സംവിധായകരുടേത് രണ്ടു സിനിമകൾ മാത്രം.

രണ്ടുവർഷം മികച്ച നടിക്കുള്ള ഓസ്കർ നേടിയ ഹിലാരി സ്വാങ്ക് പറഞ്ഞത്, തനിക്കു തരുന്നതിലും പത്തിരട്ടി പ്രതിഫലമാണു തനിക്കൊപ്പം അഭിനയിക്കുന്ന നടൻ വാങ്ങുന്നതെന്നാണ്.

പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരു ഉദാഹരണമെടുത്താൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ പോയ വർഷങ്ങളിലൊന്നിൽ ഒന്നാമതെത്തിയ ഏഞ്ചലീന ജോളിയുടെ പ്രതിഫലം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ വരുന്ന നടൻമാർക്കു തുല്യമാണ്.

ഹോളിവുഡിലെ ലൈംഗികചൂഷണം സംബന്ധിച്ച പരാതികളും കുറവല്ല. 90കളിൽ താൻ കിസ് ദ് ഗേൾസ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയപ്പോൾ പ്രമുഖ സ്റ്റുഡിയോയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നോട് ആഭാസകരമായി പെരുമാറിയതായി നടി ആഷ്‌ലി ജൂഡ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. നിയമവിരുദ്ധവും തെറ്റായതുമായ അയാളുടെ പ്രവൃത്തിക്കെതിരെ അന്നു പ്രതികരിക്കാതിരുന്നതു തെറ്റായിപ്പോയെന്നും സമാന അനുഭവം മറ്റു പല നടികൾക്കും ഇതേ വ്യക്തിയിൽനിന്നുണ്ടായതായി തനിക്കു മനസിലാക്കാൻ സാധിച്ചതായും നടി വെളിപ്പെടുത്തി.