ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററിയ്ക്ക് ഓസ്‌കര്‍ ലഭിക്കണം: മെറില്‍ സ്ട്രീപ്

ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട ‘നിര്‍ഭയയുടെ (ജ്യോതി സിങ് പാണ്ഡെ) കഥ പറയുന്ന ഇന്ത്യാസ് ഡോട്ടറിന് ഓസ്‌കാര്‍ അര്‍ഹതയുണ്ടെന്ന് ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്. ഡോക്യുമെന്ററി കണ്ട ശേഷം സംവിധായികയോട് സംസാരിക്കുകയായിരുന്നു മെറില്‍. ഈ ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യാസ് ഡോട്ടറിന് പൂര്‍ണ അര്‍ഹതയുണ്ടെന്നും താന്‍ അതിന്റെ കാമ്പയിനുമായി മുന്നോട്ടു പോകുമെന്നും മെറില്‍ സ്ട്രീപ് പറഞ്ഞു. ആദ്യമായി ഈ ചിത്രം കണ്ടപ്പോള്‍ ശബ്ദിക്കാനാവാതെ മരവിച്ചിരുന്നു പോയെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്വിനാണ് ഇന്ത്യാസ് ഡോട്ടര്‍ സംവിധാനം ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, പൊലീസുകാര്‍, അഭിഭാഷകര്‍ തുടങ്ങി പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിനെ വരെ നേരിട്ട് കണ്ട് കൂടിക്കാഴ്ച നടത്തിയാണ് ഉഡ്‌വിന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്. പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് കാരണമെന്ന മുകേഷ് സിംഗിന്റെ പ്രതികരണം രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. യൂട്യൂബിലൂടെ പുറത്തു വന്ന വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. സിനിമ കഴിഞ്ഞു വരികയായിരുന്ന ജ്യോതിയും സുഹൃത്തും കയറിയ ബസില്‍ വെച്ച് ആറു പേരടങ്ങിയ സംഘം ക്രൂരമായി ബലാല്‍സംഘം ചെയ്യുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.